അർഥശൂന്യമായ ഒരു ആചാരക്രമമോ?
കുമ്പസാര കൂദാശ കത്തോലിക്കർ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്നു. എങ്കിലും, അനേകരെ സംബന്ധിച്ചിടത്തോളം അത് ഒരു വ്യർഥമായ പതിവുകർമമാണ്. ബോബ് എന്നു പേരുള്ള ഒരു ഹൈസ്കൂൾ പ്രിൻസിപ്പാൾ തന്റെ യുവപ്രായത്തെപ്പറ്റി അയവിറക്കിക്കൊണ്ട് ഇങ്ങനെ പറയുന്നു: “ഒരു കൗമാരപ്രായക്കാരനായിരുന്നപ്പോൾപോലും ഞാനത് അത്ര കാര്യമായെടുത്തില്ല.” എന്തുകൊണ്ടില്ല? അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കുമ്പസാരം അർഥശൂന്യമായ ഒരു ആചാരക്രമമായി മാറിയിരുന്നു. “വിമാനത്താവളത്തിൽ കസ്റ്റംസുകാരന്റെ അടുക്കൽ പാപങ്ങൾ നിറച്ച ഭാണ്ഡം കൊണ്ടുവരുന്നതുപോലെയായിരുന്നു കുമ്പസാരം. അയാൾ നിങ്ങളുടെ പാപങ്ങളെപ്പറ്റി നിങ്ങളോടു ചോദിക്കുന്നു, നിങ്ങൾ വിദേശത്തായിരുന്നപ്പോൾ വാങ്ങിയ ആഡംബരവസ്തുക്കൾക്കുവേണ്ടി എന്തെങ്കിലും അയാൾക്കു കൊടുക്കുമ്പോൾ അയാൾ നിങ്ങളെ പോകാൻ അനുവദിക്കുന്നു.”
സമാനമായി, “മനഃപാഠമാക്കിയ അനുതാപപ്രാർഥനയിലൂടെ സാധാരണ പാപങ്ങളെ മോചിച്ചുകൊടുക്കുന്നതുമുതൽ നാമമാത്ര പ്രായശ്ചിത്താനുഷ്ഠാനക്രിയവരെയുള്ള അങ്ങേയറ്റം ലളിതമായ, പടിപടിയായ വഴികാട്ടി”യായി കുമ്പസാരമെന്ന ആചാരത്തെ വർണിച്ചുകൊണ്ടു ഫ്രാങ്ക് വെസ്ലിൻ യു.എസ്. കത്തോലിക്കിൽ എഴുതുന്നു. വെസ്ലിന്റെ നിഗമനമോ? “കുമ്പസാരം ദേഹിക്കു പ്രയോജനം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ കത്തോലിക്കർ അതു ചെയ്യുന്ന വിധമാണു കുഴപ്പിക്കുന്നത്” എന്ന് അദ്ദേഹം പറയുന്നു.
കുമ്പസാരത്തെ ബൈബിൾ തികച്ചും വ്യത്യസ്തമായ ഒരു വിധത്തിലാണ് അവതരിപ്പിക്കുന്നത്. ദൈവത്തോടുള്ള ഏററുപറച്ചിലാണ് ഏറ്റവും പ്രധാനം. (സങ്കീർത്തനം 32:1-5) കൂടാതെ, ക്രിസ്തീയ ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നുവേണ്ടി പ്രാർത്ഥിപ്പിൻ.”—യാക്കോബ് 5:14, 16.
പാപഭാരം പേറുന്ന ഒരു ക്രിസ്ത്യാനിക്കു സഭയിലെ മൂപ്പന്മാരെ വിളിക്കാവുന്നതാണ്. ദുഷ്പ്രവൃത്തിക്കാരനു തന്റെ പാപപങ്കിലമായ ഗതി ഉപേക്ഷിക്കാൻ സഹായകമായ വ്യക്തിപരവും പ്രായോഗികവുമായ ബുദ്ധ്യുപദേശം അവർക്കു ബൈബിളിൽനിന്നു നൽകാനാവും. ആത്മീയമായി രോഗാവസ്ഥയിലുള്ള ഒരു വ്യക്തിയുടെ പുരോഗതി നിരീക്ഷിക്കവേ അയാൾക്ക് ഉചിതമായ പ്രോത്സാഹനം നൽകാൻ മേൽവിചാരകന്മാർക്കു കഴിയും. ഇന്നു പള്ളികളിൽ ആചാരക്രമമായി അനുഷ്ഠിച്ചുവരുന്ന കുമ്പസാരത്തിൽനിന്ന് എത്ര വ്യത്യസ്തം! സഭാ മൂപ്പന്മാരുടെ വ്യക്തിപരമായ സഹായത്താൽ ബലിഷ്ഠരാക്കപ്പെട്ട അനുതാപികളായ തെറ്റുകാർക്കു ദാവീദിന് അനുഭവപ്പെട്ട ആശ്വാസം അനുഭവിക്കുന്നതിനു കഴിയും. അവൻ ഒരു സങ്കീർത്തനത്തിൽ ഇങ്ങനെ പ്രകടമാക്കി: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.”—സങ്കീർത്തനം 32:5.