യഹസ്കേൽ
46 “പരമാധികാരിയായ യഹോവ പറയുന്നു: ‘അകത്തെ മുറ്റത്തെ കിഴക്കോട്ടു ദർശനമുള്ള കവാടം+ ആറു പ്രവൃത്തിദിവസവും+ അടച്ചിടണം.+ പക്ഷേ ശബത്തുദിവസത്തിലും അമാവാസിയിലും അതു തുറക്കണം. 2 പുറത്തുനിന്ന് വരുന്ന തലവൻ കവാടത്തിന്റെ മണ്ഡപം വഴി അകത്ത് പ്രവേശിക്കും.+ എന്നിട്ട്, കവാടത്തിന്റെ കട്ടിളക്കാലിന്റെ അടുത്ത് വന്ന് നിൽക്കും. പുരോഹിതന്മാർ അവന്റെ സമ്പൂർണദഹനയാഗവും സഹഭോജനബലികളും അർപ്പിക്കും. അവൻ കവാടത്തിന്റെ വാതിൽപ്പടിക്കൽ കുമ്പിട്ടിട്ട് പുറത്തേക്കു പോകും. പക്ഷേ കവാടം വൈകുന്നേരംവരെ തുറന്നുതന്നെ കിടക്കണം. 3 ദേശത്തെ ജനവും ശബത്തുകളിലും അമാവാസികളിലും ആ കവാടത്തിന്റെ വാതിൽക്കൽ യഹോവയുടെ മുന്നിൽ കുമ്പിടും.+
4 “‘ശബത്തുദിവസം യഹോവയ്ക്കു സമ്പൂർണദഹനയാഗമായി അർപ്പിക്കാൻ ന്യൂനതയില്ലാത്ത ആറ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെയും തലവൻ കൊണ്ടുവരണം.+ 5 ആൺചെമ്മരിയാടിനൊപ്പം ഒരു ഏഫാ* ധാന്യയാഗം നൽകണം. ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം തന്റെ പ്രാപ്തിയനുസരിച്ചുള്ള ധാന്യയാഗം കൊടുത്താൽ മതി. ഓരോ ഏഫായോടുമൊപ്പം ഓരോ ഹീൻ* എണ്ണയും നൽകണം.+ 6 അമാവാസിയിൽ ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ആറ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ഒരു ആൺചെമ്മരിയാടിനെയും യാഗം അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തവയായിരിക്കണം.+ 7 അവൻ കാളക്കുട്ടിക്കും ആൺചെമ്മരിയാടിനും ഒപ്പം ഓരോ ഏഫാ ധാന്യയാഗം നൽകണം; ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം തന്റെ പ്രാപ്തിയനുസരിച്ചുള്ളതു ധാന്യയാഗമായി കൊടുത്താൽ മതി. ഓരോ ഏഫായ്ക്കുമൊപ്പം ഓരോ ഹീൻ എണ്ണയും നൽകണം.
8 “‘തലവൻ അകത്ത് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും കവാടത്തിന്റെ മണ്ഡപം വഴിയായിരിക്കണം.+ 9 ഉത്സവദിവസങ്ങളിൽ+ ദേശത്തെ ജനം ആരാധനയ്ക്കായി യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കേ കവാടത്തിലൂടെ+ വരുന്നവർ തെക്കേ കവാടത്തിലൂടെ+ പുറത്തേക്കു പോകണം; തെക്കേ കവാടത്തിലൂടെ വരുന്നവർ വടക്കേ കവാടത്തിലൂടെയും. അകത്തേക്കു വന്ന കവാടത്തിലൂടെ ആരും പുറത്തേക്കു പോകരുത്. എതിർവശത്ത് കാണുന്ന കവാടത്തിലൂടെ വേണം അവർ പുറത്തേക്കു പോകാൻ. 10 അവരുടെ കൂട്ടത്തിലുള്ള തലവൻ അവർ അകത്ത് വരുമ്പോൾ അകത്ത് വരുകയും പുറത്ത് പോകുമ്പോൾ പുറത്ത് പോകുകയും വേണം. 11 പെരുന്നാളുകളിലും ഉത്സവകാലത്തും അർപ്പിക്കുന്ന കാളക്കുട്ടിക്കും ആൺചെമ്മരിയാടിനും ഒപ്പം ഓരോ ഏഫാ ധാന്യയാഗം നൽകണം; ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം അവന്റെ പ്രാപ്തിയനുസരിച്ചുള്ളതു ധാന്യയാഗമായി കൊടുത്താൽ മതി. ഓരോ ഏഫായ്ക്കുമൊപ്പം ഓരോ ഹീൻ എണ്ണയും നൽകണം.+
12 “‘യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗത്തിനോ സഹഭോജനബലികൾക്കോ വേണ്ടി തലവൻ കൊണ്ടുവരുന്നതു സ്വമനസ്സാലെ കൊടുക്കുന്ന കാഴ്ചയാണെങ്കിൽ കിഴക്കോട്ടു ദർശനമുള്ള കവാടം അവനു തുറന്നുകൊടുക്കണം. ശബത്തുദിവസത്തിൽ ചെയ്യുന്നതുപോലെതന്നെ അവൻ അവന്റെ സമ്പൂർണദഹനയാഗവും+ സഹഭോജനബലികളും കൊടുക്കും.+ അവൻ പുറത്ത് പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.+
13 “‘യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗമായി ദിവസവും ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ നൽകണം.+ ദിവസവും രാവിലെ അങ്ങനെ ചെയ്യണം. 14 അതോടൊപ്പം എന്നും രാവിലെ ധാന്യയാഗമായി ഒരു ഏഫായുടെ ആറിലൊന്നും നേർത്ത ധാന്യപ്പൊടിയുടെ മേൽ തളിക്കാൻ മൂന്നിലൊന്നു ഹീൻ എണ്ണയും നൽകണം. ഇത് യഹോവയ്ക്കുള്ള പതിവുധാന്യയാഗം; ദീർഘകാലത്തേക്കു നിലനിൽക്കുന്ന ഒരു നിയമമാണ് ഇത്. 15 പതിവായി അർപ്പിക്കുന്ന സമ്പൂർണദഹനയാഗത്തിനുവേണ്ടി എന്നും രാവിലെ ആൺചെമ്മരിയാട്ടിൻകുട്ടി, ധാന്യയാഗം, എണ്ണ എന്നിവ കൊടുക്കണം.’
16 “പരമാധികാരിയായ യഹോവ പറയുന്നു: ‘തലവൻ അവന്റെ ഓരോ പുത്രനും പൈതൃകാവകാശമായി ഒരു സമ്മാനം കൊടുക്കുന്നെങ്കിൽ അത് അവന്റെ പുത്രന്മാരുടെ സ്വത്താകും. അത് അവർക്ക് പൈതൃകാവകാശമായി കിട്ടിയ സ്വത്താണ്. 17 പക്ഷേ അവൻ അവന്റെ ദാസനു തന്റെ സ്വത്തിൽനിന്ന് ഒരു സമ്മാനം കൊടുക്കുന്നെങ്കിൽ സ്വാതന്ത്ര്യം കിട്ടുന്ന വർഷംവരെ അതു ദാസന്റേതായിരിക്കും.+ പിന്നെ അതു തലവനു തിരികെ കിട്ടും. ആൺമക്കളുടെ അവകാശം മാത്രമേ സ്ഥിരമായ അവകാശമായിരിക്കുകയുള്ളൂ. 18 ജനത്തെ അവരുടെ അവകാശഭൂമിയിൽനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി തലവൻ ആ സ്വത്തു കൈവശപ്പെടുത്തരുത്. തന്റെ സ്വന്തം സ്വത്തിൽനിന്നായിരിക്കണം അവൻ തന്റെ ആൺമക്കൾക്ക് അവകാശം കൊടുക്കേണ്ടത്. അങ്ങനെയാകുമ്പോൾ എന്റെ ജനത്തിൽ ആരും സ്വന്തം അവകാശഭൂമിയിൽനിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകില്ല.’”
19 പിന്നെ പുരോഹിതന്മാരുടെ വിശുദ്ധമായ ഊണുമുറികളിലേക്കുള്ള* കവാടത്തിന് അടുത്തുള്ള പ്രവേശനമാർഗത്തിലൂടെ+ എന്നെ അകത്ത് കൊണ്ടുവന്നു. അവയുടെ ദർശനം വടക്കോട്ടായിരുന്നു.+ അവിടെ അങ്ങു പുറകിലായി പടിഞ്ഞാറേ അറ്റത്ത് ഞാൻ ഒരു സ്ഥലം കണ്ടു. 20 അദ്ദേഹം എന്നോടു പറഞ്ഞു: “ഇതു പുരോഹിതന്മാർക്ക് അപരാധയാഗവസ്തുക്കളും പാപയാഗവസ്തുക്കളും പുഴുങ്ങാനുള്ള സ്ഥലമാണ്; അവർ ധാന്യയാഗം ചുടുന്നതും+ ഇവിടെവെച്ചായിരിക്കും. അങ്ങനെയാകുമ്പോൾ, അവർ ഒന്നും പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി ജനത്തിലേക്കു വിശുദ്ധി പകരില്ല.”*+
21 പിന്നെ പുറത്തെ മുറ്റത്തേക്ക് എന്നെ കൊണ്ടുവന്നു. മുറ്റത്തിന്റെ നാലു മൂലയിലേക്കും എന്നെ കൊണ്ടുപോയി. പുറത്തെ മുറ്റത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഞാൻ കണ്ടു. 22 മുറ്റത്തിന്റെ നാലു മൂലയിലും 40 മുഴം* നീളവും 30 മുഴം വീതിയുമുള്ള ചെറിയ മുറ്റങ്ങൾ! നാലിനും ഒരേ വലുപ്പമായിരുന്നു.* 23 അവ നാലിന്റെയും ചുറ്റും പടികളുണ്ടായിരുന്നു. പടികൾക്കു താഴെ യാഗവസ്തുക്കൾ പുഴുങ്ങാൻ സ്ഥലങ്ങൾ പണിതിരുന്നു. 24 അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ ഭവനങ്ങളിൽവെച്ചാണു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നവർ ജനത്തിന്റെ ബലികൾ പുഴുങ്ങുന്നത്.”+