പരസ്യ പ്രളയത്തിൽപ്പെട്ട് ഉഴലുമ്പോൾ
“പപ്പാ, അമ്പിളിയമ്മാവൻ എന്താണു പരസ്യപ്പെടുത്തുന്നത്?” ഒരു കൊച്ചു പെൺകുട്ടിയുടെ ഈ വിചിത്രമായ ചോദ്യം ഏതാണ്ട് 50 വർഷം മുമ്പ് കാൾ സാൻഡ്ബർഗ് എഴുതിയ ഒരു കവിതയിലേതാണ്. ഭാവിയിൽ ആ ചോദ്യം അത്ര വിചിത്രമായി തോന്നുകയില്ലായിരിക്കാം. ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നത് അനുസരിച്ച് ലണ്ടൻ പരസ്യരംഗത്തെ പ്രമുഖരായ രണ്ടു പേർ പ്രതിബിംബിത സൂര്യപ്രകാശം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ പരസ്യങ്ങൾ പതിപ്പിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ചന്ദ്രനെ ഒരു പരസ്യപ്പലകയായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഒന്നു വിഭാവന ചെയ്യുക! ഒരു വാണിജ്യ സന്ദേശം ലോക സദസ്സിനാകെ പരസ്യപ്പെടുത്തുന്നതിനെ കുറിച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ. കാണികൾക്ക് ഓഫ് ചെയ്യാനോ റിസീവർ താഴെവെച്ചു ബന്ധം വിച്ഛേദിക്കാനോ കുപ്പയിൽ തള്ളാനോ ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിശ്ശബ്ദമാക്കാനോ കഴിയാത്ത ഒരു സന്ദേശമായിരിക്കും അത്. പ്രസ്തുത ആശയം നിങ്ങൾക്ക് അത്ര വലിയ കാര്യം അല്ലായിരിക്കാം, എന്നാൽ മറ്റു ചിലർക്ക് അത് ഒരു സ്വപ്നസാക്ഷാത്കാരം ആയിരിക്കും.
പരസ്യങ്ങൾ ചന്ദ്രോപരിതലം വരെ എത്തിയിട്ടില്ലെങ്കിലും അത് ഭൂമിയെ ഗ്രസിച്ചിരിക്കുകയാണ്. മിക്ക അമേരിക്കൻ പത്രമാസികകളും അവയുടെ താളുകളുടെ 60 ശതമാനം പരസ്യങ്ങൾക്കായി നീക്കിവെക്കുന്നു. ദ ന്യൂയോർക്ക് ടൈംസിന്റെ ഞായറാഴ്ചത്തെ പതിപ്പിൽ 350 പേജു നിറയെ പരസ്യങ്ങളാണ്. ഓരോ മണിക്കൂറിലും 40 മിനിറ്റു സമയം പരസ്യങ്ങൾക്കായി മാറ്റിവെക്കുന്ന ചില റേഡിയോ സ്റ്റേഷനുകളും ഉണ്ട്.
ഇനി ടെലിവിഷന്റെ കാര്യമെടുക്കാം. ഒരു കണക്കനുസരിച്ച്, അമേരിക്കയിലെ കുട്ടികൾ ഓരോ ആഴ്ചയിലും മൂന്നു മണിക്കൂർ നേരം ടെലിവിഷൻ പരസ്യങ്ങൾ വീക്ഷിക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും അവർ 3,60,000 ടിവി പരസ്യങ്ങൾ കണ്ടിരിക്കും. വിമാനത്താവളങ്ങൾ, ആശുപത്രിയിലെ കാത്തിരിപ്പു മുറികൾ, സ്കൂളുകൾ എന്നിവിടങ്ങളിലൊക്കെ ടെലിവിഷൻ പരസ്യങ്ങൾ സാധാരണമാണ്.
പ്രധാന സ്പോർട്സ് പരിപാടികൾ ഇപ്പോൾ പരസ്യത്തിനുള്ള പ്രമുഖ വേദികളാണ്. കാറോട്ട മത്സരത്തിലെ കാറുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ചില കായിക താരങ്ങൾക്ക് അവരുടെ പണത്തിലധികവും ലഭിക്കുന്നത് പരസ്യക്കാരിൽ നിന്നാണ്. ഒരു പ്രമുഖ ബാസ്ക്കറ്റ് ബോൾ താരം പന്തുകളിച്ചു സമ്പാദിച്ചത് 39 ലക്ഷം ഡോളറാണ്. എന്നാൽ തങ്ങളുടെ ഉത്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിനായി പരസ്യക്കാർ അയാൾക്കു കൊടുത്തതാകട്ടെ അതിന്റെ ഒമ്പത് ഇരട്ടിയും.
പരസ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ഒരിടവുമില്ല. ചുമരുകളിലും ബസ്സുകളിലും ട്രക്കുകളിലും സൂപ്പർമാർക്കറ്റുകളിലും കടകളിലും ലിഫ്റ്റുകളിലും വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ടാക്സികളുടെയും ഭൂഗർഭ റെയിൽവേയുടെയും ഉൾവശവും പൊതുകക്കൂസുകളുടെ വാതിലുകളും അവയാൽ അലങ്കൃതമാണ്. തെരുവുകളിൽ ഉച്ചഭാഷിണികളിലൂടെ പരസ്യങ്ങൾ വിളിച്ചു പറയുന്നതു കേൾക്കാം. എന്തിന്, പല രാജ്യങ്ങളിലും ടെലഫോൺ സംഭാഷണത്തിനിടയ്ക്കു പോലും പരസ്യങ്ങൾ കേൾക്കാം. ചില രാജ്യങ്ങളിൽ തപാലിലൂടെ വളരെയധികം പരസ്യ നോട്ടീസുകൾ വരുന്നതിന്റെ ഫലമായി ആളുകൾ അതു കിട്ടിയാലുടൻ നേരെ പോകുന്നത് ഏറ്റവും അടുത്തുള്ള ചവറ്റുകൊട്ടയുടെ അടുത്തേക്കാണ്.
ഒരു ആഗോള പരസ്യ ഏജൻസിയായ മക്കാൻ-എറിക്സൺ പ്രസിദ്ധീകരിച്ച ഇൻസൈഡെഴ്സ് റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, 1990-ൽ പരസ്യങ്ങൾക്കുവേണ്ടി ലോകമെമ്പാടും 11,02,000 കോടി രൂപ ചെലവഴിക്കപ്പെട്ടതായി കണക്കാക്കുന്നു. 1997-ൽ ആ സംഖ്യ 16,46,400 കോടി രൂപയായി കുതിച്ചുയർന്നു. 1998-ൽ അത് 17,37,600 കോടി രൂപയായി തീരുമെന്നാണ് കണക്ക്. ഒരു വൻതുക തന്നെ!
ഇതിന്റെയെല്ലാം ഫലം എന്താണ്? ഒരു വിശകലനവിദഗ്ധ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “പരസ്യങ്ങൾ മാനവ സംസ്കാരത്തിലെ അതിശക്തമായ സാമൂഹികവത്കരണ ശക്തികളിൽ ഒന്നാണ്. . . . അവ ഉത്പന്നങ്ങൾ വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നതിനു പുറമേ പ്രതിച്ഛായകൾ, മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, നാം ആരാണെന്നതും ആരായിരിക്കണമെന്നതും സംബന്ധിച്ച ധാരണകൾ, ഇവ നമ്മെ സ്വാധീനിക്കാൻ അനുവദിക്കുകയും ചെയ്യുന്നു . . . അവ നമ്മുടെ മനോഭാവങ്ങളെ രൂപപ്പെടുത്തുന്നു, മനോഭാവങ്ങൾ നമ്മുടെ പെരുമാറ്റത്തെയും.”
നിങ്ങൾക്ക് പരസ്യങ്ങളിൽനിന്ന് ഓടിയൊളിക്കാൻ കഴിയുകയില്ലാത്തതുകൊണ്ട് അവയുടെ പ്രവർത്തനവിധവും അവ നിങ്ങളെ സ്വാധീനിച്ചേക്കാവുന്ന വിധവും മനസ്സിലാക്കാൻ ശ്രമിക്കരുതോ?