യഹസ്കേൽ
30 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു:
“‘അയ്യോ! ആ ദിവസം വരുന്നു’ എന്നു പറഞ്ഞ് കരയൂ.
3 കാരണം, ആ ദിവസം അടുത്ത് എത്തിയിരിക്കുന്നു. അതെ, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു.+
അതു മേഘാവൃതമായ ഒരു ദിവസമായിരിക്കും;+ ജനതകൾക്കായി നിശ്ചയിച്ചിട്ടുള്ള സമയം.+
4 ഈജിപ്തിനു നേരെ ഒരു വാൾ വരും. ഈജിപ്തിൽ ആളുകളെ കൊന്നൊടുക്കുമ്പോൾ എത്യോപ്യയെ പരിഭ്രമം പിടികൂടും.
ഈജിപ്തിന്റെ സമ്പത്തെല്ലാം കൊണ്ടുപോയി. അതിന്റെ അടിസ്ഥാനം തകർന്നല്ലോ.+
5 എത്യോപ്യയും+ പൂതും+ ലൂദും സകല സമ്മിശ്രപുരുഷാരവും*
കൂബും ഉടമ്പടിയിൻകീഴുള്ളവരുടെ* ദേശത്തോടൊപ്പം
വാളിന് ഇരയാകും.”’
6 യഹോവ പറയുന്നത് ഇതാണ്:
‘ഈജിപ്തിനെ പിന്തുണയ്ക്കുന്നവരും നിലംപതിക്കും.
അതിന്റെ പ്രതാപത്തിന്റെ അഹങ്കാരം ഇല്ലാതാക്കും.’+
“‘മിഗ്ദോൽ+ മുതൽ സെവേനെ+ വരെ ദേശത്തെങ്ങും അവർ വാളാൽ വീഴും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 7 ‘അവരുടെ ദേശംപോലെ അത്രയധികം വിജനമായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടാകില്ല; ആ നഗരങ്ങൾപോലെ നശിച്ചുകിടക്കുന്ന മറ്റൊരു നഗരവുമുണ്ടാകില്ല.+ 8 ഞാൻ ഈജിപ്തിനു തീ കൊളുത്തുകയും അതുമായി സഖ്യം ചേർന്നിരിക്കുന്നവരെയെല്ലാം തകർക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 9 വലിയ ആത്മവിശ്വാസത്തോടെ കഴിയുന്ന എത്യോപ്യയെ പരിഭ്രാന്തിയിലാക്കാൻ ഞാൻ അന്നു കപ്പലിൽ ദൂതന്മാരെ അയയ്ക്കും. ഈജിപ്തിന്റെ വിനാശദിവസത്തിൽ സംഭ്രമം അവരെ പിടികൂടും. കാരണം, ആ ദിനം നിശ്ചയമായും വരും.’
10 “പരമാധികാരിയായ യഹോവ പറയുന്നു: ‘ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ*+ കൈയാൽ ഈജിപ്തിന്റെ ജനസമൂഹത്തെ ഞാൻ ഇല്ലാതാക്കും. 11 ദേശം നശിപ്പിക്കാൻ അവനെയും അവന്റെ സൈന്യത്തെയും ഞാൻ വരുത്തും. എല്ലാ ജനതകളിലുംവെച്ച് അതിക്രൂരന്മാരാണല്ലോ അവർ.+ അവർ ഈജിപ്തിനു നേരെ വാൾ ഊരി ദേശം ശവശരീരങ്ങൾകൊണ്ട് നിറയ്ക്കും.+ 12 നൈലിന്റെ കനാലുകൾ+ ഞാൻ വറ്റിച്ചുകളയും. ആ ദേശം ഞാൻ ദുഷ്ടന്മാർക്കു വിൽക്കും. ഞാൻ വിദേശികളുടെ കൈയാൽ ദേശം വിജനമാക്കും,+ അതിലുള്ളതെല്ലാം നശിപ്പിക്കും. യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്.’
13 “പരമാധികാരിയായ യഹോവ പറയുന്നു: ‘തീർന്നില്ല. ഞാൻ മ്ലേച്ഛവിഗ്രഹങ്ങളെ* നശിപ്പിക്കും. നോഫിലെ* ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഇല്ലാതാക്കും.+ സ്വദേശിയായ ഒരു പ്രഭു* ഇനി ഈജിപ്ത് ദേശത്തുണ്ടായിരിക്കില്ല. ഈജിപ്തിലെങ്ങും ഞാൻ ഭയം വിതയ്ക്കും.+ 14 പത്രോസിനെ+ ഞാൻ വിജനമാക്കും. സോവാൻ ഞാൻ തീക്കിരയാക്കും. നോയിൽ*+ ഞാൻ വിധി നടപ്പാക്കും. 15 ഈജിപ്തിന്റെ ശക്തിദുർഗമായ സിനിൽ ഞാൻ എന്റെ ഉഗ്രകോപം ചൊരിയും. നോയിലെ ജനങ്ങളെ ഞാൻ സംഹരിക്കും. 16 ഞാൻ ഈജിപ്തിനു തീ കൊളുത്തും! സിൻ കൊടുംഭീതിയിലാകും! നോ ഭേദിക്കപ്പെടും! പട്ടാപ്പകൽ നോഫ്* ആക്രമിക്കപ്പെടും! 17 ഓനിലെയും* പിബേസത്തിലെയും യുവാക്കൾ വാളിന് ഇരയാകും. നഗരവാസികളെ ബന്ദികളായി കൊണ്ടുപോകും. 18 തഹ്പനേസിൽവെച്ച് ഞാൻ ഈജിപ്തിന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടുപോകും. പ്രതാപം കാരണമുള്ള അവളുടെ അഹങ്കാരം ഇല്ലാതാകും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങളിലുള്ളവരെ ബന്ദികളായി കൊണ്ടുപോകും.+ 19 ഈജിപ്തിന്മേൽ ഞാൻ വിധി നടപ്പാക്കും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
20 11-ാം വർഷം ഒന്നാം മാസം ഏഴാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 21 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോന്റെ കൈ ഞാൻ ഒടിച്ചിരിക്കുന്നു. ഒടിവ് ഭേദമാകാൻവേണ്ടി അതു വെച്ചുകെട്ടില്ല. വാൾ പിടിക്കാൻ ബലം കിട്ടേണ്ടതിന് അതു ചുറ്റിക്കെട്ടില്ല.”
22 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈജിപ്തുരാജാവായ ഫറവോന് എതിരെ തിരിഞ്ഞിരിക്കുന്നു.+ ഞാൻ അവന്റെ ഇരുകൈയും ഒടിക്കും. ബലമുള്ള കൈയും ഒടിഞ്ഞ കൈയും—രണ്ടും ഞാൻ ഒടിക്കും.+ ഞാൻ അവന്റെ കൈയിൽനിന്ന് വാൾ താഴെ വീഴ്ത്തും.+ 23 എന്നിട്ട്, ഈജിപ്തുകാരെ ജനതകളുടെ ഇടയിൽ ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+ 24 ഞാൻ ബാബിലോൺരാജാവിന്റെ കൈ ബലപ്പെടുത്തി*+ എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും.+ ഫറവോന്റെ കൈ ഞാൻ ഒടിക്കും. മരണാസന്നനായ മനുഷ്യനെപ്പോലെ അവൻ അവന്റെ* മുന്നിൽ ഉച്ചത്തിൽ ഞരങ്ങും. 25 ബാബിലോൺരാജാവിന്റെ കൈ ഞാൻ ബലപ്പെടുത്തും. പക്ഷേ, ഫറവോന്റെ കൈ തളർന്ന് തൂങ്ങും. ഞാൻ ബാബിലോൺരാജാവിന്റെ കൈയിൽ വാൾ കൊടുക്കുമ്പോൾ, അവൻ അത് ഈജിപ്ത് ദേശത്തിന് എതിരെ പ്രയോഗിക്കുമ്പോൾ,+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 26 ഞാൻ ഈജിപ്തുകാരെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക് അവരെ ഓടിച്ചുകളയും.+ അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”