137 ബാബിലോൺനദികളുടെ തീരത്ത്+ ഞങ്ങൾ ഇരുന്നു.
സീയോനെക്കുറിച്ച് ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.+
2 അവളുടെ നടുവിലെ വെള്ളില മരങ്ങളിൽ
ഞങ്ങൾ കിന്നരങ്ങൾ തൂക്കിയിട്ടു.+
3 കാരണം, ഞങ്ങളെ ബന്ദികളാക്കിയവർ അവിടെവെച്ച്
ഞങ്ങളോടു പാട്ടു പാടാൻ ആവശ്യപ്പെട്ടു.+
ഞങ്ങളെ കളിയാക്കിയവർ നേരമ്പോക്കിനുവേണ്ടി ഞങ്ങളോട്,
“ഒരു സീയോൻഗീതം പാടിക്കേൾപ്പിക്ക്” എന്നു പറഞ്ഞു.
4 ഒരു അന്യനാട്ടിൽ ഞങ്ങൾ എങ്ങനെ
യഹോവയുടെ പാട്ടു പാടും?
5 യരുശലേമേ, ഞാൻ നിന്നെ മറക്കുന്നെങ്കിൽ
എന്റെ വലങ്കൈക്കു മറവി ബാധിക്കട്ടെ.+
6 ഞാൻ നിന്നെ ഓർക്കുന്നില്ലെങ്കിൽ,
എനിക്കു പരമാനന്ദം തരുന്ന+ മറ്റ് എന്തിനെക്കാളും വലുതായി
യരുശലേമിനെ ഞാൻ കാണുന്നില്ലെങ്കിൽ,
എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിപ്പോകട്ടെ.
7 “ഇടിച്ചുനിരത്തൂ! അടിത്തറവരെ ഇടിച്ചുനിരത്തൂ!”+ എന്ന്
യരുശലേം വീണ ദിവസം ഏദോമ്യർ പറഞ്ഞത്
അങ്ങ് ഓർക്കേണമേ യഹോവേ.
8 നാശം അടുത്ത ബാബിലോൺപുത്രീ,+
നീ ഞങ്ങളോടു ചെയ്ത അതേ വിധത്തിൽ
നിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+
9 നിന്റെ കുഞ്ഞുങ്ങളെ തട്ടിപ്പറിച്ച്
പാറയിൽ അടിക്കുന്നവർ സന്തുഷ്ടർ.+