ചന്ദ്രൻ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുവോ?
ഭൂമിയിലെ ജീവജാലങ്ങളെ ചന്ദ്രൻ വ്യത്യസ്ത വിധങ്ങളിൽ സ്വാധീനിക്കുന്നുവെന്ന് ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ വിശ്വസിച്ചുപോരുന്നു. ചാന്ദ്ര ഘട്ടങ്ങൾക്ക് അഥവാ വൃദ്ധി-ക്ഷയങ്ങൾക്കു സസ്യങ്ങളുടെയും ജന്തുക്കളുടെയും എന്തിന്, മനുഷ്യരുടെമേൽപ്പോലും സ്വാധീനമുള്ളതായി കരുതപ്പെട്ടിരിക്കുന്നു. വളരെക്കാലമായി വിശ്വസിച്ചുപോരുന്ന ഇത്തരം ആശയങ്ങളിൽ ചിലതു തെറ്റാണെന്ന് ആധുനിക ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചെങ്കിലും മറ്റു വിശ്വാസങ്ങൾ ഇന്നോളം നിലനിൽക്കുകതന്നെ ചെയ്യുന്നു. വസ്തുതകൾ എന്താണു പ്രകടമാക്കുന്നത്?
ചാന്ദ്ര ഘട്ടങ്ങൾക്കും സസ്യങ്ങളുടെ വളർച്ചയ്ക്കും തമ്മിൽ ബന്ധമുണ്ടെന്നു ചിലർ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട്, പൂച്ചെടികൾ നടേണ്ടതും വളമിടേണ്ടതും വീഞ്ഞ് കുപ്പിയിലാക്കേണ്ടതും ഭക്ഷ്യവസ്തുക്കൾ സംസ്കരിക്കേണ്ടതും എപ്പോഴാണെന്ന് തീരുമാനിക്കാൻ അവർ കലണ്ടറുകളും പഞ്ചാംഗങ്ങളും നോക്കുന്നു. ശരിയായ ചാന്ദ്ര ഘട്ടത്തിലല്ല ചില കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ, അത് ഉത്പന്നത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഒരു പുസ്തകം തോട്ടക്കാർക്ക് പിൻവരുന്ന നിർദേശം നൽകുന്നു: “വേവിക്കാതെ കഴിക്കാനുള്ള പച്ചക്കറികൾ ചന്ദ്ര വൃദ്ധിയുടെ സമയത്തും സംസ്കരിക്കാനുള്ളവ ചന്ദ്ര ക്ഷയ സമയത്തും പറിച്ചെടുക്കണം.” ഇങ്ങനെ ചെയ്യുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
ചില പഠനങ്ങൾ ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളെ സസ്യങ്ങളുടെ വളർച്ചയോടു ബന്ധിപ്പിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും, അനേകം ശാസ്ത്രജ്ഞന്മാർക്കും അതു സംബന്ധിച്ച് ഉറപ്പില്ല. അവർ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾ സങ്കീർണമാണ്, അവ പൂർണമായും ക്രമാനുസൃതമാണെന്നു പറയാനാവില്ല, അതിന്റെ ഫലങ്ങൾ ശ്രദ്ധേയവുമല്ല. അതുകൊണ്ട് പരീക്ഷണ പഠനങ്ങൾ കൃത്യമായി ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്.
എന്നിരുന്നാലും, ചന്ദ്രന്റെ ചില സ്വാധീനഫലങ്ങൾ സത്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഉദാഹരണം പറഞ്ഞാൽ, അനേകം ജീവികളുടെയും പ്രവർത്തനങ്ങൾ, തീറ്റ, പുനരുത്പാദനം, മറ്റു ജീവശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ ചന്ദ്രന്റെ ഗുരുത്വബലത്തിന്റെ ഫലമായുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു.
വേലിയേറ്റത്തെയും വേലിയിറക്കത്തെയും ചന്ദ്രൻ സ്വാധീനിക്കുന്നെങ്കിൽ, ശരീരത്തിൽ 80 ശതമാനവും ജലം അടങ്ങിയിരിക്കുന്ന മനുഷ്യരെയും അതു സ്വാധീനിക്കേണ്ടതാണെന്നു ചിലർ അവകാശപ്പെടുന്നു. ചാന്ദ്ര ഘട്ടങ്ങൾക്കു മാനസിക ക്രമക്കേടുകളുമായും ജനന സമയവുമായും ഒരു ചാന്ദ്രമാസത്തിന്റെ ഏതാണ്ട് അത്രയും തന്നെ ദൈർഘ്യമുള്ള ആർത്തവ പരിവൃത്തിയുമായിപ്പോലും ബന്ധമുണ്ടെന്ന ധാരണയെ സംബന്ധിച്ചെന്ത്?
ഇതു സംബന്ധിച്ച സത്യാവസ്ഥ മനസ്സിലാക്കാൻ മനോരോഗ ചികിത്സ, മനശ്ശാസ്ത്രം, സ്ത്രീരോഗചികിത്സ എന്നീ മേഖലകളിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ലഭിച്ച ഫലം തൃപ്തികരമല്ല. മാനുഷിക പ്രവർത്തനങ്ങളും ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളും തമ്മിൽ നേരിയ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ചില ഗവേഷകർ അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊരു ബന്ധമേ ഇല്ലെന്ന് മറ്റു ചിലർ തുറന്നടിച്ചു പറയുന്നു. ചന്ദ്രന്റെ പരിവൃത്തികൾക്കു മനുഷ്യജനനത്തിന്മേൽ ഒരു ശ്രദ്ധേയമായ സ്വാധീനം ഉണ്ടായിരുന്നെങ്കിൽ, ആ ബന്ധം വളരെക്കാലം മുമ്പുതന്നെ വ്യക്തമാകുമായിരുന്നു എന്ന് അവർ വാദിക്കുന്നു. മാത്രമല്ല, മനുഷ്യന്റെമേൽ ചന്ദ്രന് ഉണ്ടെന്നു പറയപ്പെടുന്ന സ്വാധീനത്തെ വിശദീകരിക്കാൻ ഉദ്ദേശിച്ചുള്ള സിദ്ധാന്തങ്ങൾ ഒന്നും ശാസ്ത്രജ്ഞന്മാരെ പൊതുവെ തൃപ്തരാക്കിയിട്ടില്ല.a
ഭൂമിയിലെ പല ജീവരൂപങ്ങളെയും ചന്ദ്രൻ കുറെയൊക്കെ സ്വാധീനിക്കുന്നുണ്ടെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ടെങ്കിലും, അത് എത്രത്തോളം ഉണ്ടെന്ന് എളുപ്പം നിർണയിക്കാനാവില്ല. നമ്മുടെ ഭൗതിക പ്രപഞ്ചം സങ്കീർണമാണ്, അതുകൊണ്ട് അതിനെ നിയന്ത്രിക്കുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളിൽ പലതും ഇപ്പോഴും അജ്ഞാതമാണ്.
[അടിക്കുറിപ്പ്]
a നിലാവ്, ഗുരുത്വബലം, ഭൗമകാന്തിക ബലങ്ങൾ, വിദ്യുത്കാന്തികത എന്നിവ ഉൾപ്പെടുന്നതാണ് ഈ സിദ്ധാന്തങ്ങളിൽ ചിലത്.
[19-ാം പേജിലെ ചിത്രം]
പുരാതന ഗ്രീക്കുകാരും റോമാക്കാരും ചന്ദ്രന്റെ മൂർത്തരൂപമായി ആരാധിച്ചിരുന്ന സെലീനീ ദേവി
[കടപ്പാട്]
Musei Capitolini, Roma