ദിനവൃത്താന്തം രണ്ടാം ഭാഗം
19 യഹൂദാരാജാവായ യഹോശാഫാത്ത് യരുശലേമിലെ കൊട്ടാരത്തിൽ സുരക്ഷിതനായി* മടങ്ങിയെത്തി.+ 2 അപ്പോൾ ഹനാനിയുടെ മകനും+ ദിവ്യദർശിയും ആയ യേഹു+ യഹോശാഫാത്ത് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദുഷ്ടനെയാണോ അങ്ങ് സഹായിക്കേണ്ടത്?+ യഹോവയെ വെറുക്കുന്നവരെയാണോ അങ്ങ് സ്നേഹിക്കേണ്ടത്?+ അങ്ങ് ഇങ്ങനെ ചെയ്തതുകൊണ്ട് യഹോവയുടെ കോപം അങ്ങയുടെ നേരെ ആളിക്കത്തിയിരിക്കുന്നു. 3 എന്നാൽ അങ്ങയിൽ നന്മയും കണ്ടിരിക്കുന്നു.+ അങ്ങ് ദേശത്തുനിന്ന് പൂജാസ്തൂപങ്ങൾ* നീക്കിക്കളയുകയും സത്യദൈവത്തെ അന്വേഷിക്കാൻ ഹൃദയത്തിൽ നിശ്ചയിച്ചുറയ്ക്കുകയും* ചെയ്തല്ലോ.”+
4 യഹോശാഫാത്ത് യരുശലേമിൽത്തന്നെ താമസിച്ചു. ജനങ്ങളെ അവരുടെ പൂർവികരുടെ ദൈവമായ യഹോവയിലേക്കു മടക്കിവരുത്താൻവേണ്ടി+ യഹോശാഫാത്ത് വീണ്ടും ബേർ-ശേബ മുതൽ എഫ്രയീംമലനാടു+ വരെ സഞ്ചരിച്ചു. 5 രാജാവ് ദേശത്ത് ഉടനീളം, യഹൂദയിലെ കോട്ടമതിലുള്ള എല്ലാ നഗരങ്ങളിലും, ന്യായാധിപന്മാരെ നിയമിക്കുകയും ചെയ്തു.+ 6 ന്യായാധിപന്മാരോടു രാജാവ് പറഞ്ഞു: “നിങ്ങൾ സൂക്ഷിച്ചുവേണം പ്രവർത്തിക്കാൻ. കാരണം നിങ്ങൾ മനുഷ്യർക്കുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണു ന്യായവിധി നടത്തുന്നത്. ന്യായം വിധിക്കുമ്പോൾ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ 7 നിങ്ങൾ യഹോവയെ ഭയപ്പെടണം.+ നമ്മുടെ ദൈവമായ യഹോവ അനീതിയും+ പക്ഷപാതവും+ കാണിക്കാത്തവനാണെന്ന് ഓർക്കുക; ദൈവം കൈക്കൂലി വാങ്ങുന്നുമില്ല.+ അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ച് വേണം പ്രവർത്തിക്കാൻ.”
8 യഹോശാഫാത്ത് യരുശലേമിലും അങ്ങനെതന്നെ ചെയ്തു. യഹോവയുടെ ന്യായാധിപന്മാരായി ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേലിലെ ചില പിതൃഭവനത്തലവന്മാരെയും നിയമിച്ചു. യരുശലേമിലുള്ളവരുടെ നീതിന്യായപ്രശ്നങ്ങൾ പരിഹരിച്ചിരുന്നത് അവരാണ്.+ 9 രാജാവ് അവരോടു കല്പിച്ചു: “യഹോവയെ ഭയപ്പെട്ട് വിശ്വസ്തതയോടും പൂർണഹൃദയത്തോടും* കൂടെ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: 10 നിങ്ങളുടെ സഹോദരന്മാർ രക്തച്ചൊരിച്ചിൽ ഉൾപ്പെടുന്ന ഒരു നീതിന്യായക്കേസുമായോ+ ഏതെങ്കിലുമൊരു നിയമമോ കല്പനയോ ചട്ടമോ ന്യായത്തീർപ്പോ സംബന്ധിച്ച ഒരു ചോദ്യവുമായോ അവരുടെ നഗരങ്ങളിൽനിന്ന് നിങ്ങളുടെ അടുത്ത് വന്നാൽ, അവർ യഹോവയുടെ മുമ്പാകെ കുറ്റക്കാരാകാതിരിക്കേണ്ടതിന് അവർക്കു മുന്നറിയിപ്പു കൊടുക്കണം. നിങ്ങൾ അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും എതിരെ ദൈവകോപം ആളിക്കത്തും. നിങ്ങൾ കുറ്റക്കാരാകാതിരിക്കാൻ ഇതാണു നിങ്ങൾ ചെയ്യേണ്ടത്. 11 ഇതാ, യഹോവയുടെ സേവനത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാംവേണ്ടി മുഖ്യപുരോഹിതനായ അമര്യയെ നിങ്ങളുടെ മേൽ നിയമിച്ചിരിക്കുന്നു.+ രാജാവിനോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും യിശ്മായേലിന്റെ മകൻ സെബദ്യയെ യഹൂദാഗൃഹത്തിന്റെ നായകനായി നിയമിച്ചിരിക്കുന്നു. ലേവ്യർ നിങ്ങൾക്ക് അധികാരികളായിരിക്കും. ധൈര്യപൂർവം പ്രവർത്തിക്കുക. നന്മ ചെയ്യുന്നവരോടൊപ്പം* യഹോവയുണ്ടായിരിക്കും.”+