ദിനവൃത്താന്തം രണ്ടാം ഭാഗം
18 യഹോശാഫാത്തിനു വളരെയധികം സമ്പത്തും മഹത്ത്വവും ഉണ്ടായിരുന്നു.+ പക്ഷേ യഹോശാഫാത്ത് ആഹാബിന്റെ കുടുംബവുമായി വിവാഹബന്ധം സ്ഥാപിച്ചു.+ 2 കുറച്ച് വർഷങ്ങൾക്കു ശേഷം യഹോശാഫാത്ത് ശമര്യയിൽ ആഹാബിന്റെ അടുത്തേക്കു ചെന്നു.+ യഹോശാഫാത്തിനും കൂടെയുള്ളവർക്കും വേണ്ടി ആഹാബ് കുറെ ആടുമാടുകളെ അറുത്തു.* പിന്നെ രാമോത്ത്-ഗിലെയാദിന്+ എതിരെ യുദ്ധത്തിനു ചെല്ലാൻ ആഹാബ് യഹോശാഫാത്തിനെ നിർബന്ധിച്ചു.* 3 ഇസ്രായേൽരാജാവായ ആഹാബ് യഹൂദാരാജാവായ യഹോശാഫാത്തിനോട്, “രാമോത്ത്-ഗിലെയാദിലേക്ക് എന്റെകൂടെ വരുമോ” എന്നു ചോദിച്ചു. അപ്പോൾ യഹോശാഫാത്ത് പറഞ്ഞു: “നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയുടെയും ജനമാണ്. ഞാൻ അങ്ങയെ യുദ്ധത്തിൽ സഹായിക്കാം.”
4 യഹോശാഫാത്ത് ഇസ്രായേൽരാജാവിനോട് ഇങ്ങനെയും പറഞ്ഞു: “ആദ്യം യഹോവയുടെ ഇഷ്ടം എന്താണെന്നു ചോദിച്ചാലും.”+ 5 അങ്ങനെ ഇസ്രായേൽരാജാവ് 400 പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്, “ഞങ്ങൾ രാമോത്ത്-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. അവർ പറഞ്ഞു: “പോകുക, സത്യദൈവം അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
6 അപ്പോൾ യഹോശാഫാത്ത് ചോദിച്ചു: “ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ?+ നമുക്ക് അയാളിലൂടെയും ഒന്നു ചോദിച്ചുനോക്കാം.”+ 7 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “നമുക്ക് യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്.+ പക്ഷേ എനിക്ക് അയാളെ ഇഷ്ടമല്ല. കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.+ അയാളുടെ പേര് മീഖായ എന്നാണ്, യിമ്ലയുടെ മകൻ.” എന്നാൽ യഹോശാഫാത്ത് പറഞ്ഞു: “രാജാവ് ഒരിക്കലും അങ്ങനെ പറയരുതേ.”
8 അങ്ങനെ ഇസ്രായേൽരാജാവ് ഒരു കൊട്ടാരോദ്യോഗസ്ഥനെ വിളിച്ച്, “വേഗം പോയി യിമ്ലയുടെ മകനായ മീഖായയെ കൂട്ടിക്കൊണ്ടുവരുക” എന്നു പറഞ്ഞു.+ 9 ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും അപ്പോൾ, ശമര്യയുടെ പ്രവേശനകവാടത്തിലുള്ള മെതിക്കളത്തിൽ രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. എല്ലാ പ്രവാചകന്മാരും അവരുടെ മുന്നിൽ പ്രവചിച്ചുകൊണ്ടിരുന്നു. 10 അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ ഇരുമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘സിറിയക്കാർ ചത്തൊടുങ്ങുന്നതുവരെ നീ ഇതുകൊണ്ട് അവരെ കുത്തിവീഴ്ത്തും.’”* 11 മറ്റെല്ലാ പ്രവാചകന്മാരും അതുപോലെതന്നെ പ്രവചിച്ചു. അവർ പറഞ്ഞു: “രാമോത്ത്-ഗിലെയാദിലേക്കു പോകുക; രാജാവ് തീർച്ചയായും വിജയിക്കും.+ യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
12 മീഖായയെ കൂട്ടിക്കൊണ്ടുവരാൻ പോയ ദൂതൻ മീഖായയോടു പറഞ്ഞു: “ഇതാ, പ്രവാചകന്മാർ ഒന്നടങ്കം രാജാവിന് അനുകൂലമായി പ്രവചിക്കുന്നു. ദയവുചെയ്ത് അങ്ങും അവരെപ്പോലെ+ രാജാവിനെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കണം.”+ 13 എന്നാൽ മീഖായ പറഞ്ഞു: “യഹോവയാണെ, എന്റെ ദൈവം എന്താണോ പറയുന്നത് അതു ഞാൻ പറയും.”+ 14 അങ്ങനെ മീഖായ ഇസ്രായേൽരാജാവിന്റെ അടുത്ത് വന്നു. രാജാവ് മീഖായയോട്, “മീഖായാ, ഞങ്ങൾ രാമോത്ത്-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. ഉടനെ മീഖായ പറഞ്ഞു: “പോകുക. അങ്ങ് തീർച്ചയായും വിജയിക്കും. അതു രാജാവിനു ലഭിക്കും.” 15 അപ്പോൾ രാജാവ് മീഖായയോട്: “എന്നോടു സത്യം മാത്രമേ പറയാവൂ എന്ന് എത്ര തവണ ഞാൻ നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കണം!” 16 മീഖായ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്യരെല്ലാം മലകളിൽ ചിതറി നടക്കുന്നതു ഞാൻ കാണുന്നു.+ യഹോവ പറഞ്ഞു: ‘ഇവയ്ക്കു നാഥനില്ല. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു സമാധാനത്തോടെ തിരിച്ചുപോകട്ടെ.’”
17 അപ്പോൾ ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “‘ഇയാൾ എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കില്ല’ എന്നു ഞാൻ പറഞ്ഞതല്ലേ?”+
18 അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയുന്നതു കേട്ടുകൊള്ളൂ: യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ സ്വർഗത്തിലെ സർവസൈന്യവും+ ദൈവത്തിന്റെ ഇടത്തും വലത്തും ആയി നിൽക്കുന്നുണ്ടായിരുന്നു.+ 19 അപ്പോൾ യഹോവ, ‘ആഹാബ് രാമോത്ത്-ഗിലെയാദിനു നേരെ ചെന്ന് അവിടെ മരിച്ചുവീഴാനായി ആര് അയാളെ വിഡ്ഢിയാക്കും’ എന്നു ചോദിച്ചു. അവർ ഓരോരുത്തരും പല അഭിപ്രായങ്ങൾ പറഞ്ഞു. 20 അപ്പോൾ ഒരു ആത്മാവ്*+ മുന്നോട്ടു വന്ന് യഹോവയുടെ മുന്നിൽ നിന്ന്, ‘ഞാൻ അയാളെ വിഡ്ഢിയാക്കാം’ എന്നു പറഞ്ഞു. യഹോവ ചോദിച്ചു: ‘നീ എങ്ങനെയാണ് അതു ചെയ്യാൻപോകുന്നത്?’ 21 ആ ആത്മാവ് പറഞ്ഞു: ‘ഞാൻ ചെന്ന് രാജാവിന്റെ പ്രവാചകന്മാരുടെയെല്ലാം നാവിൽ വഞ്ചനയുടെ ആത്മാവായിത്തീരും.’ അപ്പോൾ ദൈവം പറഞ്ഞു: ‘നിനക്ക് അതിനു കഴിയും, നീ അതിൽ വിജയിക്കുകതന്നെ ചെയ്യും. പോയി അങ്ങനെതന്നെ ചെയ്യുക.’ 22 അങ്ങനെ നിന്റെ ഈ പ്രവാചകന്മാരുടെ നാവിൽ യഹോവ വഞ്ചനയുടെ ആത്മാവിനെ കൊടുത്തിരിക്കുന്നു.+ വാസ്തവത്തിൽ നിനക്കു ദുരന്തം വരുമെന്നാണ് യഹോവ പ്രഖ്യാപിച്ചിരിക്കുന്നത്.”
23 അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ+ മീഖായയുടെ+ അടുത്ത് വന്ന് മീഖായയുടെ ചെകിട്ടത്ത് അടിച്ചിട്ട്,+ “നിന്നോടു സംസാരിക്കാൻവേണ്ടി യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിക്കാണു വന്നത്” എന്നു ചോദിച്ചു.+ 24 മീഖായ പറഞ്ഞു: “ഏതു വഴിക്കാണു വന്നതെന്ന്, ഒളിച്ചിരിക്കാൻ അറയിൽ കയറുന്ന ദിവസം നീ മനസ്സിലാക്കും.” 25 അപ്പോൾ ഇസ്രായേൽരാജാവ് ആജ്ഞാപിച്ചു: “മീഖായയെ പിടിച്ച് നഗരാധിപനായ ആമോന്റെയും രാജാവിന്റെ മകനായ യോവാശിന്റെയും കൈയിൽ ഏൽപ്പിക്കുക. 26 അവരോടു പറയുക: ‘രാജാവ് ഇങ്ങനെ കല്പിക്കുന്നു: “ഇയാളെ തടവറയിൽ അടയ്ക്കുക.+ ഞാൻ സമാധാനത്തോടെ മടങ്ങിവരുന്നതുവരെ ഇയാൾക്കു വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”’” 27 പക്ഷേ മീഖായ പറഞ്ഞു: “നീ സമാധാനത്തോടെ മടങ്ങിവരുകയാണെങ്കിൽ യഹോവ എന്നോടു സംസാരിച്ചിട്ടില്ല.”+ മീഖായ ഇങ്ങനെയും പറഞ്ഞു: “ജനങ്ങളേ, നിങ്ങളെല്ലാം ഇതു കേട്ടല്ലോ?”
28 അങ്ങനെ ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും രാമോത്ത്-ഗിലെയാദിലേക്കു പോയി.+ 29 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറിയായിരിക്കും യുദ്ധക്കളത്തിലേക്കു പോകുന്നത്. എന്നാൽ അങ്ങ് അങ്ങയുടെ രാജവസ്ത്രം ധരിക്കണം.” അങ്ങനെ ഇസ്രായേൽരാജാവ് വേഷം മാറി; അവർ യുദ്ധത്തിന് ഇറങ്ങി. 30 സിറിയയിലെ രാജാവ് അയാളുടെ രഥനായകന്മാരോട്, “നിങ്ങൾ ഇസ്രായേൽരാജാവിനെയല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റാരെയും ആക്രമിക്കരുത്” എന്നു കല്പിച്ചിരുന്നു. 31 യഹോശാഫാത്തിനെ കണ്ട ഉടനെ ആ രഥനായകന്മാർ, “ഇയാളാണ് ഇസ്രായേൽരാജാവ്” എന്നു തമ്മിൽത്തമ്മിൽ പറഞ്ഞു. അങ്ങനെ അവർ യഹോശാഫാത്തിനോടു പോരാടാൻ ഒരുങ്ങി. യഹോശാഫാത്ത് സഹായത്തിനായി നിലവിളിച്ചപ്പോൾ+ യഹോവ അദ്ദേഹത്തെ സഹായിച്ചു. അവർ യഹോശാഫാത്തിന്റെ അടുത്തേക്കു വരാതെ ദൈവം അവരെ വഴിതിരിച്ചുവിട്ടു. 32 അത് ഇസ്രായേൽരാജാവല്ലെന്നു മനസ്സിലാക്കിയപ്പോൾ അവർ യഹോശാഫാത്തിനെ പിന്തുടരുന്നതു നിറുത്തി.
33 പക്ഷേ ഒരു സൈനികൻ അമ്പ് എയ്തപ്പോൾ അവിചാരിതമായി അത് ഇസ്രായേൽരാജാവിന്റെ പടച്ചട്ടയുടെ വിടവിലൂടെ ശരീരത്തിൽ തറച്ചുകയറി. അപ്പോൾ രാജാവ് തേരാളിയോടു പറഞ്ഞു: “രഥം തിരിച്ച് എന്നെ യുദ്ധഭൂമിയിൽനിന്ന്* കൊണ്ടുപോകൂ, എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.”+ 34 അന്നു മുഴുവൻ പൊരിഞ്ഞ യുദ്ധം നടന്നു. സിറിയക്കാർക്ക് അഭിമുഖമായി വൈകുന്നേരംവരെ ഇസ്രായേൽരാജാവിനെ രഥത്തിൽ താങ്ങി നിറുത്തേണ്ടിവന്നു. സന്ധ്യയോടെ രാജാവ് മരിച്ചു.+