സെഖര്യ
10 “വസന്തകാലത്തെ മഴയ്ക്കായി യഹോവയോട് അപേക്ഷിക്കുക.
യഹോവയാണു കാർമേഘങ്ങൾ ഉണ്ടാക്കുന്നത്;
മനുഷ്യർക്കുവേണ്ടി മഴ പെയ്യിക്കുന്നത്;+
എല്ലാവർക്കുംവേണ്ടി നിലത്ത് ചെടികൾ മുളപ്പിക്കുന്നത്.
ഒരു ഗുണവുമില്ലാത്ത സ്വപ്നങ്ങളെക്കുറിച്ച് അവർ സംസാരിക്കുന്നു;
അവർ ആശ്വസിപ്പിക്കാൻ നോക്കുന്നെങ്കിലും ഒരു പ്രയോജനവുമില്ല.
അതുകൊണ്ട് അവർ ആടുകളെപ്പോലെ അലഞ്ഞുതിരിയും.
ഇടയനില്ലാത്തതുകൊണ്ട് അവർ കഷ്ടപ്പെടും.
3 ഇടയന്മാരോട് എനിക്കു കടുത്ത കോപം തോന്നുന്നു;
ക്രൂരരായ നേതാക്കളോടു* ഞാൻ കണക്കു ചോദിക്കും.
സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ആട്ടിൻപറ്റമായ യഹൂദാഗൃഹത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു;+
ദൈവം അവരെ തന്റെ തലയെടുപ്പുള്ള പടക്കുതിരയാക്കിയിരിക്കുന്നു.
4 പ്രധാനി* ദൈവത്തിൽനിന്ന് വരുന്നു;
പിന്തുണയേകുന്ന ഭരണാധികാരി* ദൈവത്തിൽനിന്ന് വരുന്നു;
യോദ്ധാക്കളുടെ വില്ലു ദൈവത്തിൽനിന്ന് വരുന്നു;
മേൽനോട്ടം വഹിക്കുന്നവരെല്ലാം* ദൈവത്തിൽനിന്ന് വരുന്നു;
അവരെല്ലാം ദൈവത്തിൽനിന്ന് വരുന്നു.
5 അവർ പടയാളികളെപ്പോലെയാകും,
യുദ്ധത്തിൽ തെരുവിലെ ചെളി ചവിട്ടിക്കൂട്ടും.
ഞാൻ അവരോടു കരുണ കാണിച്ച്
അവരെ തിരിച്ചുകൊണ്ടുവരും.+
ഞാൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലാത്തവരെപ്പോലെയാകും അവർ;+
ഞാൻ അവരുടെ ദൈവമായ യഹോവയാണ്, ഞാൻ അവരുടെ വിളി കേൾക്കും.
7 എഫ്രയീമിലുള്ളവർ വീരയോദ്ധാക്കളെപ്പോലെയാകും;
വീഞ്ഞു കുടിച്ചിട്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും.+
അവരുടെ മക്കൾ ഇതു കണ്ട് സന്തോഷിക്കും;
അവരുടെ ഹൃദയം യഹോവയിൽ ആഹ്ലാദിക്കും.+
8 ‘ഞാൻ അവരെ ചൂളമടിച്ച് വിളിച്ചുകൂട്ടും;
ഞാൻ അവരെ മോചിപ്പിക്കും,+ അവർ അസംഖ്യമാകും;
അവരുടെ എണ്ണം കുറഞ്ഞുപോകില്ല.
9 ഞാൻ അവരെ വിത്തുപോലെ ജനങ്ങൾക്കിടയിൽ വിതറിയാലും
അവർ ദൂരദേശങ്ങളിൽവെച്ച് എന്നെ ഓർക്കും;
അവർ പുതുചൈതന്യത്തോടെ മക്കളോടൊപ്പം തിരിച്ചുവരും.
10 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവരും;
അസീറിയയിൽനിന്ന് കൂട്ടിച്ചേർക്കും.+
ഞാൻ അവരെ ഗിലെയാദ്+ ദേശത്തേക്കും ലബാനോൻ+ ദേശത്തേക്കും കൊണ്ടുവരും;
അവർക്കെല്ലാം താമസിക്കാൻ അവിടെ സ്ഥലം തികയാതെവരും.
11 അവൻ സമുദ്രത്തിന്റെ സ്വസ്ഥത നശിപ്പിച്ച് കടന്നുപോകും;
അവൻ അതിലെ തിരകളെ അടിച്ചമർത്തും;+
നൈൽ നദിയുടെ ആഴങ്ങൾ വറ്റിപ്പോകും;
അസീറിയയുടെ അഹങ്കാരം ശമിക്കും;
ഈജിപ്തിന്റെ ചെങ്കോൽ നഷ്ടപ്പെടും.+