“അവൻ ആദ്യമായി വായിച്ചുതീർത്ത പുസ്തകം അതായിരുന്നു”
യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും ട്രെയിൻ കാത്തുനിൽക്കുന്നവരോടു സംസാരിക്കാറുണ്ട്. ബൈബിളിൽ താത്പര്യം പ്രകടിപ്പിച്ച ഒരു സ്ത്രീക്ക് എന്റെ ബൈബിൾ കഥാ പുസ്തകത്തിന്റെ ഒരു പ്രതി നൽകുകയുണ്ടായി. ബൈബിൾ ചരിത്രം കാലാനുക്രമത്തിൽ വിവരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങളുണ്ട്.
പിന്നീടൊരിക്കൽ അതേ സ്റ്റേഷനിൽ വെച്ച് ആ സ്ത്രീ സാക്ഷിയെ വീണ്ടും കണ്ടപ്പോൾ ആ പുസ്തകത്തിനു നന്ദി പറഞ്ഞു. അവർ വിവരിച്ചു: “എന്റെ മകന് സ്കൂൾ പുസ്തകങ്ങൾ പഠിക്കാൻ താത്പര്യമില്ലായിരുന്നു. അവൻ അവ വായിച്ചിരുന്നില്ലെന്നുതന്നെ പറയാം. എന്നാൽ ഞാൻ ബൈബിൾ കഥാ പുസ്തകം കാണിച്ചുകൊടുത്തപ്പോൾ അവൻ ആ ചിത്രങ്ങൾ കാണുകയും അവന് അതു വായിക്കാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകുകയും ചെയ്തു. ഏതാണ്ട് രണ്ടാഴ്ചകൊണ്ട് അവൻ ആ പുസ്തകം മുഴുവൻ വായിച്ചുതീർത്തു. അവൻ ആദ്യമായി വായിച്ചുതീർത്ത പുസ്തകം അതായിരുന്നു. എന്നാൽ എല്ലാറ്റിലുമുപരി, ദൈവത്തെ അറിയാൻ സാധിച്ചതിൽ അവൻ സന്തോഷിച്ചു. അവനിൽ വന്ന ഈ മാറ്റങ്ങൾ കാണുന്നതിൽ ഞാനും സന്തോഷിക്കുന്നു. കൂടുതലായി വായിക്കാൻ എനിക്കെന്തെങ്കിലും തരാമോ?”
അരികിൽ നിന്നിരുന്ന മറ്റൊരു സ്ത്രീ ഇതു കേൾക്കാനിടയായി. എന്റെ ബൈബിൾ കഥാ പുസ്തകത്തിന്റെ ഒരു പ്രതി തനിക്കും ലഭിക്കുമോ എന്നായി അവർ. 256 പേജുള്ള ഈ പുസ്തകത്തിന്റെ ഒരു പ്രതി നിങ്ങൾക്കും സ്വന്തമാക്കാം. അല്ലെങ്കിൽ ബൈബിൾ പഠനത്തിന്റെ മൂല്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ആരെങ്കിലും നിങ്ങളുടെ വീട്ടിൽ വരികയും ചെയ്യും. ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലോ എഴുതുക.