ദുരന്തത്തിന്റെ ഉത്പന്നം
അഭയാർഥിയായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്? നിങ്ങൾ സമാധാനത്തിൽ ജീവിക്കുന്നതായും എന്നാൽ പെട്ടെന്ന്, നിങ്ങളുടെ ജീവിതമാകെ മാറിമറിയുന്നതായും സങ്കൽപ്പിക്കാൻ ശ്രമിക്കുക. ഒറ്റ രാത്രികൊണ്ട് അയൽക്കാർ ശത്രുക്കളാകുന്നു. പട്ടാളക്കാർ വരുന്നു, അവർ നിങ്ങളുടെ വീട്ടിൽ കൊള്ളയും കൊള്ളിവെപ്പും നടത്തും. സാധനങ്ങൾ പെറുക്കിക്കെട്ടി ജീവനുംകൊണ്ടോടാൻ നിങ്ങൾക്കു പത്തു മിനിറ്റുണ്ട്. അനേകം കിലോമീറ്ററുകൾ ചുമക്കേണ്ടിവരുമെന്നുള്ളതുകൊണ്ട് ഒരു ചെറിയ സഞ്ചി മാത്രമേ നിങ്ങൾക്കെടുക്കാൻ സാധിക്കുകയുള്ളൂ. അതിനകത്തു നിങ്ങൾ എന്തെല്ലാം കരുതും?
വെടിവെപ്പിന്റെയും പീരങ്കികളുടെയും ഒച്ചപ്പാടിനുമധ്യേ നിങ്ങൾ അവിടം വിടുന്നു. പലായനം ചെയ്യുന്ന മറ്റുള്ളവർക്കൊപ്പം നിങ്ങളും ചേരുന്നു. ദിവസങ്ങൾ കടന്നുപോകുന്നു; വിശന്ന്, ദാഹിച്ചുവലഞ്ഞ്, അവിശ്വസനീയമാംവിധം ക്ഷീണിച്ച് നിങ്ങൾ ഏന്തിവലിഞ്ഞു നീങ്ങുകയാണ്. അതിജീവിക്കണമെങ്കിൽ, ക്ഷീണിച്ചവശനായെങ്കിലും നിങ്ങൾ മുന്നോട്ടു പോയേപറ്റൂ. നിങ്ങൾ നിലത്തുകിടന്ന് ഉറങ്ങുന്നു. വല്ലതും ഭക്ഷിക്കാൻ കിട്ടുമോയെന്നു നിങ്ങൾ ഒരു വയലിൽ പരതിനോക്കുന്നു.
നിങ്ങൾ സുരക്ഷിതമായ ഒരു രാജ്യത്തോടടുക്കുന്നു. എന്നാൽ, അതിർത്തി സൂക്ഷിപ്പുകാർ നിങ്ങളെ കടത്തിവിടില്ല. അവർ നിങ്ങളുടെ സഞ്ചി പരിശോധിച്ച് വിലപിടിപ്പുള്ളതെല്ലാം കൈയ്ക്കലാക്കുന്നു. മറ്റൊരു ചെക്ക്പോസ്റ്റ് നിങ്ങൾ കാണുന്നു, അങ്ങനെ നിങ്ങൾ അതിർത്തി കടക്കുന്നു. നിങ്ങളെ, ചുറ്റും കമ്പിവേലി കെട്ടിയ മലീമസമായ ഒരു അഭയാർഥി ക്യാമ്പിലാക്കുന്നു. നിങ്ങളുടെ അതേ അവസ്ഥയിലുള്ള മറ്റുള്ളവർ ചുറ്റിലുമുണ്ടെങ്കിലും നിങ്ങൾക്ക് ഏകാന്തതയും പരിഭ്രാന്തിയും തോന്നുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഖിത്വം നിങ്ങൾക്കു നഷ്ടമാകുന്നു. പുറമേനിന്നുള്ള സഹായത്തെ പൂർണമായും ആശ്രയിക്കേണ്ടിവരുന്നതായി നിങ്ങൾ കണ്ടെത്തുന്നു. ജോലിയില്ല, ഒന്നും ചെയ്യാനുമില്ല. പ്രത്യാശരാഹിത്യം, നിരാശ, രോഷം എന്നീ വികാരങ്ങളുമായി നിങ്ങൾ പോരാടുന്നു. ക്യാമ്പിലുള്ള വാസം ഒരുപക്ഷേ താത്കാലികമായിരിക്കുമെന്നറിയാവുന്നതുകൊണ്ട്, ഭാവിയെക്കുറിച്ചു നിങ്ങൾ വേവലാതിപ്പെടുന്നു. എന്തൊക്കെയാണെങ്കിലും ക്യാമ്പ് ഭവനമൊന്നുമല്ലല്ലോ—പ്രതീക്ഷാലയം അല്ലെങ്കിൽ ആർക്കും വേണ്ടാത്ത, ആളുകളുടെ ഒരു പണ്ടകശാലപോലെയാണത്. വന്നിടത്തേക്കുതന്നെ നിർബന്ധപൂർവം തിരിച്ചയയ്ക്കപ്പെടുമോയെന്നു നിങ്ങൾ ഭയപ്പെടുന്നു.
ഇക്കാലത്ത് കോടിക്കണക്കിന് ആളുകളുടെ അനുഭവമാണിത്. അഭയാർഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) പറയുന്നതനുസരിച്ച്, ലോകമെമ്പാടും രണ്ടു കോടി എഴുപതു ലക്ഷം ആളുകൾ യുദ്ധമോ പീഡനമോ നിമിത്തം പലായനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, രണ്ടു കോടി മുപ്പതു ലക്ഷം ആളുകൾ സ്വന്തം രാജ്യത്തിനകത്തുതന്നെ ഛിന്നഭിന്നരായിരിക്കുന്നു. എല്ലാം കണക്കിലെടുക്കുമ്പോൾ, ഭൂമിയിലെ ഓരോ 115 ആളുകളിലും ഒരാൾവീതം പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. ഒട്ടുമിക്കവരും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും ഉത്പന്നങ്ങളായ അഭയാർഥികൾ, ആരാണെന്നുള്ളതുകൊണ്ടല്ല, എന്താണെന്നുള്ളതുകൊണ്ട് തങ്ങളെ പുറന്തള്ളുന്ന ഒരു ലോകത്തിന്റെ കാരുണ്യത്തിൽ കഴിയേണ്ടിവരുന്നു.
അവരുടെ സാന്നിധ്യം, ലോകമെമ്പാടുമുള്ള കോളിളക്കങ്ങളുടെ സൂചനയാണ്. യുഎൻഎച്ച്സിആർ പ്രസ്താവിക്കുന്നു: “സാമൂഹിക തകർച്ചയുടെ ആത്യന്തിക ലക്ഷണമാണ് അഭയാർഥികൾ. ഒരു രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ തകർച്ചയുടെ വ്യാപ്തിയെ നിർവചിക്കുന്ന കാര്യകാരണങ്ങളുടെ ഒരു ശൃംഖലയിലെ ഒടുക്കത്തെ, ഏറ്റവും വ്യക്തമായ കണ്ണിയാണ് അവർ. ആഗോളവ്യാപകമായി നോക്കുകയാണെങ്കിൽ, മാനുഷ സംസ്കാരത്തിന്റെ നിലവിലുള്ള സ്ഥിതിവിശേഷത്തിന്റെ ഒരു സൂചനയാണ് അവർ.”
പ്രശ്നത്തിന്റെ അളവ് അഭൂതപൂർവമാണെന്നും അതു കാഴ്ചപ്പാടിൽ ഒരവസാനമില്ലാതെ വളർന്നുകൊണ്ടിരിക്കുകയാണെന്നും വിദഗ്ധർ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചിരിക്കുന്നത് എന്താണ്? എന്തെങ്കിലുമൊരു പരിഹാരമുണ്ടോ? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Boy on left: UN PHOTO 159243/J. Isaac
U.S. Navy photo