ഒരു റഷ്യൻ പെൺകുട്ടിയുടെ പ്രത്യാശ
മോസ്കോയ്ക്ക് 1,200-ലധികം കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന, 1,00,000-ത്തിലധികം ജനസംഖ്യയുള്ള ഉക്ത എന്ന റഷ്യൻ പട്ടണം. അവിടെ താമസിക്കുന്ന ഒരു 15 വയസ്സുകാരി ഭൂമിയിൽ മെച്ചപ്പെട്ട അവസ്ഥ ഉണ്ടായിരിക്കുന്നതിന് അതിയായ ആഗ്രഹം പ്രകടിപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ റഷ്യയിലെ ബ്രാഞ്ച് ഓഫീസിലേക്കയച്ച പിൻവരുന്ന കത്തിൽ അവൾ അതു വിശദീകരിച്ചു:
“ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചു വിവരിക്കുന്നുണ്ടെന്നു കൂട്ടുകാരി എന്നോടു പറഞ്ഞു. നിങ്ങളുടെ പുസ്തകങ്ങളിലും മാസികകളിലും ലഘുപത്രികകളിലും എനിക്കു വളരെ താത്പര്യമുണ്ട്. ഈ താത്പര്യം വികാസം പ്രാപിച്ചതെങ്ങനെയെന്നു ഞാൻ വിശദീകരിക്കാം. റേഡിയോയുടെയും ടെലഫോണിന്റെയും ബില്ലടയ്ക്കാനായി ടെലഗ്രാഫ് ഓഫീസിൽ ചെന്നപ്പോഴാണ് അതു സംഭവിച്ചത്. അവിടെ നിലത്ത് ഒരു ലഘുലേഖ കിടക്കുന്നതു ഞാൻ കണ്ടു. പൊടിതട്ടിക്കളഞ്ഞിട്ട് ഞാനതു വായിക്കാനാരംഭിച്ചു. ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത എന്തുകൊണ്ട്? എന്നായിരുന്നു അതിന്റെ ശീർഷകം.
“ആളുകൾ നേരിടുന്ന ദുരിതങ്ങളെയും കഷ്ടതകളെയുംകുറിച്ചു ഞാൻ വായിച്ചു. ലഘുലേഖയുടെ പുറംപേജിൽ വാഗ്ദത്ത പറുദീസയിലെ ഒരു പുതിയ ജീവിതത്തെക്കുറിച്ചു ചിത്രീകരിച്ചിരുന്നു. ഒരിക്കൽ അതു യാഥാർഥ്യമായിത്തീരുമെന്നാണ് എന്റെ പ്രത്യാശ. ആളുകളെല്ലാം സന്തുഷ്ടരും സംതൃപ്തരും ആരോഗ്യമുള്ളവരും ആയിരിക്കുന്നതു കാണാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. മരിച്ചുപോയ ബന്ധുക്കളെ കാണാനും എനിക്ക് ആഗ്രഹമുണ്ട്. . . . ഭൗമിക പറുദീസയിൽ ജീവിക്കാനുള്ള പ്രത്യാശ കൈവരിക്കേണ്ടതിന് എന്തുചെയ്യണമെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. കൂടുതലായ വിവരങ്ങളോ പുസ്തകങ്ങളോ അയച്ചുതരാൻ ഞാൻ അപേക്ഷിക്കുകയാണ്. അവയുടെ വിലയും തപാൽക്കൂലിയും ഞാൻ വഹിച്ചുകൊള്ളാം.”
പറുദീസാഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള സുദൃഢവും ബൈബിളധിഷ്ഠിതവുമായ പ്രത്യാശ നേടാൻ സഹായിക്കുന്ന സാഹിത്യങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ ഒരു പ്രതി ലഭിക്കാനോ ആരെങ്കിലും നിങ്ങളുടെ വീട്ടിൽവന്ന് നിങ്ങളുമായി ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്താനോ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.