ദുഷ്ടാത്മാക്കളിൽ വിശ്വസിക്കുന്നതാർ?
അദൃശ്യാത്മാക്കൾക്കു നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാവുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലേയില്ല എന്ന തിട്ടമായൊരു ഉത്തരമായിരിക്കും പലർക്കും ഉണ്ടാവുക. ദൈവമുണ്ടെന്നു സമ്മതിക്കുമ്പോൾത്തന്നെ ദുഷ്ടത പ്രവർത്തിക്കുന്ന അമാനുഷിക വ്യക്തികളെക്കുറിച്ചുള്ള ആശയത്തെ അവർ പുച്ഛിച്ചുതള്ളുന്നു.
അദൃശ്യാത്മാക്കളിലുള്ള വിശ്വാസരാഹിത്യം പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്നു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാണ്, അതു സ്വർഗത്തിനും താഴെയുള്ള നരകത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്നു എന്നൊക്കെ നൂററാണ്ടുകളായി പഠിപ്പിച്ച ക്രൈസ്തവലോകത്തിന്റെ സ്വാധീനമാണ് അതിനുള്ള ഒരു കാരണം. ഈ പഠിപ്പിക്കലനുസരിച്ച്, ദൂതൻമാർ സ്വർഗത്തിൽ പരമാനന്ദസുഖം അനുഭവിക്കുന്നു, ഭൂതങ്ങൾ നരകത്തിലെ കാര്യങ്ങൾ നോക്കിനടത്തുന്നു.
ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ നിമിത്തം പ്രപഞ്ചത്തിന്റെ ഘടന സംബന്ധിച്ച തെററായ ആശയങ്ങളെ തള്ളിക്കളയാൻ ആളുകൾ നിർബന്ധിതരായതോടെ ആത്മജീവികളിലുള്ള വിശ്വാസം ഫാഷനല്ലാതായിത്തീർന്നു. “പ്രത്യക്ഷത്തിൽ അനന്തമായ പ്രപഞ്ചത്തിലുള്ള ഒരു ഗാലക്സിയുടെ വളരെ ചെറിയ ഭാഗമായ സൗരയൂഥത്തിലുള്ള ഒരു ഗ്രഹം മാത്രമാണു ഭൂമി, അല്ലാതെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവല്ല . . . എന്ന 16-ാം നൂററാണ്ടിലെ കോപ്പർനിഷ്യൻ വിപ്ലവത്തിന്റെ (പോളിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോപ്പർനിക്കസിന്റെ സിദ്ധാന്തങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താധാരയുടെ) അനന്തരഫലമായി ദൂതൻമാരെയും ഭൂതങ്ങളെയും കുറിച്ചുള്ള ധാരണകൾ മേലാൽ യുക്തമായി വീക്ഷിക്കപ്പെടുന്നില്ല” എന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.
ദുഷ്ടാത്മാക്കളിൽ വിശ്വസിക്കാത്തവർ അനേകരുണ്ട്, വിശ്വസിക്കുന്നവരായി ലക്ഷങ്ങളും. മുൻകാലത്തെയും ഇപ്പോഴത്തെയും അനേകം മതങ്ങളിൽ അപ്രധാനമല്ലാത്ത റോളുകൾ ഉള്ളവരാണു വീഴ്ചഭവിച്ച ദൂതൻമാർ. ആത്മീയത ദുഷിപ്പിക്കുന്നവർ എന്ന റോൾ കൂടാതെ, യുദ്ധം, ക്ഷാമം, ഭൂകമ്പങ്ങൾ എന്നിവപോലുള്ള വിപത്തുകളുടെ ഏജൻറുമാരായും രോഗം, മാനസിക തകരാറുകൾ, മരണം എന്നിവ ഉളവാക്കുന്നവരായും ഈ ചീത്ത ദൂതൻമാർ വീക്ഷിക്കപ്പെടുന്നു.
ക്രിസ്ത്യാനിത്വം, യഹൂദ മതം എന്നിവയിലെ മുഖ്യ ദുഷ്ടാത്മാവായ, പിശാചായ സാത്താനെ മുസ്ലീംങ്ങൾ ഇബിലീസ് എന്നു വിളിക്കുന്നു. അംഗ്ര മിന്യൂ എന്നാണു പുരാതന പേർഷ്യയിലെ പാർസിമതത്തിൽ അവൻ അറിയപ്പെടുന്നത്. പൊ. യു. (പൊതുയുഗം) രണ്ടും മൂന്നും നൂററാണ്ടുകളിലായി ഉടലെടുത്ത നോസ്ററിക് മതമെടുത്താൽ അവൻ ഡെമ്യൂർജ് ആണ്. അസൂയാലുവും താഴ്ന്നവനും അതേസമയം മനുഷ്യവർഗത്തിൽ അധികപങ്കിൽനിന്നും അജ്ഞതയിൽ ആരാധന ലഭിക്കുന്നവനുമായ ഒരു ദൈവം എന്നാണ് ആ പദത്തിന്റെ വിവക്ഷ.
മുഖ്യ ദുഷ്ടാത്മാവിനു കീഴിലുള്ള ശക്തി കുറഞ്ഞ ദുഷ്ടാത്മാക്കളുടെ പ്രവർത്തനങ്ങൾ പ്രാധാന്യത്തോടെ ചിത്രീകരിക്കുന്നവയാണു പൂർവദേശ മതങ്ങൾ. ദേവൻമാരെ എതിർക്കുന്ന അസുരൻമാർ (ഭൂതങ്ങൾ) ഉള്ളതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. ശ്മശാന ഭൂമികളിൽ അടിക്കടി പ്രത്യക്ഷപ്പെടുന്ന ബീഭത്സ ജീവികളായ, അസുരൻമാരിൽപ്പെട്ട രാക്ഷസൻമാരോട് ആളുകൾക്കു വിശേഷാൽ ഭയമാണ്.
സകല ആഗ്രഹങ്ങളും അസ്തമിച്ച നിർവാണം എന്ന അവസ്ഥയിൽ എത്തിപ്പെടുന്നതിൽനിന്നു മനുഷ്യരെ തടയുന്ന വ്യക്തിത്വമുള്ള ശക്തികളായി ഭൂതങ്ങളെ വീക്ഷിക്കുന്നവരാണു ബുദ്ധമതക്കാർ. രതി (ആഗ്രഹം), രാഗ (സുഖം), തൻഹ (അസ്വസ്ഥത) എന്നീ മൂന്നു പെൺമക്കളുള്ള മാരാ ആണു ഭൂതങ്ങൾക്കിടയിലെ ഒരു മുഖ്യ പ്രലോഭകൻ.
ഗ്വെയിൽനിന്ന് അഥവാ പ്രകൃതി ഭൂതങ്ങളിൽനിന്നു സംരക്ഷണം ലഭിക്കാൻ ഉത്സവാഗ്നി, തീപന്തങ്ങൾ, പടക്കങ്ങൾ മുതലായവ ഉപയോഗിക്കുന്നവരാണു ചൈനയിലെ ആരാധകർ. ഒരു പുരോഹിതനാൽ പുറത്താക്കപ്പെടുംവരെ ആളുകൾക്കു ഭൂതബാധയുണ്ടാക്കുന്ന അരൂപികളിൽ ഭയാനകമായ തെങ്കൂ ഉൾപ്പെടെ അനേകം ഭൂതങ്ങളുള്ളതായി ജപ്പാനിലെ മതങ്ങളും വിശ്വസിക്കുന്നു.
അപ്പോഴത്തെ തങ്ങളുടെ സാഹചര്യത്തിനും മാനസികാവസ്ഥക്കും അനുസൃതമായി ആത്മസൃഷ്ടികൾ സഹായമോ ദോഷമോ ചെയ്യുമെന്നു വിശ്വസിക്കുന്നവയാണ് ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ, അമേരിക്കകൾ എന്നിവിടങ്ങളിലെ നിരക്ഷര മതങ്ങളിൽ പലതും. ദുരന്തം ഒഴിഞ്ഞുപോകാനും അനുഗ്രഹങ്ങൾ പ്രാപിക്കാനും ആളുകൾ ഈ ആത്മാക്കളെ പൂജിക്കുന്നു.
മാജിക്കിലും ആത്മവിദ്യയിലും ഇന്നു വ്യാപകമായി കാണുന്ന താത്പര്യം ഇതിനെല്ലാം പുറമേയാണ്. ദുഷ്ടാത്മാക്കളിലുള്ള വിശ്വാസത്തിനു ദീർഘവും പരപ്പാർന്നതുമായ ഒരു ചരിത്രമുണ്ടെന്നതു വ്യക്തമാണ്. എന്നാൽ അത്തരം സൃഷ്ടികൾ ഉണ്ടെന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണോ? ഉണ്ടെന്നാണു ബൈബിൾ പറയുന്നത്. അപ്പോൾ, അവ ശരിക്കും സ്ഥിതിചെയ്യുന്നുവെങ്കിൽ ദോഷം വരത്തക്കവണ്ണം മനുഷ്യനെ സ്വാധീനിക്കാൻ ദൈവം എന്തുകൊണ്ടാണ് അവരെ അനുവദിക്കുന്നത്?