ഗലീലക്കടലിലെ മീനുകൾ
ഗലീലക്കടലിലെ മീനുകളെയും മീൻപിടുത്തക്കാരെയും മത്സ്യബന്ധനത്തെയും കുറിച്ച് ബൈബിളിൽ ധാരാളം പരാമർശങ്ങളുണ്ട്. ഗലീലക്കടലിൽ ഏതാണ്ട് 18 ഇനം മത്സ്യങ്ങൾ കാണപ്പെടുന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടിക്കാറുള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണിജ്യപ്രാധാന്യമുള്ള മൂന്നു ഗണമായി തിരിക്കാം. ഒന്നാമത്തേതു ബിന്നി എന്നും ബാർബൽ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ബാർബസ് ലോഞ്ചിസെപ്സ് ) (1) എന്നും അറിയപ്പെടുന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന് ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവശത്തുമായി സ്പർശനശക്തിയുള്ള മീശയുണ്ട്. ബാർബലിന്റെ സെമിറ്റിക്ക് പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്. കക്കയും ഒച്ചും ചെറുമീനുകളും ആണ് അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബലിന് 75 സെ.മീ. (30 ഇഞ്ച്) നീളവും 7 കിലോഗ്രാമിലധികം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്റ്റ് (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, തിലാപ്പിയ ഗലീലിയ) (2) എന്ന് അറിയപ്പെടുന്നു. അറബിയിൽ ആ വാക്കിന്റെ അർഥം “ചീപ്പ്” എന്നാണ്. ഈ ഗണത്തിൽപ്പെട്ട അഞ്ച് ഇനം മീനുകളുടെ മുതുകിലെ ചിറകിനു ചീപ്പിനോടു സാമ്യമുള്ളതുകൊണ്ടാണ് ആ പേര് വന്നിരിക്കുന്നത്. മുഷ്റ്റ് വർഗത്തിൽപ്പെട്ട ഒരിനം മീനിന് 45 സെ.മീ. (18 ഇഞ്ച്) നീളവും ഏതാണ്ട് 2 കി.ഗ്രാം തൂക്കവും വരും. കിന്നേരെത്ത് മത്തി (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, അക്കൻതബ്രാമ ടെറി സാങ്റ്റീ) (3) എന്ന് അറിയപ്പെടുന്ന മൂന്നാമത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്. പുരാതനകാലം മുതലേ ഈ മീൻ അച്ചാറിട്ട് സൂക്ഷിക്കാറുണ്ട്.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: