“മണ്ടത്തരം കാണിക്കരുത്, ഞാൻ കൊന്നുകളയും”
ഒരു തോക്കിന്റെ അഗ്രം കാറിന്റെ ജനാലയുടെ വിടവിലൂടെ എന്റെ തലക്കു നേരെ തള്ളിനിന്നു. ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു:
“പെണ്ണേ, എന്നെ നോക്കരുത്. വാതിൽ തുറക്കുക. യാത്രക്കാരുടെ സീററിലേക്ക് നീങ്ങിയിരിക്കുക.” എന്നോട് പറഞ്ഞതുപോലെ ഞാൻ ചെയ്തു. ആ മനുഷ്യൻ സ്ററീയറിംഗിനു പിന്നിലേക്കു ചെരിഞ്ഞുകടന്നു, തോക്ക് അപ്പോഴും എന്റെനേരെ ചൂണ്ടിയിരുന്നു.
“ബാങ്കിന്റെ താക്കോൽ നിന്റെ കൈയിലുണ്ടോ?”
“എന്റെ കൈയിൽ താക്കോൽ ഇല്ല. തുറക്കാനായി ആരെങ്കിലും ഏതു നിമിഷവും ഇവിടെ വരാം.”
“മണ്ടത്തരം കാണിക്കരുത്”, അയാൾ മുന്നറിയിപ്പു നൽകി, “അല്ലാത്തപക്ഷം ഞാൻ നിന്നെ കൊന്നുകളയും.” അയാൾ എന്റെ കാർ സ്ററാർട്ട് ചെയ്ത് ഓടിച്ചുപോയി.
ഇതൊരു പതിവായിത്തീരുകയായിരുന്നു. ട്രസ്ററ് കമ്പനി ബാങ്കിന്റെ ഒരു ശാഖയിലെ പണം കൈകാര്യം ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. കഴിഞ്ഞ ഏപ്രിലിൽ ഒരു സ്ത്രീ അവളുടെ പേഴ്സ് എന്റെനേരെ നീട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതിനുള്ളിൽ ഒരു തോക്കുണ്ട്. പണമിങ്ങുതരിക.” ഞാൻ അപ്രകാരം ചെയ്തു.
കുറെ ആഴ്ചകൾക്കു ശേഷം ഒരു മനുഷ്യൻ എന്റെ ജനാലയുടെ സമീപത്തേക്കു വന്നു. അയാളുടെ തോക്കു വ്യക്തമായി കാണാൻ കഴിയുമായിരുന്നു. “ആ പണം എനിക്കു തരൂ”. നോട്ടുകളുടെ ഒരു കൂട്ടം ഞാൻ അയാളുടെ മുമ്പിലേക്ക് തള്ളിയിട്ടുകൊടുത്തു.
എനിക്കു സഹിക്കവയ്യാതായി. മറെറാരു ബ്രാഞ്ചിലേക്കു സ്ഥലംമാററം തരാൻ ഞാൻ അപേക്ഷിച്ചു. എന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ, മെയ് 23 വ്യാഴാഴ്ച, ഈ പ്രഭാതത്തിൽ, ജോർജ്ജിയായിലെ കൊളമ്പസിലുള്ള പുതിയ ബ്രാഞ്ചായ പീച്ട്രീ മാൾ ബ്രാഞ്ചിന്റെ പാർക്കിംഗ് പ്രദേശത്ത് എന്റെ കാറിനുള്ളിൽ ഞാൻ ഇരിക്കുകയാണ്. അതു തുറക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. സമയം 8:25. സാധാരണയായി, ഞാൻ കുറെ മിനിട്ടുകൾ നേരത്തേ ജോലിക്കു വരുകയും ആ ദിവസത്തേക്കുള്ള ബൈബിൾവാക്യം വായിക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പ്രഭാതത്തിൽ “ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്നു പറയുന്ന മത്തായി 6:13 ആയിരുന്നു വാക്യം. എന്നാൽ അടുത്ത രണ്ടു ദിവസത്തേക്ക് ആ വാക്യം എനിക്ക് പ്രത്യേക അർത്ഥമുള്ളതായിത്തീരാൻ പോകുകയായിരുന്നു എന്ന് അപ്പോൾ ഞാൻ മനസ്സിലാക്കിയില്ല.
ഈ പുതിയ ബ്രാഞ്ചിൽ ഞാൻ രണ്ടാഴ്ച മാത്രമേ ജോലി ചെയ്തിരുന്നുള്ളു, ഒരു താക്കോൽ എനിക്കു തന്നിരുന്നില്ല. എന്റെ കാറിന്റെ ഗ്ലാസ്സ് അൽപ്പം താഴ്ത്തിവച്ചു, ഞാൻ വായിച്ചുകഴിഞ്ഞിരുന്ന വാക്യത്തേക്കുറിച്ചു ധ്യാനിക്കുകയായിരുന്നു. അപ്പോഴാണ് തോക്കിന്റെ അഗ്രം ജനാലയ്ക്കൽ പ്രത്യക്ഷപ്പെട്ടത്. മുമ്പു രണ്ടുപ്രാവശ്യം കൊള്ളക്കാർ ബാങ്കിലെ പണം അപഹരിച്ചുകൊണ്ടുകടന്നുകളഞ്ഞിരുന്നു. ഈ പ്രാവശ്യം എന്നെയും കൊണ്ടായിരുന്നു.
അയാൾ ഓടിച്ചുപോയപ്പോൾ, “യഹോവേ, എന്നെ സഹായിക്കേണമേ!”, എന്നു ഞാൻ ഉച്ചത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങി.
“ആരാണു യഹോവ?” എന്ന് എന്റെ അപഹർത്താവ് ആരാഞ്ഞു.
“അവൻ ഞാൻ ആരാധിക്കുന്ന ദൈവമാണ്.”
“എന്നെ നോക്കരുത്, ജനാലയ്ക്കു പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുക! യഹോവ . . . അതു വാച്ച്ററവർ, യഹോവയുടെ സാക്ഷികൾ, അല്ലേ?”
“അതെ.”
“ഞാൻ ന്യൂയോർക്ക് നഗരത്തിൽ താമസിച്ചിരുന്നപ്പോൾ എനിക്ക് അവരെ അറിയാമായിരുന്നു. ഞാൻ ഒരു കത്തോലിക്കനാണ്. എതായാലും നീ നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊള്ളുക. ഞാനതു കേൾക്കാൻ ആഗ്രഹിക്കുന്നില്ല.” എന്നാൽ അയാൾ കൂട്ടിച്ചേർത്തു: “നോക്കൂ, ഞാൻ നിന്നെ ഉപദ്രവിക്കാൻ പോകുന്നില്ല. എനിക്കു വേണ്ടതു പണമാണ്, നിന്നെയല്ല. വിഡ്ഢിത്തമൊന്നും പ്രവർത്തിക്കരുത്, നിന്നെ ഉപദ്രവിക്കുകയില്ല.”
ഞങ്ങൾ ഡ്രൈവു ചെയ്തുകൊണ്ടിരുന്ന മുഴുസമയത്തും അയാൾ ബാങ്കിനെപ്പററി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ആരാണു തുറക്കുന്നത്? പൊതുജനങ്ങൾക്ക് അത് എപ്പോഴാണു തുറന്നുകൊടുത്തിരുന്നത്? അതിൽ എത്രമാത്രം പണം ഉണ്ടായിരുന്നു? ബാങ്കിനേക്കുറിച്ച് അനേകം ചോദ്യങ്ങൾ. കഴിവിന്റെ പരമാവധി ഞാൻ ഉത്തരം കൊടുത്തുകൊണ്ടിരുന്നു, അതേസമയം നിശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടുമിരുന്നു. ഇതിൽനിന്നു രക്ഷപ്പെടുന്നതിനു എന്നെ സഹായിക്കാൻ ഞാൻ യഹോവയോടു യാചിച്ചുകൊണ്ടിരുന്നു.
ഏകദേശം പത്തു മിനിട്ടുകഴിഞ്ഞ്, ഏതോ വനത്തിലേക്കുള്ള ചെളിനിറഞ്ഞ ഒരു വഴിയിലൂടെ അയാൾ പോയി. പ്രത്യക്ഷത്തിൽ അയാൾ ആരുമായോ കൂടിക്കാണാൻ പ്രതീക്ഷിച്ചിരുന്നു, എന്തെന്നാൽ അയാൾ അവ്യക്തമായി തന്നോടുതന്നെ ഇങ്ങനെ പിറുപിറുത്തുതുടങ്ങി: “അയാൾ എവിടെ? അയാൾ എവിടെ?” അയാൾ കാർ നിറുത്തി പുറത്തിറങ്ങുകയും എന്നെ സീററിലൂടെ നിരക്കി ഡ്രൈവറുടെ വശത്തേക്കു വരുത്തുകയും ചെയ്തു. ആ സമയമെല്ലാം എന്റെ പിൻവശം അയാൾക്കു നേരെയായിരുന്നു. എന്റെ വശത്തു തോക്കു ചേർത്തുവച്ചുകൊണ്ട് അയാൾ എന്നെ വനത്തിന്റെ കുറേക്കൂടെ ഉള്ളിലേക്കു നയിച്ചു, എന്റെ ദൃഷ്ടികൾ എനിക്ക് അയാളെ കാണാൻ കഴിയാത്തവിധം നിലത്തു പതിഞ്ഞിരുന്നു. എന്റെ വേഷവും ഹൈഹീൽ ചെരുപ്പും ധരിച്ചു കനത്ത കുററിച്ചെടികൾക്കിടയിലൂടെ പോകുന്നതു ദുഷ്ക്കരമായിരുന്നു. അയാൾ എന്നെ ഒരു മരത്തിന്റെ സമീപത്തേക്കു നടത്തി, എന്നെ തായ്ത്തടിയെ അഭിമുഖീകരിച്ചു നിറുത്തി. എന്റെ കണ്ണുകളുടെയും വായുടെയും മീതെ കനമുള്ള ഡക്ററ് നാട ഒട്ടിച്ചു. അയാൾ എന്റെ കൈകൾ എന്റെ പിൻവശത്ത് കൂട്ടിയൊട്ടിക്കുകയും അതിനുശേഷം എന്നെ മരത്തോടുചേർത്തു നാടകൊണ്ടു ചുററി കെട്ടിയിടുകയും ചെയ്തു.
ഈ സമയമായപ്പോഴേക്കു ഞാൻ ശക്തമായി കുതറുകയായിരുന്നു. അതു നിറുത്താൻ അയാൾ എന്നോട് ആജ്ഞാപിച്ചു. എനിക്കു കഴിയുന്നില്ലെന്ന് നാടക്കിടയിലൂടെ ഞാൻ അവ്യക്തമായി പറഞ്ഞു. “ശരി, അനങ്ങാതിരുന്നാൽ മതി. ഒരാൾ നിന്നെ നിരീക്ഷിക്കുന്നുണ്ട്. നീ അഴിക്കാൻ ശ്രമിച്ചാൽ അയാൾ നിന്നെ കൊല്ലും.” പിന്നീട് അയാൾ എന്നെ വിട്ടുപോയി. “ദുഷ്ടങ്കൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ” എന്നു പറഞ്ഞ ദിനവാക്യം ഞാൻ ഓർക്കുകയായിരുന്നു. ഈ സമയത്ത് അത് എനിക്ക് എത്രയോ ഉചിതമാണെന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.
എന്നാൽ അയാൾ ഉടനെ മറെറാരു കാറിൽ മടങ്ങിവന്നു—എഞ്ചിന്റെ ശബ്ദത്താൽ എനിക്ക് എന്റെ കാർ തിരിച്ചറിയാൻ കഴിയുമായിരുന്നു. അയാൾ സ്വന്തം കാറുമായി എന്റേത് വച്ചുമാറിയിരിക്കാം. അയാൾ എന്റെ അരക്കെട്ടിൽ നിന്നും മരത്തടിയിൽ നിന്നും നാട നീക്കം ചെയ്തു, എന്നാൽ എന്റെ കണ്ണുകളുടെയും വായുടെയും മീതെ അത് വെച്ചേച്ചു. എന്റെ കൈക്കുഴകൾ അപ്പോഴും പിന്നിൽ ഒട്ടിച്ചിരുന്നു. കുററിക്കാട്ടിലൂടെ അയാൾ എന്നെ കാറിന്റെ സമീപത്തേക്ക് നയിച്ചു. അയാൾ കാറിന്റെ ഡിക്കി തുറന്ന് എന്നെ അതിലേക്ക് ചുരുട്ടിക്കൂട്ടിയിടുകയും മൂടി ശക്തമായി അടയ്ക്കുകയും, കാറോടിച്ചുപോവുകയും ചെയ്തു.
ഞാൻ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി. തൊട്ടുമുന്നിൽ സംഭവിക്കാനിരിക്കുന്നത് എന്തുതന്നെയായിരുന്നാലും അത് സഹിച്ചുനിൽക്കുന്നതിനാവശ്യമായ ധൈര്യത്തിനായി യഹോവയോടു യാചിച്ചുകൊണ്ട് ആ ദിവസത്തിന്റെ അധികസമയവും ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അയാൾ മിക്കവാറും 15-ഓ 20-തോ മിനിട്ടു ഡ്രൈവു ചെയ്തിട്ട് വാഹനം നിറുത്തി ഡിക്കി തുറന്ന് എന്റെ വായിലെ നാട നീക്കം ചെയ്യുകയും ബാങ്കിലെ ഫോൺനമ്പർ ചോദിക്കുകയും ചെയ്തു. ഞാനത് അയാൾക്കു കൊടുത്തു. എന്റെ മേധാവി ആരാണെന്ന് അയാൾ എന്നോടു തിരക്കി. ഞാൻ അത് അയാളോടു പറഞ്ഞു, അയാൾ തിരികെ നാട എന്റെ വായുടെമീതെ വെച്ചു. അത് അയാൾ ബാങ്കിലേക്കു ഫോൺ ചെയ്തു 1,50,000 ഡോളർ ആവശ്യപ്പെട്ടപ്പോഴായിരുന്നു എന്ന് ഞാൻ പിന്നീടു മനസ്സിലാക്കി.
ജോർജ്ജിനോട്—അതായിരുന്നു ആ ദിവസം ബാങ്കിൽ ജോലി ചെയ്തിരുന്ന ഓഫീസറുടെ പേര്—അററ്ലാൻറായ്ക്ക് തെക്കുള്ള ഒരു പ്രത്യേക ടെലിഫോൺ ബൂത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പണവുമായി വരാൻ അയാൾ പറഞ്ഞു, അപ്പോൾ കൂടുതൽ നിർദ്ദേശങ്ങൾ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. ഈ സംഭവവികാസങ്ങൾ അയാൾ എന്നെ അറിയിക്കുകയും ഞാൻ വേഗം തന്നെ സ്വതന്ത്രയാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നിരുന്നാലും രണ്ടു മണി വളരെ അകലെയായിരുന്നു, ഞാൻ പിന്നെയും ഡിക്കിക്കുള്ളിൽ തിങ്ങിഞെരുങ്ങി കഴിഞ്ഞുകൂടി, ആ സമയമെല്ലാം ചൂടു കൂടിക്കൊണ്ടിരുന്നു. മണിക്കൂറുകൾ ഇഴഞ്ഞുനീങ്ങി. ഞാൻ എങ്ങനെ ഇരിക്കുന്നു എന്നു കാണാൻ ഒന്നോ രണ്ടോ പ്രാവശ്യം അയാൾ എന്നെ വന്നുനോക്കി. “നിന്റെ ദൈവമായ യഹോവ നിന്നെ പരിപാലിക്കുകയാണ്”, അയാൾ അഭിപ്രായപ്പെട്ടു. അപ്രകാരം രാവിലെ മുതലുള്ള യഹോവയോടുള്ള എന്റെ പ്രാർത്ഥന അയാൾ ഓർത്തു.
എന്റെ കുടംബത്തേക്കുറിച്ച് എനിക്കു നിശ്ചയമില്ലതായി. ഞാൻ നഷ്ടപ്പെടുകയാണെന്ന് അവർ അറിഞ്ഞുകാണുമോ? അറിഞ്ഞെങ്കിൽ അവർ എങ്ങനെയായിരുന്നു പ്രതികരിച്ചത്? ഞാൻ എന്നേക്കാളധികം അവരേക്കുറിച്ച് ഉത്കണ്ഠപ്പെട്ടു. ഞാൻ വ്യത്യസ്ത തിരുവെഴുത്തുകളേക്കുറിച്ച് ചിന്തിച്ചു. യഹോവയുടെ നാമം ‘ബലമുള്ള ഒരു ഗോപുരം ആകുന്നു, നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു’ എന്നതിനേക്കുറിച്ചുള്ള ഒന്നു തന്നെ. കൂടാതെ ‘യഹോവയുടെ നാമത്തെ നീ വിളിച്ചപേക്ഷിക്കുന്നുവെങ്കിൽ നീ രക്ഷിക്കപ്പെടും.’ “ഇടവിടാതെ പ്രാർത്ഥിക്കാനുള്ള” അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം തീർച്ചയായും ഞാൻ ബാധകമാക്കുകയായിരുന്നു. (സദൃശവാക്യങ്ങൾ 18:10; റോമർ 10:13, NW; 1 തെസ്സലോനീക്യർ 5:17) ബൈബിൾവാക്യങ്ങൾകൂടാതെ രാജ്യഗീതങ്ങളുടെ ഈരടികളും വാക്കുകളും എന്റെ മനസ്സിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു, ‘യഹോവ എന്റെ പാറയും ശക്തിയും ബലവും’, ‘യഹോവ എന്റെ സങ്കേതമാകുന്നു’ തുടങ്ങിയവ തന്നെ.
ഞാൻ വീക്ഷാഗോപുരത്തിൽ വായിച്ച അനുഭവങ്ങളിൽ നിന്ന് പ്രത്യേക പരിശോധനകളെ സഹിച്ചുനിൽക്കാൻ യഹോവ മററുള്ളവരെ സഹായിച്ചിട്ടുള്ളതായി ഞാൻ ഓർമ്മിച്ചു. എന്റെ മനസ്സിൽ തങ്ങിനിന്ന ഉണരുക!യിൽ നിന്നു വായിച്ച ഒന്ന് ഒരു ബാങ്ക് കവർച്ചയിൽ ബന്ദിയായി പിടിക്കപ്പെട്ട ഒരു സാക്ഷിയേക്കുറിച്ചുള്ളതായിരുന്നു.a അവളുടെ കഴുത്തിൽ മുറുകെ പിടിച്ചുകൊണ്ട് കവർച്ചക്കാരൻ ഒരു കൈബോംബ് ഓങ്ങി ഭീഷണിപ്പെടുത്തി. അവളുടെ കഠിന യാതന മണിക്കൂറുകൾ നീണ്ടുപോയി; അവളും കവർച്ചക്കാരനും ഒരു ഒളിപ്പിടത്തിൽ എന്നപോലെ ഉള്ളിൽ ആക്കപ്പെട്ടു, പുറത്തു പോലീസും. തിരുവെഴുത്തുകളെ ഓർമ്മിച്ചുകൊണ്ടും യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടും അവളും തന്റെ കഠിന യാതന സഹിച്ചുനിന്ന്, സുരക്ഷിതയായി തന്റെ കുടുംബത്തിലേക്ക് മടങ്ങിവന്നതിനാൽ അവളുടെ ധൈര്യത്തിന് പ്രതിഫലം ലഭിച്ചു.
ഒടുവിൽ കാർ നിന്നു, ഡ്രൈവർ പുറത്തിറങ്ങി. വാച്ച് എന്റെ കൈക്കുഴയിൽ ആയിരുന്നു, അതു പിറകിൽ വച്ചു നാടകൊണ്ടു ബന്ധിച്ചിരുന്നതിനാൽ എനിക്കു വാച്ച് കാണാൻ കഴിഞ്ഞില്ല, എന്നാൽ രണ്ടു മണിയായെന്നും ബാങ്കിൽനിന്നുള്ള ജോർജ്ജുമായി ബന്ധം പുലർത്താൻ അയാൾ പോയെന്നും ഞാൻ ശരിയായിത്തന്നെ നിഗമനം ചെയ്തു. എന്റെ വിടുതൽ വേഗം ഉണ്ടയേക്കാമെന്നു എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത് ആ വിധത്തിൽ സംഭവിച്ചില്ല. പ്രത്യക്ഷത്തിൽ അയാളുടെ പദ്ധതികൾ അനായാസം നീങ്ങിയില്ല, ഞങ്ങൾ വീണ്ടും ഡ്രൈവു ചെയ്യുകയായിരുന്നു.
പെട്ടെന്ന് എഞ്ചിന്റെ വേഗത കൂടി, കാർ പൂർണ്ണ സ്പീഡിൽ മുന്നോട്ടു പാഞ്ഞു! അയാൾ വളരെ വേഗത്തിൽ ഓടിക്കുക മാത്രമായിരുന്നില്ല വാഹനങ്ങളെ വെട്ടിച്ചു പോകുന്നതുപോലെ വളഞ്ഞുപുളഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഡിക്കിയിലെല്ലാടവും ഞാൻ തെറിപ്പിക്കപ്പെടുകയായിരുന്നു. എന്റെ ശരീരം തറയിൽനിന്നു പന്തുപോലെ പൊങ്ങുകയായിരുന്നു, എന്റെ തല ഡിക്കിയുടെ വശങ്ങളിൽ ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. എന്റെ കൈകൾ പിന്നിൽ ബന്ധിക്കപ്പെട്ടിരുന്നതുകൊണ്ട്, എല്ലാ വശത്തേക്കും ഞാൻ എറിയപ്പെട്ടപ്പോൾ എന്നേത്തന്നെ ഉറപ്പിച്ചുനിർത്തുന്നതിനോ പ്രഹരങ്ങളെ ചെറുത്തുനിൽക്കുന്നതിനോ ഞാൻ ശക്തിഹീനയായിരുന്നു. അതു പത്തു മിനിട്ടോളം തുടർന്നു, എന്നാൽ അത് അതിനേക്കാൾ ദീർഘമായിരുന്നതായി തോന്നി.
അതിനുശേഷം പെട്ടെന്നുതന്നെ കാർ നിന്നു, ഞാൻ എങ്ങനെയിരിക്കുന്നു എന്നു കാണാൻ അയാൾ ഡിക്കി തുറന്നു. പ്രസ്പഷ്ടമായി ഞാൻ കഠിനമായി ഉലയ്ക്കപ്പെട്ടും ഞാൻ സഹിച്ച പ്രഹരത്തിൽ നിന്നുള്ള കൊടിയ വേദനയിലുമായിരുന്നു. എന്റെ ഹൃദയം ശക്തമായി ഇടിച്ചുകൊണ്ടിരുന്നു, ശ്വാസോച്ഛ്വാസം വളരെ പ്രയാസകരമായിത്തീരുകയും ചെയ്തു. ഞാൻ ആസകലം വിയർത്തു, കൈകൾ പുറകിൽ കെട്ടപ്പെട്ടിരുന്നതുകൊണ്ട് അത് തുടച്ചുകളയാൻ ഞാൻ നിസഹായയും ആയിരുന്നു. എന്റെ കണ്ണുകളുടെയും വായുടെയും മീതെ ഉണ്ടായിരുന്ന നാടകൾക്കിടയിലൂടെ എന്റെ മൂക്കു മാത്രമേ പുറത്തുണ്ടായിരുന്നുള്ളു എന്നതിനാൽ ശ്വാസോച്ഛ്വാസം വളരെ പ്രയാസകരമായിത്തീർന്നു. എനിക്കു കൂടുതൽ അനായാസം ശ്വസിക്കാനും ഞാൻ ആഗ്രഹിക്കുന്നപക്ഷം സംസാരിക്കാനും കഴിയത്തക്കവിധത്തിൽ അയാൾ എന്റെ വായ്ക്കുമീതെനിന്നു നാട അല്പമൊന്നു നീക്കം ചെയ്തു.
പോലീസ് അവരുടെ നിരീക്ഷണസ്ഥാനത്തുനിന്ന് തന്റെ കാർ കണ്ടുപിടിച്ചു പിൻതുടർന്നുവെന്ന് അയാൾ എന്നോടു പറഞ്ഞു. അതുകൊണ്ടാണ് മററുവാഹനങ്ങളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുകൊണ്ട് അയാൾ വളരെ വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നത്. പോലീസിനെ വെട്ടിക്കുന്നതിൽ അയാൾ വിജയിക്കുകതന്നെ ചെയ്തു. അതുവരെയും അയാൾക്ക് പണം ലഭിച്ചിരുന്നില്ല എന്നും എന്നാൽ അയാൾ മറെറന്തോ പരീക്ഷിച്ചുനോക്കാൻ പോകുകയാണെന്നും അത് അല്പം കൂടെ നീണ്ടുനിൽക്കുമെന്നും എന്നാൽ ഞാൻ ഉത്ക്കണ്ഠപ്പെടേണ്ടതില്ലെന്നും അയാൾ വിശദീകരിച്ചു. ശാരീരികമായി അയാൾ എന്നെ ഉപദ്രവിക്കാൻ പോകുന്നില്ല, അതല്ല അയാളുടെ ഉദ്ദേശ്യം എന്ന് അയാൾ എനിക്ക് വീണ്ടും ഉറപ്പു തന്നു. അയാൾക്കു പണം ആവശ്യമായിരുന്നു, അതു കിട്ടുന്നതിനുള്ള താക്കോൽ ഞാനായിരുന്നു. അയാൾ ആക്രമിക്കുന്നപക്ഷം ശരിയായ വിധത്തിൽ പ്രതികരിക്കാൻ എന്നെ സഹായിക്കുന്നതിനു ഞാൻ യഹോവയോടു പ്രാർത്ഥിച്ചിരുന്നതിനാൽ, അയാൾ അതു പറഞ്ഞപ്പോൾ അത് എന്റെ മനസ്സിന് ആശ്വാസം കൈവരുത്തി.
മണിക്കൂറുകൾ ഇഴഞ്ഞുനീങ്ങി. രണ്ടു പ്രാവശ്യം അയാൾ കാർ നിറുത്തി, കൂടുതൽ ഫോൺ കോളുകൾക്കോ പണം കിട്ടാനുള്ള ശ്രമത്തിനോ ആയിരിക്കാം. ഒരു പ്രാവശ്യം അയാൾ നിറുത്തിയപ്പോൾ ടാങ്കിൽ പെട്രോൾ നിറയ്ക്കുന്നതിന്റെ ശബ്ദം ഞാൻ കേട്ടു. എനിക്കു കഠിനമായ വണ്ണവലി അനുഭവപ്പെട്ടതുകൊണ്ട് ഞാൻ കഴിയുന്നത്ര മറിഞ്ഞുതിരിയാൻ ശ്രമിക്കുകയും കുറച്ചു ശബ്ദം ഉണ്ടാക്കുകയും ചെയ്തു. അയാൾ ഉടനെ ഡിക്കി തുറന്ന് ഒച്ച വെക്കുന്നതു സംബന്ധിച്ചു മുന്നറിയിപ്പു തന്നു. സമയം അറിയാൻ ഞാൻ ആഗ്രഹിച്ചു. ആദ്യപ്രാവശ്യം രണ്ടുമണിയായപ്പോൾ പറഞ്ഞതൊഴികെ, മറെറാരിക്കലും അയാൾ എന്നോടു സമയം പ്രത്യേകിച്ചു പറഞ്ഞില്ല. ഞങ്ങൾ അപ്പോഴും അററ്ലാൻറാ പ്രദേശത്തു തന്നെയാണെന്നു ഞാൻ അറിഞ്ഞു, എന്തുകൊണ്ടെന്നാൽ വിമാനത്താവളത്തിൽ വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും എനിക്കു കേൾക്കാൻ കഴിഞ്ഞു.
അതിനുശേഷം ഡിക്കിതുറന്ന്, ‘മറെറാരു മണിക്കൂറും കൂടി ആകാൻ പോകുന്നു. ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നീ സ്വതന്ത്രയാകും’ എന്ന് അയാൾ പറയുമായിരുന്നു. അത് അയാൾ അനേക തവണ പറഞ്ഞു. ഞാൻ ഒരിക്കലും അയാളെ വിശ്വസിച്ചില്ല. ഞാൻ കേവലം പ്രത്യാശിച്ചു. പുറത്ത് അങ്ങേയററം ചൂടുള്ള ഒരു ദിവസം ആയിരുന്നില്ല അത്, എന്നാൽ ഡിക്കിക്കുള്ളിൽ ചൂടുകൂടിവരുകയായിരുന്നു, വീർപ്പുമുട്ടിക്കുകയുമായിരുന്നു. ഞാൻ വളരെയധികം വിയർത്തുകൊണ്ടിരുന്നു, എനിക്കു ശ്വസിക്കുക വളരെ പ്രയാസമായിക്കൊണ്ടിരുന്നു. എത്രത്തോളം സമയം എനിക്കു ശ്വാസോച്ഛ്വാസം ചെയ്യാൻ കഴിയും എന്ന് എനിക്കു നിശ്ചയം ഇല്ലാതിരുന്നതുകൊണ്ട് ഞാൻ പുനരുത്ഥാനത്തേപ്പററി പ്രാർത്ഥിക്കാൻ തുടങ്ങി.
ഞാൻ മരിച്ചാൽ, അതു തരണം ചെയ്യാൻ എന്റെ കുടുംബത്തെ യഹോവ സഹായിക്കുമെന്നു ഞാൻ പ്രത്യാശിച്ചു. എന്നേക്കുറിച്ചും എന്റെ കുടുംബത്തേക്കുറിച്ചും ഞാൻ താത്പര്യമുള്ളവളായിരുന്നു. ഞാൻ മരിച്ചാൽത്തന്നെ യഹോവ എന്നെ പുനരുത്ഥാനത്തിൽ തിരികെ കൊണ്ടുവരുമെന്നും വാഗ്ദത്തം ചെയ്യപ്പെട്ട അവന്റെ നീതിയുള്ള പുതിയ ലോകത്തിൽ ഞാൻ എന്റെ കുടുംബവുമായി വീണ്ടും ചേർക്കപ്പെടുമെന്നും എനിക്ക് അറിയാമായിരുന്നു. (യോഹന്നാൻ 5:28, 29; 2 പത്രോസ് 3:13) യഹോവയേയും അവന്റെ വാഗ്ദത്തങ്ങളേയും കുറിച്ചുള്ള ചിന്തകളായിരുന്നു എന്നെ പുലർത്തിയത്.
വീണ്ടും ഡ്രൈവർ ഡിക്കി തുറന്നു. അപ്പോൾ ഇരുട്ടായിരുന്നു—ഇരുട്ടിയിട്ടു മണിക്കൂറുകളായിരുന്നു. അയാൾ കൂടുതൽ പ്രാവശ്യം ഫോൺ വിളിച്ചിരുന്നു. ഒരു വമ്പിച്ചതുക നേടുന്നതിനുള്ള അയാളുടെ ശ്രമങ്ങളൊന്നും പ്രാവർത്തികമായില്ല. താൻ ശ്രമിച്ചുമടുത്തുവെന്നും എന്നെ കൊളമ്പസിൽ തിരികെ കൊണ്ടുപോയിവിടാൻ പോകുകയാണെന്നും അയാൾ പറഞ്ഞു. ഞങ്ങൾ തിരിച്ചെത്തിയ സമയമായപ്പോഴേക്കും ഞാൻ പൂർണ്ണമായി ക്ഷീണിച്ചിരുന്നു. എല്ലാം അവസാനിക്കും എന്ന് ആശിച്ചുകൊണ്ട് ഞാൻ പെട്ടിക്കുള്ളിൽ വെറുതെ കിടന്നു. എന്നാൽ ഞാൻ ആത്മധൈര്യം വീണ്ടെടുത്ത് ഇങ്ങനെ ചിന്തിച്ചു, ‘പാടില്ല, ഞാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഞാൻ ഉണർന്നിരിക്കേണ്ടതുണ്ട്. ഇതെല്ലാം പെട്ടെന്ന് തീരാൻ പോകുകയാണ്. അയാൾ ശ്രമം ഉപേക്ഷിച്ചിരിക്കുന്നു, അയാൾ എന്നെ വീട്ടിൽ എത്തിക്കുകയാണ്.’
അയാൾ എന്നെ എന്റെ കാറിനടുത്തു വിടാൻ പോകുകയായിരുന്നു, എന്നാൽ അയാൾ വിചാരിച്ചടത്തു അതുണ്ടായിരുന്നില്ല. അയാൾ എന്നെ യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിലേക്കു കൊണ്ടുപോയി, എന്നാൽ ഞങ്ങളുടെ സഞ്ചാരപ്രതിനിധികളിൽ ഒരാൾ താമസിച്ചിരുന്ന അപ്പാർട്ട്മെൻറിൽ ലൈററുകൾ തെളിഞ്ഞിരുന്നു. “ആളുകൾ ഉള്ളിടത്ത് ഞാൻ നിന്നെ ഇറക്കിവിടാൻ പോകുന്നില്ല.” എന്നിരുന്നാലും ഡിക്കിയിൽ നിന്നു പുറത്തു വരാൻ ആദ്യമായി അയാൾ എന്നെ അനുവദിച്ചു. എന്റെ കണ്ണുകൾ അപ്പോഴും മൂടിക്കെട്ടിയിരുന്നു, എന്റെ കൈകൾ പിന്നിൽ നാട കൊണ്ട് കെട്ടിയിരുന്നു, എന്നാൽ അയാൾ എന്റെ വായുടെ മീതേനിന്നു നാട നീക്കം ചെയ്തു. എനിക്കു തലകറക്കം അനുഭവപ്പെട്ടു, നടക്കാൻ എനിക്കു കഴിഞ്ഞില്ല—എന്റെ കാലുകൾ വളരെ മരവിച്ചുപോയിരുന്നു. അയാൾ എന്നെ ഡിക്കിയിൽ തിരികെ കിടത്തി ഒരു വഴിക്കു കൊണ്ടുപോയി ഒരു ബാപ്ററിസ്ററ് പള്ളിയുടെ പുറകിൽ ഉപേക്ഷിച്ചിട്ടു വാഹനം ഓടിച്ചുപോയി. സമയം വെള്ളിയാഴ്ച രാവിലെ 1.30 ആയിരുന്നു.
എനിക്ക് യഥാർത്ഥമായി ആശ്വാസം തോന്നി, ഞാൻ നിലത്തിരുന്നു, ബോധം കെട്ടുപോയി. ഏററവും ഒടുവിലായി ഞാൻ ഓർക്കുന്നത് അയാൾ വാഹനം ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായിരുന്നു. മൂന്നു മണിക്കൂർ കഴിഞ്ഞ് എനിക്കു ബോധം വീണപ്പോൾ ഞാൻ പുല്ലിലും ചെളിയിലും കിടക്കുകയായിരുന്നു. എന്റെ കൈക്കുഴയിൽ നിന്നും കണ്ണുകളിൽ നിന്നും നാട നീക്കം ചെയ്യാൻ എനിക്കു കഴിഞ്ഞു. ഞാൻ എന്റെ വാച്ചിൽ നോക്കി. 5 ആകാൻ 15 മിനിററ് ഉണ്ടായിരുന്നു. ഞാൻ 17 മണിക്കൂർ ഡിക്കിക്കുള്ളിലായിരുന്നു, 3 മണിക്കൂർ ബോധരഹിതയായി നിലത്തും കിടന്നിരുന്നു. വിറയ്ക്കുന്നതും മരവിച്ചതുമായ കാലുകളിൽ ഞാൻ റോഡിലൂടെ നടന്നു. ഒരു മനുഷ്യൻ തന്റെ സ്വകാര്യ പാതയിൽ നിന്നു തന്റെ ലോറി പുറകോട്ടെടുക്കുകയായിരുന്നു. ഞാൻ തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്നും എന്റെ കുടുംബത്തെയും പോലീസിനെയും വിളിക്കേണ്ട ആവശ്യമുണ്ടെന്നും ഞാൻ അയാളോടു പറഞ്ഞു. പത്തു മിനിട്ടുകൊണ്ടു പോലീസ് അവിടെയെത്തി. അത് കഴിഞ്ഞിരുന്നു.
പരിശോധനക്കായി എന്നെ ചികിത്സാകേന്ദ്രത്തിലേക്കു കൊണ്ടുപോയി. 20 മണിക്കൂർ എനിക്കു ഭക്ഷണമോ പാനീയമോ കുളിമുറി സൗകര്യങ്ങളോ ഇല്ലായിരുന്നു, ഞാൻ കഴിഞ്ഞ മൂന്നു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. എന്റെ ശരീരം ചതഞ്ഞതും വസ്ത്രം ചെളിപുരണ്ടതും തലമുടി അലങ്കോലപ്പെട്ടതും മുഖം വൃത്തിഹീനവും നാടയുടെ പാടുകളാൽ വികൃതവുമായിരുന്നു. എന്റെ ഭർത്താവു ബ്രാഡുമായും എന്റെ അമ്മ ഗ്ലെൻഡയുമായും അതുപോലെതന്നെ മററു പ്രിയപ്പെട്ട ബന്ധുക്കളുമായും എന്നെ തിരികെ സ്വാഗതം ചെയ്യാൻ വന്നുചേർന്ന സുഹൃത്തുക്കളുമായും ഉള്ള എന്റെ പുനസ്സംഗമത്തിന് ഇവയൊന്നും വിഘാതമായി നിന്നില്ല. അവരുടെ കാത്തിരിപ്പിന്റെയും ഉത്കണ്ഠയുടെയും കഠിനയാതന എന്റേതിൽനിന്നു വ്യത്യസ്തമായിരുന്നു, എന്നാൽ ഒരു വിധത്തിൽ ഏറെ വേദനാജനകവും.
ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനും ഒരു പ്രസ്താവന നൽകുന്നതിനുമായി ചികിത്സാകേന്ദ്രത്തിൽനിന്നു ഞാൻ പോലീസ് സ്റേറഷനിലേക്കു പോയി. 1991 മെയ് 25-ലെ കൊളമ്പസ് ലെഡ്ജർ എൻക്വൊയററിൽ റിപ്പോർട്ട് ചെയ്തതുപോലെ അപ്പോഴേയ്ക്കും പിടിക്കപ്പെട്ടിരുന്ന ഈ അപഹർത്താവിന്റെ പേരിൽ “കഴിഞ്ഞ വാരാന്തത്തിലുണ്ടായ ഗുരുതരമായ ഒരു സോദോമ്യ പാപത്തിനും ഒരു ബാലാൽസംഗത്തിനും കേസെടുക്കുമെന്ന്” പോലീസ് പറഞ്ഞു, അത് അയാൾ എന്നെ അപഹരിക്കുന്നതിനു തൊട്ടുമുൻപായിരുന്നു. കൂടാതെ ഒരു മാധ്യമ തമസ്കരണത്തിനായുള്ള തന്റെ അഭ്യർത്ഥനയേക്കുറിച്ചുള്ള പോലീസ് ചീഫ് വെതറിംഗ്ടണിന്റെ വിശദീകരണവും ഈ പത്രവാർത്തയിൽ റിപ്പോർട്ട് ചെയ്തിരുന്നു: “ലിസയുടെ ജീവനേപ്പററി ഞങ്ങൾ വാസ്തവത്തിൽ ഉത്കണ്ഠാകുലരായിരുന്നു.” യഹോവയിലുള്ള എന്റെ ആശ്രയമാണ് എന്നെ സംരക്ഷിച്ചത് എന്ന് ഇതെല്ലാം എന്നെ കൂടുതൽ ബോദ്ധ്യപ്പെടുത്തി.
ചൂടുവെള്ളംകൊണ്ടുള്ള, ജീവിതത്തിലെ ഏററവും നല്ല കുളിക്കും ആരോഗ്യം വീണ്ടെടുക്കാനുള്ള സുഖനിദ്രയ്ക്കും ഗാഢനിദ്രയിലേക്കു മയങ്ങിവീഴവെ ഹൃദയോഷ്മളമായ ഈ ചിന്തയ്ക്കും വേണ്ടി ഞാൻ വീട്ടിലേക്ക് പോയി: മത്തായി 6:13-ലെ ആ ദിനവാക്യം അപ്പോഴും എനിക്ക് ആശ്വസദായകമായിരുന്നു, സങ്കീർത്തനം 146:7-ചേർച്ചയിൽ ‘ഒരു ബന്ധനവിമുക്തി’ (NW) ഞാൻ അനുഭവിച്ചിരുന്നു.—ലിസ ഡാവൻപോർട്ട് പറഞ്ഞപ്രകാരം. (g91 11/22)
[അടിക്കുറിപ്പുകൾ]
a ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് ഡിസംബർ 8-ലെ ഉണരുക!യുടെ (ഇംഗ്ലീഷ്) 17-19 വരെയുള്ള പേജുകൾ കാണുക.
[21-ാം പേജിലെ ആകർഷകവാക്യം]
“നീ നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊള്ളൂ, ഞാനത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല”
[21-ാം പേജിലെ ആകർഷകവാക്യം]
അയാൾ ഡിക്കി തുറന്ന് എന്നെ ചുരുട്ടിക്കൂട്ടി അതിനുള്ളിലാക്കി മൂടി ശക്തമായി അടച്ചിട്ടു വാഹനം ഓടിച്ചു പോയി
[22-ാം പേജിലെ ആകർഷകവാക്യം]
ഞാൻ തറയിൽനിന്നു പന്തുപോലെ പൊങ്ങുകയായിരുന്നു, എന്റെ തല ഡിക്കിയുടെ വശങ്ങളിൽ ശക്തമായി ഇടിച്ചുകൊണ്ടിരുന്നു
[23-ാം പേജിലെ ആകർഷകവാക്യം]
എല്ലാം അവസാനിക്കും എന്ന് ആശിച്ചുകൊണ്ടു ഞാൻ ഡിക്കിക്കുള്ളിൽ വെറുതെ കിടന്നു
[24-ാം പേജിലെ ആകർഷകവാക്യം]
മൂന്നു മണിക്കൂർ കഴിഞ്ഞ് എനിക്കു ബോധം വീണപ്പോൾ ഞാൻ പുല്ലിലും ചെളിയിലും കിടക്കുകയായിരുന്നു
[20-ാം പേജിലെ ലിസ ഡാവൻപോർട്ടിന്റെ ചിത്രം]