ഞങ്ങളുടെ വായനക്കാരിൽനിന്ന്
വൃക്കകൾ “നിങ്ങളുടെ വൃക്കകൾ—ജീവൻ നിലനിർത്തുന്ന അരിപ്പ” (ആഗസ്റ്റ് 8, 1997) എന്ന ലേഖനം എന്നെ എത്രമാത്രം സ്പർശിച്ചു എന്നു നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വൃക്കയ്ക്കു തകരാറുണ്ടെന്ന് ഡോക്ടർ എന്നോടു പറഞ്ഞു. പ്രസ്തുത ലേഖനം നിമിത്തം ആ രോഗം എനിക്കു മാത്രമേ ഉള്ളൂ എന്ന തോന്നൽ എനിക്കിപ്പോൾ മുമ്പത്തെ അത്രയും ഇല്ല.
വി. എം., ഐക്യനാടുകൾ
വൃക്ക രോഗം നിമിത്തം നാലു മാസം ഞാൻ ആശുപത്രിയിൽ കിടന്നു. എന്റെ ശരീരത്തെക്കുറിച്ച് ഞാൻ എത്രമാത്രം അജ്ഞനായിരുന്നു എന്നു തിരിച്ചറിയാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു. ഇപ്പോൾ എനിക്കെന്റെ അവസ്ഥയെക്കുറിച്ച് മറ്റുള്ളവരോട് ഏറെ നന്നായി വിശദീകരിക്കാൻ കഴിയുന്നുണ്ട്.
എസ്. എച്ച്., ജപ്പാൻ
എന്റെ ഭാര്യയുടെ വൃക്കയ്ക്ക് കാൻസർ ബാധിച്ചിരിക്കുന്നുവെന്ന് ഡോക്ടർ അവളോടു പറഞ്ഞ സമയത്താണ് ആ ലേഖനം എത്തിയത്. രോഗനിർണയം ഞങ്ങളെ ഞെട്ടിച്ചെങ്കിലും ശസ്ത്രക്രിയാവിദഗ്ധൻ വൃക്കയുടെ വിവിധ ധർമങ്ങളെക്കുറിച്ച് വിശദീകരിച്ചു തന്നപ്പോൾ ഞങ്ങൾക്കതു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ ഭാര്യയുടെ ഒരു വൃക്ക എടുത്തുകളഞ്ഞു. അവളിപ്പോൾ ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരികയാണ്.
ജി. എസ്., ഇന്ത്യ
ശിൽപ്പിയുടെ കഥ “ലോകത്തിന്റെ കയ്യടി വാങ്ങുന്നതിനെക്കാൾ മെച്ചമായ ഒന്ന്” എന്ന ചിലോ പെർട്ടോയുടെ അനുഭവം എന്റെ ഹൃദയത്തെ ഊഷ്മളമാക്കി. (ആഗസ്റ്റ് 22, 1997) ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതിനു മുമ്പ് സംഗീതാലാപനവും നാടകാഭിനയവും ഉൾപ്പെട്ട ഒരു ജീവിതവൃത്തിയായിരുന്നു എന്റേത്. സ്നാപനത്തിന്റെ തലേ രാത്രിയിൽ ജനപ്രീതിയാർജിച്ച ഒരു ടെലിവിഷൻ പരമ്പരയുടെ തിരക്കഥാകൃത്തുകളിൽനിന്ന് എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. ഞാൻ മേലാൽ ഒരു വിനോദപരിപാടിക്കാരനല്ല എന്നു പറഞ്ഞപ്പോൾ “താങ്കൾക്കു ബുദ്ധിഭ്രമം സംഭവിച്ചോ?” എന്നവർ ചോദിച്ചു. യഹോവ എന്റെ തീരുമാനത്തെ മഹത്തായ വിധത്തിൽ അനുഗ്രഹിച്ചിരിക്കുന്നതായി ചിലോ പെർട്ടോയെപ്പോലെ എനിക്കും തോന്നുന്നു.
ആർ. എഫ്., ഐക്യനാടുകൾ
റഷ്യൻ ദൈവശാസ്ത്രജ്ഞൻ “റഷ്യയിലെ യഹോവയുടെ സാക്ഷികൾ” എന്ന ലേഖനം അച്ചടിച്ചതിന് വളരെയധികം നന്ദിയുണ്ട്. (ആഗസ്റ്റ് 22, 1997) യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള സത്യം അച്ചടിക്കുന്നതിനുള്ള ധൈര്യവും ആഗ്രഹവും പ്രകടിപ്പിച്ചതിന് എനിക്ക് സ്യിർഗ്യേ ഇവ്വാന്യെൻകൊയോട് വളരെയധികം ആദരവും ബഹുമാനവുമുണ്ട്.
എസ്. എം., ഐക്യനാടുകൾ
വിദ്വേഷം “വിദ്വേഷം എന്തുകൊണ്ട് ഇത്ര അധികം? സ്നേഹം എന്തുകൊണ്ട് ഇത്ര വിരളം?” (സെപ്റ്റംബർ 8, 1997) എന്ന തലക്കെട്ടിൻ കീഴിൽ വന്ന മാസികയുടെ പുറംചട്ട നിങ്ങൾ അച്ചടിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല പുറംചട്ടകളിൽ പെടുന്നു. ആളുകൾ അപരിചിതരെയും വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ആളുകളെയും അവിശ്വസിക്കുന്നത് എന്തുകൊണ്ടെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ പ്രസ്തുത ലേഖനങ്ങൾ എന്നെ സഹായിച്ചു.
ജെ. എം., ഐക്യനാടുകൾ
ആർഎസ്ഡി—വേദനാകരമായ ആരോഗ്യപ്രശ്നം “ആർഎസ്ഡി—കുഴപ്പിക്കുന്ന, വേദനാകരമായ ഒരു ആരോഗ്യപ്രശ്നം” (സെപ്റ്റംബർ 8, 1997) എന്ന ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ നിങ്ങൾക്ക് എഴുതേണ്ടത് എന്റെ കടമയാണെന്ന് എനിക്കു തോന്നി. എനിക്ക് ആർഎസ്ഡി ഉണ്ടെന്ന് അറിഞ്ഞത് ജനുവരിയിലാണ്. അതു സംബന്ധിച്ച് കുറച്ചു വിവരങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമം നടത്തി. അതുകൊണ്ട് ആ ലേഖനം കണ്ടപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. അത് പ്രായോഗികമായിരുന്നു, എന്റെ പല ചോദ്യങ്ങൾക്കും അത് ഉത്തരംനൽകി.
ഡബ്ലിയു. ബി., ഇംഗ്ലണ്ട്
എനിക്കു നാലു വർഷമായി ആർഎസ്ഡി ഉണ്ട്. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്തുന്നതിന് നിങ്ങൾ നടത്തിയ ശ്രമത്തിനു നന്ദി. അതു വാസ്തവത്തിൽ നിങ്ങളുടെ അയൽസ്നേഹത്തിന്റെ പ്രകടനമായിരുന്നു.
ജി. എസ്., ജർമനി
എന്റെ ഭർത്താവിന് ആർഎസ്ഡി-യാണ്. ഈ രോഗത്തെക്കുറിച്ച് മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു. അതിനെക്കുറിച്ച് ആ ലേഖനത്തിൽ സമഗ്രമായി ചർച്ച ചെയ്തിരിക്കുന്നതിനാൽ ഇപ്പോൾ ഞങ്ങൾക്ക് അതു വളരെ എളുപ്പമാണ്. ഞങ്ങൾ ആ വിവരങ്ങൾ ഡോക്ടർമാർക്കും പുനരധിവാസ കാര്യാലയങ്ങൾക്കും കൈമാറിക്കഴിഞ്ഞു. ആർഎസ്ഡി-യുമായുള്ള കാരെൻ ഓർഫിന്റെ പോരാട്ടത്തെക്കുറിച്ചു വായിക്കുന്നത് എന്റെ ഭർത്താവിന്റെ ജീവിത കഥ വായിക്കുന്നതുപോലെ ആയിരുന്നു! കാരെനെപ്പോലെ ഞങ്ങളും മേലാൽ വേദന ഉണ്ടായിരിക്കുകയില്ലാത്ത പുതിയ ലോകത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയാണ്.
കെ. പി., ഓസ്ട്രേലിയ
തന്റെ അനുഭവം വിശദീകരിച്ചതിന് കാരെനു നന്ദി. എന്റെ ചിന്തകളിലും പ്രാർഥനകളിലും ഞാനവളെ ഓർക്കുന്നു. അവളുടെ അവസ്ഥ തുടർന്നും മെച്ചപ്പെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ആർഎസ്ഡി എന്റെ മുതുകിനെയും കാലുകളെയും കാലിന്റെ വെള്ളയെയും ബാധിക്കുന്നു. യോഗങ്ങൾക്കു പോയാലുള്ള ഇരിപ്പും വയൽശുശ്രൂഷയിലുള്ള നടപ്പും എനിക്ക് വല്ലാത്ത അസ്വാസ്ഥ്യവും വേദനയും ഉളവാക്കുന്നു. എങ്കിലും യഹോവയുടെ സഹായത്താൽ ഇതൊന്നും എനിക്ക് തടസ്സമായിട്ടില്ല.
സി. കെ., ഇംഗ്ലണ്ട്