“ഇതുപോലൊന്ന് ഇന്നേവരെ ഞാൻ കണ്ടിട്ടില്ല!”
ചിലിയിലെ സാൻറിയാഗോയിൽ 1993-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ ചതുർദിന “ദിവ്യബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുക്കാൻ ആയിരം പ്രതിനിധികളെ അയയ്ക്കുന്നതിനുള്ള ക്ഷണം വാച്ച് ടവർ സൊസൈററിയുടെ അർജൻറീനയിലെ ഓഫീസിനു ലഭിക്കുകയുണ്ടായി. ഒരു വിദേശ കൺവെൻഷനിൽ പങ്കെടുക്കേണ്ടതിന് വലിയ കൂട്ടമായി സഞ്ചരിക്കാൻ അർജൻറീനയിലെ സാക്ഷികൾക്കു ക്ഷണം ലഭിച്ച പ്രഥമാവസരമായിരുന്നു അത്.a പ്രതികരണമോ? 8,500-ലധികം അപേക്ഷകളുടെ ഒഴുക്കായിരുന്നു. അതിൽനിന്ന് 1,039 പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു.
ബ്യൂണസ് അയേഴ്സിൽനിന്നു സാൻറിയാഗോയിലേക്കുള്ള 1,400 കിലോമീററർ യാത്രക്കുവേണ്ടി മൊത്തം 14 ബസ്സുകൾ ഏർപ്പാടു ചെയ്യുകയുണ്ടായി. പകിട്ടാർന്ന പ്രകൃതിദൃശ്യം 26 മണിക്കൂർ ദൈർഘ്യമുള്ള യാത്രക്ക് ഉണർവേകി. ആൻഡീസ് പർവതനിരകൾ കുറുകെ കടന്നുകൊണ്ടു പ്രതിനിധികൾ പശ്ചിമാർധഗോളത്തിലെ ഏററവും ഉയരം കൂടിയ പർവതമായ 6,960 മീറററുള്ള അക്കോൺകാഗ്വായുടെ സമീപത്തിലൂടെ കടന്നുപോയി. വളഞ്ഞുപുളഞ്ഞ പർവതപാതയിലൂടെ ചിലിയിലേക്ക് കുത്തനെയുള്ള ഇറക്കം വിശേഷാൽ സ്മരണീയമായിരുന്നു. വെല്ലുവിളി ഉയർത്തുന്ന ഭൂപ്രദേശത്തൂടെ വിദഗ്ധമായി വണ്ടിയോടിച്ചതിനു ഡ്രൈവർമാർക്കു നീണ്ടുനിന്ന കരഘോഷം ലഭിക്കുകയുണ്ടായി!
എന്നിരുന്നാലും, ഏററവും മനോഹരമായ ദൃശ്യം കൺവെൻഷൻ സ്ഥലത്തുതന്നെയായിരുന്നു. ദേശീയ വിദ്വേഷവും വർഗീയ കലാപവുമുള്ള ഒരു ലോകത്ത് 24 രാജ്യങ്ങളിൽനിന്നായി 80,000 പേരുടെ ഒരു ഏകീകൃത സമൂഹം സന്നിഹിതരായിരിക്കുന്നതു കാണാൻ കഴിഞ്ഞത് എത്ര ഉൻമേഷദായകമായിരുന്നു—തീർച്ചയായും ഒരു സാർവദേശീയ സാഹോദര്യം തന്നെ! കൺവെൻഷനിൽ പങ്കെടുത്തവരുടെ ഐക്യം നേരിട്ടു കണ്ടതിനാൽ ചില ബസ്സ് ഡ്രൈവർമാർ യഹോവയുടെ സാക്ഷികളെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യം പ്രകടിപ്പിച്ചു. അവരിലൊരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇതുപോലൊന്ന് ഇന്നേവരെ ഞാൻ കണ്ടിട്ടില്ല!”
[അടിക്കുറിപ്പുകൾ]
a 1949 മുതൽ 1982 വരെ ഗവൺമെൻറിന്റെ നിബന്ധനകൾ അർജൻറീനയിൽ അത്തരം സംരംഭം അസാധ്യമാക്കിത്തീർത്തു.