ജൂലൈ 17 വ്യാഴം
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാ. 17:17.
യേശുവിന്റെ അമ്മയായ മറിയയ്ക്ക് നല്ല ധൈര്യം ആവശ്യമായിരുന്നു. കല്യാണം കഴിക്കാത്ത മറിയയോട് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമെന്നു ഗബ്രിയേൽ ദൂതൻ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്തുമാത്രം ഉത്കണ്ഠ തോന്നിക്കാണും! ഇനി, കുട്ടികളെ വളർത്തി പരിചയമൊന്നും ഇല്ലാതിരുന്ന മറിയയ്ക്ക് ഭാവിയിൽ മിശിഹയാകുമായിരുന്ന കുഞ്ഞിനെ വളർത്തുന്നതിനുള്ള വലിയൊരു നിയമനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലൈംഗികബന്ധങ്ങളിലൊന്നും ഏർപ്പെടാതെയാണു താൻ ഇപ്പോൾ ഗർഭിണിയായിരിക്കുന്നതെന്ന കാര്യം, കല്യാണം കഴിക്കാൻ പോകുന്ന യോസേഫിനോടു പറയുന്നതും മറിയയ്ക്ക് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. (ലൂക്കോ. 1:26-33) മറിയയ്ക്ക് എങ്ങനെയാണു ധൈര്യം കിട്ടിയത്? മറിയ മറ്റുള്ളവരുടെ സഹായം തേടി. ഉദാഹരണത്തിന്, ആ നിയമനത്തെക്കുറിച്ചുള്ള കൂടുതലായ കാര്യങ്ങൾ മറിയ ഗബ്രിയേൽ ദൂതനോടു ചോദിച്ചറിഞ്ഞു. (ലൂക്കോ. 1:34) അതു കഴിഞ്ഞ് അധികം വൈകാതെ മറിയ ബന്ധുവായ എലിസബത്തിനെ കാണാൻ വളരെ ദൂരം യാത്ര ചെയ്ത് യഹൂദയിലെ “മലനാട്ടിലുള്ള” ഒരു നഗരത്തിലേക്കു പോയി. എലിസബത്ത് മറിയയെ അഭിനന്ദിക്കുകയും ദൈവാത്മാവ് പ്രചോദിപ്പിച്ചിട്ട്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് സന്തോഷം നൽകുന്ന ഒരു കാര്യം മറിയയോടു മുൻകൂട്ടി പറയുകയും ചെയ്തു. (ലൂക്കോ. 1:39-45) അപ്പോൾ യഹോവ “തന്റെ കൈകൊണ്ട് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു മറിയ പറഞ്ഞു. (ലൂക്കോ. 1:46-51) ഗബ്രിയേൽ ദൂതനിലൂടെയും എലിസബത്തിലൂടെയും യഹോവ മറിയയ്ക്കു വേണ്ട ധൈര്യം കൊടുത്തു. w23.10 14–15 ¶10-12
ജൂലൈ 18 വെള്ളി
‘യേശുക്രിസ്തു തന്റെ പിതാവായ ദൈവത്തിനു നമ്മളെ പുരോഹിതന്മാരും ഒരു രാജ്യവും ആക്കിത്തീർത്തു.’ —വെളി. 1:6.
ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ കുറച്ച് പേർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അവർ യഹോവയുമായുള്ള ഒരു പ്രത്യേകബന്ധത്തിലേക്കു വരുകയും ചെയ്തിരിക്കുന്നു. ആ 1,44,000 പേർ യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിതന്മാരായി സേവിക്കാനുള്ളവരാണ്. (വെളി. 14:1) അവർ ഭൂമിയിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് തന്റെ സ്വന്തം പുത്രന്മാരായി ദത്തെടുക്കുന്നു. യഹോവയുമായി അവർക്കുള്ള ഈ പ്രത്യേകബന്ധത്തെയാണു വിശുദ്ധകൂടാരത്തിലെ വിശുദ്ധസ്ഥലം സൂചിപ്പിക്കുന്നത്. (റോമ. 8:15-17) ഇനി, വിശുദ്ധകൂടാരത്തിലെ അതിവിശുദ്ധം സൂചിപ്പിക്കുന്നത് യഹോവയുടെ വാസസ്ഥലമായ സ്വർഗത്തെയാണ്. വിശുദ്ധകൂടാരത്തിലെ ഈ രണ്ടു ഭാഗങ്ങളെ വേർതിരിക്കുന്ന “തിരശ്ശീല” അർഥമാക്കുന്നത് യേശുവിന്റെ മനുഷ്യശരീരത്തെയാണ്. മനുഷ്യശരീരത്തിൽ ആയിരിക്കുന്നിടത്തോളം കാലം യേശുവിന് ആത്മീയാലയത്തിന്റെ ശ്രേഷ്ഠനായ മഹാപുരോഹിതൻ എന്ന നിലയിൽ സ്വർഗത്തിലേക്കു പ്രവേശിക്കാനാകുമായിരുന്നില്ല. മുഴു മനുഷ്യകുടുംബത്തിനുംവേണ്ടി യേശു തന്റെ ശരീരം ഒരു ബലിയായി അർപ്പിച്ചതിലൂടെ എല്ലാ അഭിഷിക്തക്രിസ്ത്യാനികൾക്കും സ്വർഗീയജീവൻ നേടാനുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു. സ്വർഗീയജീവൻ കിട്ടാൻ അവരും തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിക്കേണ്ടതുണ്ട്—എബ്രാ. 10:19, 20; 1 കൊരി. 15:50. w23.10 28 ¶13
ജൂലൈ 19 ശനി
‘ഗിദെയോനെക്കുറിച്ച് വിവരിക്കാൻ സമയം പോരാ.’—എബ്രാ. 11:32.
എഫ്രയീമ്യർ കുറ്റപ്പെടുത്തിയപ്പോൾ ഗിദെയോൻ ദേഷ്യപ്പെട്ടില്ല. പകരം ശാന്തമായിട്ടാണു പ്രതികരിച്ചത്. (ന്യായാ. 8:1-3) അവർക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുകയും ദയയോടെ മറുപടി പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം താഴ്മ കാണിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനായി. ഇന്നു മൂപ്പന്മാരും ആരെങ്കിലും തങ്ങളെ കുറ്റപ്പെടുത്തുമ്പോൾ ദേഷ്യപ്പെടാതെ അവർക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേൾക്കുകയും ശാന്തമായി പ്രതികരിക്കുകയും ചെയ്തുകൊണ്ട് ഗിദെയോന്റെ മാതൃക അനുകരിക്കുന്നു. (യാക്കോ. 3:13) അങ്ങനെ സഭയിൽ സമാധാനം നിലനിറുത്താൻ അവർക്കാകുന്നു. മിദ്യാന്യരുടെമേൽ ജയം നേടിയപ്പോൾ ആളുകൾ വന്ന് ഗിദെയോനെ പ്രശംസിച്ചു. പക്ഷേ അദ്ദേഹം അവരുടെ ശ്രദ്ധ തന്നിൽനിന്ന് യഹോവയിലേക്കു തിരിച്ചുവിടുകയാണ് ചെയ്തത്. (ന്യായാ. 8:22, 23) ഇന്നു മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം? തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കുള്ള മഹത്ത്വം യഹോവയ്ക്കു നൽകിക്കൊണ്ട്. (1 കൊരി. 4:6, 7) ഉദാഹരണത്തിന് ഒരു മൂപ്പന്റെ പഠിപ്പിക്കൽരീതി വളരെ നല്ലതാണെന്ന് ആരെങ്കിലും പറയുന്നു എന്നിരിക്കട്ടെ. അപ്പോൾ, താൻ പഠിപ്പിക്കുന്നത് ദൈവവചനത്തിൽനിന്നാണെന്നും യഹോവയുടെ സംഘടനയിലൂടെ നമുക്കു കിട്ടുന്ന പരിശീലനമാണു തന്നെ അതിനു സഹായിക്കുന്നതെന്നും അദ്ദേഹത്തിനു പറയാനാകും. ഇനി, തങ്ങൾ പഠിപ്പിക്കുന്നത് യഹോവയ്ക്കു മഹത്ത്വം നൽകുന്ന രീതിയിലാണോ അതോ തങ്ങളിലേക്ക് അനാവശ്യശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണോ എന്നും മൂപ്പന്മാർക്ക് ഇടയ്ക്കിടെ ചിന്തിക്കാവുന്നതാണ്. w23.06 4 ¶7-8