യിരെമ്യ
50 ബാബിലോണിനെക്കുറിച്ച്,+ കൽദയരുടെ ദേശത്തെക്കുറിച്ച്, യിരെമ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞത്:
2 “ജനതകളുടെ ഇടയിൽ അതു പ്രസിദ്ധമാക്കൂ! അതു ഘോഷിക്കൂ!
കൊടി* ഉയർത്തൂ! അതു പ്രസിദ്ധമാക്കൂ!
ഒന്നും ഒളിക്കരുത്!
ഇങ്ങനെ പറയണം: ‘ബാബിലോണിനെ പിടിച്ചടക്കിയിരിക്കുന്നു.+
ബേൽ നാണംകെട്ടിരിക്കുന്നു.+
മേരോദാക്ക് പരിഭ്രാന്തിയിലാണ്.
അവളുടെ ബിംബങ്ങൾ നാണംകെട്ടുപോയി.
അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്രമിച്ചുപോയി.’
3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+
അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.
ആരും അവിടെ താമസിക്കുന്നില്ല.
മനുഷ്യനും മൃഗവും അവിടം വിട്ട്
ദൂരേക്ക് ഓടിക്കളഞ്ഞു.”
4 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത് ഇസ്രായേൽ ജനവും യഹൂദാജനവും ഒരുമിച്ച് വരും.+ കരഞ്ഞുകൊണ്ട് അവർ വരും.+ അവർ ഒന്നിച്ച് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും.+ 5 അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേക്കുള്ള വഴി ചോദിക്കും.+ അവർ പറയും: ‘വരൂ! ഒരിക്കലും വിസ്മരിക്കപ്പെടാത്ത നിത്യമായ ഒരു ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം.’+ 6 കാണാതെപോയ ആട്ടിൻപറ്റമാണ് എന്റെ ജനം.+ അവയുടെ ഇടയന്മാർതന്നെയാണ് അവയെ വഴിതെറ്റിച്ചത്.+ അവർ അവയെ മലകളിലേക്കു കൊണ്ടുപോയി മലകളിലും കുന്നുകളിലും അലഞ്ഞുതിരിയാൻ വിട്ടു. അവ തങ്ങളുടെ വിശ്രമസ്ഥലം മറന്നു. 7 കണ്ടവർ കണ്ടവർ അവയെ തിന്നുകളഞ്ഞു.+ അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാരല്ല. കാരണം അവർ യഹോവയോട്, നീതിയുടെ വാസസ്ഥലവും അവരുടെ പൂർവികരുടെ പ്രത്യാശയും ആയ യഹോവയോട്, പാപം ചെയ്തിരിക്കുന്നു.’”
8 “ബാബിലോൺ വിട്ട് ഓടിയകലൂ!
കൽദയദേശത്തുനിന്ന് പുറത്ത് കടക്കൂ!+
ആട്ടിൻപറ്റത്തിന്റെ മുന്നിൽ നടക്കുന്ന ആടുകളെപ്പോലെയാകൂ!
9 കാരണം ഞാൻ ഇതാ, വടക്കുള്ള ദേശത്തുനിന്ന് വൻജനതകളുടെ ഒരു സമൂഹത്തെ
എഴുന്നേൽപ്പിച്ച് ബാബിലോണിന് എതിരെ അയയ്ക്കുന്നു.+
അവർ അവൾക്കെതിരെ യുദ്ധത്തിന് അണിനിരക്കും.
അവർ അവളെ പിടിച്ചടക്കും.
അവരുടെ അമ്പുകൾ യുദ്ധവീരന്മാരുടേതുപോലെയാണ്.
അവ കുരുന്നുകളുടെ ജീവനെടുക്കും.+
ലക്ഷ്യം കാണാതെ അവ മടങ്ങില്ല.
10 കൽദയദേശത്തെ കൊള്ളയടിക്കും.+
അവളെ കൊള്ളയടിക്കുന്നവർക്കെല്ലാം മതിയാകുവോളം കിട്ടും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
പുൽത്തകിടിയിൽ മാന്തി രസിക്കുന്ന പശുക്കിടാവിനെപ്പോലായിരുന്നില്ലേ നിങ്ങൾ?
വിത്തുകുതിരയെപ്പോലെ നിങ്ങൾ ചിനച്ച് ശബ്ദമുണ്ടാക്കിയില്ലേ?
12 നിങ്ങളുടെ അമ്മ അപമാനിതയായി.+
നിങ്ങളെ പ്രസവിച്ചവൾ നിരാശയിലായിരിക്കുന്നു.
ഇതാ, അവൾ ജനതകളിൽ ഏറ്റവും നിസ്സാരയായി;
അവൾ ഒരു വരണ്ട നിലവും മരുഭൂമിയും ആയി മാറി.+
ബാബിലോണിന് അടുത്തുകൂടെ കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണുമിഴിക്കും,
അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.*+
14 വില്ലു വളച്ച് കെട്ടുന്ന* എല്ലാവരും വരൂ!
വന്ന് നാനാവശത്തുനിന്നും ബാബിലോണിന് എതിരെ അണിനിരക്കൂ!
മുഴുവൻ അമ്പുകളും അവളുടെ നേർക്കു തൊടുത്തുവിടൂ! ഒന്നുപോലും ബാക്കി വെക്കരുത്.+
കാരണം, യഹോവയോടാണ് അവൾ പാപം ചെയ്തിരിക്കുന്നത്.+
15 നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ!
അവൾ കീഴടങ്ങിയിരിക്കുന്നു.*
അവളോടു പകരം വീട്ടൂ!
അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!+
16 വിതയ്ക്കുന്നവനെ ബാബിലോണിൽനിന്ന് ഛേദിച്ചുകളയൂ!
കൊയ്ത്തരിവാൾ പിടിക്കുന്നവനെ അവിടെനിന്ന് നീക്കിക്കളയൂ!+
ക്രൂരമായ വാൾ കാരണം ഓരോരുത്തരും സ്വജനത്തിന്റെ അടുത്തേക്കു മടങ്ങും;
അവർ സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.+
17 “ചിതറിപ്പോയ ആടുകളാണ് ഇസ്രായേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറിച്ചുകളഞ്ഞു.+ ആദ്യം അസീറിയയിലെ രാജാവ് അവരെ ആർത്തിയോടെ തിന്നു.+ പിന്നെ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് അവരുടെ അസ്ഥികൾ കാർന്ന് തിന്നു.+ 18 അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘അസീറിയയിലെ രാജാവിനോടു ചെയ്തതുപോലെതന്നെ+ ഞാൻ ഇതാ, ബാബിലോൺരാജാവിനോടും അവന്റെ ദേശത്തോടും ചെയ്യാൻപോകുന്നു. 19 ഞാൻ ഇസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവൻ കർമേലിലും ബാശാനിലും മേഞ്ഞുനടക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ് അവൻ തൃപ്തനാകും.’”
20 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത്
ഇസ്രായേലിന്റെ കുറ്റം അന്വേഷിക്കും.
പക്ഷേ ഒന്നും കണ്ടുകിട്ടില്ല.
യഹൂദയുടെ പാപങ്ങളും കണ്ടെത്താനാകില്ല.
കാരണം, ഞാൻ അവശേഷിപ്പിച്ചവരോടു ഞാൻ ക്ഷമിച്ചിരിക്കും.”+
21 “മെറാഥയീം ദേശത്തിന് എതിരെ ചെല്ലൂ! പെക്കോദുനിവാസികൾക്കെതിരെ നീങ്ങൂ!+
അവരെ കൂട്ടക്കൊല ചെയ്ത് നിശ്ശേഷം നശിപ്പിക്കൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ കല്പിച്ചതെല്ലാം ചെയ്യൂ!
22 ദേശത്ത് യുദ്ധാരവം കേൾക്കുന്നു.
ഒരു മഹാവിപത്ത്!
23 ഭയങ്കരം! ഭൂമിയെ മുഴുവൻ തകർക്കുന്ന കൂടം* തകർന്ന് തരിപ്പണമായല്ലോ!+
ജനതകളുടെ ഇടയിൽ ബാബിലോൺ പേടിപ്പെടുത്തുന്ന ഒരിടമായല്ലോ!+
24 ബാബിലോണേ, ഞാൻ നിനക്ക് ഒരു കെണി വെച്ചു. നീ അതിൽ വീണു.
നീ അത് അറിഞ്ഞില്ല.
നിന്നെ കണ്ടുപിടിച്ചു; നിന്നെ പിടികൂടി.+
യഹോവയോടാണല്ലോ നീ എതിർത്തുനിന്നത്.
കൽദയദേശത്ത് പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയ്ക്ക്
ഒരു കാര്യം ചെയ്തുതീർക്കാനുണ്ടല്ലോ.
26 ദൂരദേശങ്ങളിൽനിന്ന് അവളുടെ നേരെ വരൂ!+
അവളുടെ പത്തായപ്പുരകൾ തുറക്കൂ!+
അവളെ ധാന്യക്കൂമ്പാരംപോലെ കൂട്ടൂ!
അവളെ നിശ്ശേഷം നശിപ്പിക്കൂ!+
അവൾക്ക് ആരുമില്ലാതാകട്ടെ.
അവരുടെ കാര്യം കഷ്ടം! അവരുടെ ദിവസം,
അവരോടു കണക്കു ചോദിക്കുന്ന സമയം, വന്നല്ലോ!
28 ഓടിപ്പോകുന്നവരുടെ ശബ്ദം കേൾക്കുന്നു;
ബാബിലോൺ ദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്നവരുടെ ശബ്ദം!
നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം,
ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം, സീയോനിൽ പ്രസിദ്ധമാക്കാനാണ് അവർ പോകുന്നത്.+
അവളുടെ ചുറ്റും പാളയമടിക്കൂ! ആരും രക്ഷപ്പെടരുത്.+
അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവളോടു പകരം വീട്ടൂ!
അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!
അവൾ യഹോവയോട്, ഇസ്രായേലിന്റെ പരിശുദ്ധനോട്,
ധിക്കാരം കാട്ടിയിരിക്കുന്നല്ലോ.+
30 അതുകൊണ്ട് അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴും.+
അവളുടെ പടയാളികളെല്ലാം അന്നു നശിക്കും”* എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
31 “ധിക്കാരീ,+ ഞാൻ നിനക്ക് എതിരാണ്”+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.
“നിന്റെ ദിവസം, ഞാൻ നിന്നോടു കണക്കു ചോദിക്കുന്ന സമയം, നിശ്ചയമായും വരും.
ഞാൻ നിന്റെ നഗരങ്ങൾക്കു തീയിടും.
അതു നിന്റെ ചുറ്റുമുള്ളതെല്ലാം ചുട്ടുചാമ്പലാക്കും.”
33 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“ഇസ്രായേൽ ജനവും യഹൂദാജനവും അടിച്ചമർത്തപ്പെട്ടവർ!
അവരെ ബന്ദികളായി കൊണ്ടുപോയവരെല്ലാം അവരെ പിടിച്ചുവെക്കുന്നു.+
അവരെ വിട്ടയയ്ക്കാൻ അവർ കൂട്ടാക്കുന്നില്ല.+
34 പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്.+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.+
ദൈവം നിശ്ചയമായും അവരുടെ കേസ് വാദിച്ച്+
ദേശത്തിനു സ്വസ്ഥത കൊടുക്കും,+
ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+
35 “കൽദയരുടെ നേരെ ഒരു വാൾ വരുന്നുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“ബാബിലോൺനിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ അതു വരുന്നു.+
36 വെറുംവാക്കു പറയുന്നവർക്കെതിരെയുമുണ്ടു* വാൾ! അവർ മണ്ടത്തരം കാണിക്കും.
യുദ്ധവീരന്മാർക്കെതിരെയും വാൾ വരുന്നുണ്ട്. അവർ പരിഭ്രാന്തരാകും.+
37 വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.
അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.
അപ്പോൾ അവർ സ്ത്രീകളെപ്പോലെയാകും.+
അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+
38 അവളുടെ വെള്ളത്തിനു നാശം! അതു വറ്റിച്ചുകളയും.+
കാരണം, കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ നാടാണ് അത്.+
അവർ കാണുന്ന ഭയാനകദർശനങ്ങൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നു.
39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.
അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+
അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.
വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+
40 “ദൈവം നശിപ്പിച്ച സൊദോമിന്റെയും ഗൊമോറയുടെയും+ അവയുടെ അയൽപ്പട്ടണങ്ങളുടെയും+ കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും” എന്ന് യഹോവ പറയുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+
41 അതാ, വടക്കുനിന്ന് ഒരു ജനം വരുന്നു!
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന്+
ഒരു മഹാജനതയെയും മഹാന്മാരായ രാജാക്കന്മാരെയും+ എഴുന്നേൽപ്പിക്കും.
42 അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു.+
ഒരു കരുണയും കാണിക്കാത്ത ക്രൂരന്മാരാണ് അവർ.+
കുതിരപ്പുറത്തേറി വരുന്ന അവരുടെ ശബ്ദം
കടലിന്റെ ഇരമ്പൽപോലെ.+
ബാബിലോൺ പുത്രിയേ, അവർ ഒറ്റക്കെട്ടായി നിനക്ക് എതിരെ യുദ്ധത്തിന് അണിനിരക്കുന്നു.+
43 അവരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ
ബാബിലോൺരാജാവിന്റെ+ കൈകൾ തളർന്നു.+
പ്രസവവേദനപോലുള്ള കഠോരവേദന അവനെ പിടികൂടി.
44 “യോർദാനു സമീപത്തെ ഇടതൂർന്ന കുറ്റിക്കാടുകളിൽനിന്നുള്ള സിംഹത്തെപ്പോലെ ഒരാൾ സുരക്ഷിതമായ മേച്ചിൽപ്പുറങ്ങളിലേക്കു കയറിവരും. പക്ഷേ ഞൊടിയിടയിൽ ഞാൻ അവരെ അവളുടെ അടുത്തുനിന്ന് ഓടിച്ചുകളയും. എന്നിട്ട്, ഞാൻ തിരഞ്ഞെടുത്ത ഒരാളെ അവളുടെ മേൽ നിയമിക്കും.+ കാരണം, എന്നെപ്പോലെ മറ്റാരുമില്ലല്ലോ. എന്നെ വെല്ലുവിളിക്കാൻ ആർക്കു കഴിയും? ഏത് ഇടയന് എന്റെ മുന്നിൽ നിൽക്കാനാകും?+ 45 അതുകൊണ്ട് പുരുഷന്മാരേ, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചതും*+ കൽദയദേശത്തിന് എതിരെ ആസൂത്രണം ചെയ്തതും എന്തെന്നു കേൾക്കൂ:
ആട്ടിൻപറ്റത്തിലെ കുഞ്ഞുങ്ങളെ ഉറപ്പായും വലിച്ചിഴയ്ക്കും.
അവർ കാരണം അവരുടെ താമസസ്ഥലങ്ങൾ അവൻ ശൂന്യമാക്കും.+