ബഹുമുഖോപയോഗമുള്ള ചിറ്റെങ്ക
നമീബിയയിലെ ഉണരുക! ലേഖകൻ
ചിറ്റെങ്ക—അതെന്താണെന്ന് നിങ്ങൾക്കറിയാമോ? തിരക്കില്ലെങ്കിൽ, ആഫ്രിക്കയിലെ ഒരു ഗ്രാമത്തിലേക്കുവരൂ. ജോലിചെയ്യുമ്പോഴും അല്ലാത്തപ്പോഴും ബഹുമുഖോപയോഗമുള്ള ചിറ്റെങ്ക ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കാണൂ.
നമീബിയയിലെ റുൻഡു ഗ്രാമമാണ് നാം സന്ദർശിക്കുന്നത്. നമ്മുടെ ആദ്യത്തെ താവളം തിരക്കേറിയ ഒരു അങ്ങാടിയാണ്. പ്രസന്നവദനരായ സ്ത്രീകൾ വിലപേശി സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നു, അല്ലെങ്കിൽ കുശലാന്വേഷണം നടത്തുന്നു. എന്നാൽ ശ്രദ്ധിച്ചൊന്നു നോക്കിക്കേ. അവരെല്ലാവരുംതന്നെ വളരെ വ്യത്യസ്തമായ ഒരു വസ്ത്രം, ചിറ്റെങ്ക എന്നറിയപ്പെടുന്ന മുണ്ടുപോലുള്ള ഒരു വസ്ത്രം, ധരിച്ചിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.
പരുത്തികൊണ്ടുള്ള ഒരു ചിറ്റെങ്കയ്ക്ക് രണ്ടു മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുണ്ട്. അസംഖ്യം വർണങ്ങളിലും വ്യത്യസ്ത ഡിസൈനുകളിലും അതു ലഭ്യമാണ്. മൃഗങ്ങളുടെയോ ആളുകളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ ചിത്രങ്ങൾക്കൊണ്ട് അലംകൃതമാണവ.
അടുത്തതായി നാം ഗ്രാമീണരിൽ ചിലരെ, അവരുടെ വൃത്തിയുള്ള, പുല്ലുമേഞ്ഞ മൺകുടിലുകളിൽ സന്ദർശിക്കുന്നു. മുറ്റമടിക്കൽ, ഭക്ഷണം പാകംചെയ്യൽ എന്നിങ്ങനെയുള്ള ഗൃഹജോലികളൊക്കെയായി സ്ത്രീകൾക്ക് നല്ല തിരക്കാണ്. ചിലർ ഒരു ചിറ്റെങ്ക മാത്രമേ ധരിച്ചിട്ടുള്ളൂ. മാറിനു മുകളിൽ ചുറ്റിക്കെട്ടിയ ഒരുതരം ഗൗണുപോലെയാണ് അവർ അതു ധരിച്ചിരിക്കുന്നത്. വസ്ത്രം ധരിക്കുമ്പോൾ, ഒരുപക്ഷേ പാവാടയും ബ്ലൗസും ഇടുമ്പോൾ, സ്ത്രീകൾ തങ്ങളുടെ അരയിൽ ഒരു ചിറ്റെങ്ക ഉടുക്കുന്നു. പൊടിനിറഞ്ഞ ഗ്രാമീണ പാതകളിലൂടെ നടക്കുമ്പോൾ പാവാട മുഷിയാതിരിക്കാനാണ് ഇത് ഉടുക്കുന്നത്.
ആ യുവസുന്ദരിയെ നിങ്ങൾ കണ്ടോ? രണ്ടു മീറ്ററുള്ള ഒരു ചിറ്റെങ്കകൊണ്ട് അവൾ സങ്കീർണവും മനോഹരവുമായ ഒരു തലപ്പാവ് ഉണ്ടാക്കിയിരിക്കുന്നു. അവൾ തന്റെ കുഞ്ഞിനെ എടുത്തിരിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കൂ. ഒരു ചിറ്റെങ്കയുടെ രണ്ടറ്റവും കൂട്ടിക്കെട്ടി തന്റെ തോളിൽ ഒരു തൊട്ടിൽപോലെ തൂക്കിയിട്ടിരിക്കുകയാണവൾ. തന്നെ അമ്മ ഇങ്ങനെ എടുക്കുന്നതിൽ കുഞ്ഞിന് സന്തോഷമേയുള്ളൂ. കരയാൻ തുടങ്ങിയാൽ, അവൾ ഈ തൊട്ടിൽ മെല്ലെ മുമ്പിലേക്കെടുത്ത് നടന്നുകൊണ്ടുതന്നെ അവനെ മുലയൂട്ടുകയോ ലാളിക്കുകയോ ചെയ്യുന്നു.
ചുറ്റിക്കെട്ടിയ ആ തുണിയുടെ തുമ്പത്ത് ഒരു കുടുക്കുണ്ടാക്കി അതിൽ അവൾ പണം സൂക്ഷിച്ചിരിക്കുന്നതു നിങ്ങൾ കണ്ടുകാണും—സൗകര്യപ്രദമായ ഒരു പേഴ്സ്. സാധനങ്ങൾ വാങ്ങിയശേഷം, തലപ്പാവാക്കിയ ചിറ്റെങ്ക അഴിച്ചെടുത്ത് പച്ചക്കറികൾ അതിൽവെച്ച് വിദഗ്ധമായി കെട്ടി തന്റെ തലയിൽവെച്ച് അവൾ വീട്ടിലേക്കു കൊണ്ടുപോകുന്നു.
അവൾ തന്റെ വീട്ടിലേക്കു കയറുമ്പോൾ, ബഹുമുഖോപയോഗമുള്ള ഈ തുണിയുടെ മറ്റുചില വിദഗ്ധ ഉപയോഗങ്ങൾക്കും നിങ്ങൾ സാക്ഷിയാകും. എല്ലാ വാതിൽക്കലും നിറപ്പകിട്ടാർന്ന ഓരോ ചിറ്റെങ്ക തൂക്കിയിട്ടിരിക്കുന്നു. വീടിന്റെ ഉള്ളിൽ ഇടഭിത്തികളില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നു. അതിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്ക് കെട്ടിയിരിക്കുന്ന വണ്ണംകുറഞ്ഞ കയറിൽ, കിടപ്പുമുറിയിൽനിന്ന് സ്വീകരണമുറിയെ വേർതിരിക്കുന്ന നാലു ചിറ്റെങ്കകൾ തൂക്കിയിട്ടിരിക്കുന്നു.
നമ്മുടെ ആതിഥേയ തലയിൽനിന്നു പച്ചക്കറികൾ താഴെയിറക്കുന്നു. അപ്പോഴാണ് വിറകില്ലെന്ന കാര്യം അവൾ തിരിച്ചറിയുന്നത്. വിറകുപെറുക്കാൻ പോകുന്നതിനുമുമ്പ്, വേറൊരു ചിറ്റെങ്ക കൂടി അവൾ എടുക്കുന്നു. വിറകുപെറുക്കിയ ശേഷം ഒരു ചിറ്റെങ്കകൊണ്ട് അവൾ അത് കെട്ടുന്നു. പിന്നെ മറ്റേ ചിറ്റെങ്ക എടുത്ത് കട്ടിയുള്ള ഒരു ചുമ്മാടുണ്ടാക്കി തലയിൽ വെക്കുന്നു. തലയിൽ ഒരു വലിയകെട്ട് വിറകുമെടുത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ അതവൾക്കു നല്ല ഒരു കുഷ്യനായി ഉതകുന്നു.
അടുപ്പിൽ വെച്ചിരിക്കുന്നത് തിളയ്ക്കുന്നതിനിടയിൽ, അവൾ അയൽപക്കത്ത് ഒരു ഹ്രസ്വ സന്ദർശനം നടത്തുന്നു. ആംഗ്യങ്ങളൊക്കെ കാണിച്ച് സംസാരിക്കുന്നതിനിടയ്ക്ക് ചിറ്റെങ്ക ഒരു പുതപ്പുപോലെ തറയിൽ വിരിച്ച് അവൾ കുഞ്ഞിനെ അതിൽ ഇരുത്തുന്നു. കളിക്കാനായി ഒരു കമ്പ് കൊടുക്കുമ്പോൾ അവൻ അമ്മയ്ക്ക് ഒരു പുഞ്ചിരി സമ്മാനിക്കുന്നു.
അടുപ്പിൽവെച്ചിരിക്കുന്നത് നോക്കാനായി നമ്മുടെ സുഹൃത്തിന് പെട്ടെന്നുതന്നെ അവിടെനിന്നു പോരേണ്ടതുണ്ട്. എന്നാൽ മാനം ഇരുണ്ട് പൊടുന്നനെ മഴ പെയ്യുന്നു. അതൊന്നും കാര്യമാക്കാതെ, കുട്ടിയെ കൈയിലെടുത്തിട്ട് വിദഗ്ധമായി ചിറ്റെങ്കകാണ്ട് തന്റെയും കുഞ്ഞിന്റെയും തലമൂടുന്നു. പെട്ടെന്നുണ്ടാക്കിയ ഈ കുടയുംചൂടി അടുപ്പിൽവെച്ചിരിക്കുന്നത് നോക്കാനായി അവൾ വീട്ടിലേക്കു നടക്കുന്നു.
പാവാട, ഗൗൺ, പേഴ്സ്, സഞ്ചി, കുഷ്യൻ, പുതപ്പ്, കുട, കുഞ്ഞിനെ എടുക്കാനുള്ള തുണി, തലപ്പാവ്—ചിറ്റെങ്കയുടെ ഉപയോഗം അനവധിയെന്ന് തോന്നുന്നു. ഈ ഉപയോഗങ്ങളാകട്ടെ ആഫ്രിക്കക്കാരുടെ വൈദഗ്ധ്യത്തിനു സാക്ഷ്യംവഹിക്കുന്നു.
[23-ാം പേജിലെ ചിത്രം]
“ചിറ്റെങ്ക”യ്ക്ക് വിവിധ ഉപയോഗങ്ങളുണ്ട്: വിറക് കെട്ടാനുള്ള കയർ, കുട്ടിയെ കിടത്താനുള്ള തൊട്ടിൽ, മനോഹരമായ ഒരു തലപ്പാവ്, വർണപ്പകിട്ടാർന്ന പുതപ്പ്