മുൻ ജഡ്ജി ക്ഷമചോദിക്കുന്നു—45 വർഷത്തിനുശേഷം
ബെർലിനിലെ ഒരു കോടതി മുറിയിൽ, 1995 ആഗസ്ററിൽ, ഒരു മുൻ സുപ്രീം കോടതി ജഡ്ജി 45 വർഷം മുമ്പു താൻ ചെയ്ത ഒരു തെറ്റിന് യഹോവയുടെ സാക്ഷികളിലൊരാളോടു കടുത്ത ഖേദം പ്രകടമാക്കി.
ദേശവിരുദ്ധ പ്രക്ഷോഭം ഇളക്കിവിടുകയും ചാരവൃത്തി നടത്തുകയും ചെയ്തുവെന്ന പേരിൽ 1950 ഒക്ടോബറിൽ ജർമൻ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കിലെ (ജിഡിആർ) സുപ്രീം കോടതി ഒമ്പതു യഹോവയുടെ സാക്ഷികളെ കുറ്റവാളികളായി പ്രഖ്യാപിച്ചു. രണ്ടുപേരെ ജീവപര്യന്തം തടവിനു വിധിച്ചു. മറ്റേ ഏഴുപേരെ—ചിത്രത്തിൽ വലത്തുനിന്നു നാലാമതു നിൽക്കുന്ന പ്രതിയായ 22 വയസ്സുള്ള ലോട്ടാർ ഹോറിങ്ക് ഉൾപ്പെടെ—ദീർഘകാല തടവു ശിക്ഷയ്ക്കു വിധിച്ചു.
നാൽപ്പതു വർഷത്തിനുശേഷം ജിഡിആർ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ ഭാഗമായി. അന്നുമുതൽ ഉദ്യോഗസ്ഥന്മാർ, മുൻ ജിഡിആർ-ൽ നടത്തിയിട്ടുള്ള ചില അനീതിയെക്കുറിച്ച് അന്വേഷിക്കുകയും അർഹതപ്പെട്ടവർക്കു നീതി നൽകുകയും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു അനീതിയായിരുന്നു 1950-ൽ സാക്ഷികളുടെമേലുള്ള സുപ്രീം കോടതി വിചാരണ.
ആ ഒമ്പതു സാക്ഷികളെ വിചാരണയ്ക്കു കൊണ്ടുവന്നപ്പോൾ വിധി കൽപ്പിച്ച മൂന്നു ജഡ്ജിമാരിൽ ഒരാളാണ് ഇപ്പോൾ 80 വയസ്സുള്ള ആൽഫ്രെറ്റ് ട്രാപ്പ്. നീതി മറിച്ചുകളഞ്ഞു എന്ന കുറ്റമാരോപിക്കപ്പെട്ട അദ്ദേഹം തന്റെ തീർപ്പിനെക്കുറിച്ചു വിശദീകരിക്കുന്നതിനു ബെർലിനിലെ മേഖലാ കോടതിയിൽ ഹാജരായി.
കോടതി മുമ്പാകെയുള്ള തന്റെ പ്രസ്താവനയിൽ, 45 വർഷം മുമ്പു താൻ കുറ്റകരമായ വിധിക്ക്—കാഠിന്യം കുറഞ്ഞ ശിക്ഷയെയാണു താൻ അനുകൂലിച്ചതെങ്കിലും—സമ്മതിദാനം നൽകിയതായി ആ മുൻ ജഡ്ജി സമ്മതിച്ചുപറഞ്ഞു. എന്നാൽ ആ വിചാരണ അദ്ദേഹത്തെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്തുകൊണ്ട്? രണ്ടാം ലോകമഹായുദ്ധകാലത്തു ഹിറ്റ്ലറിനെ പിന്തുണയ്ക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിൽ യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെട്ടിരുന്നു. യുദ്ധാനന്തരം സാക്ഷികൾ വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഇത്തവണ അതു കമ്മ്യുണിസ്റ്റ് ഭരണകൂടത്താലായിരുന്നു. ഇതു ട്രാപ്പിനെ “ആഴത്തിൽ വേദനിപ്പിച്ചു.”
താൻ അഞ്ചര വർഷം ഏകാന്തതടവിലായിരുന്നെന്നും 1959 വരെ ബ്രാൻഡൻബർഗ് തടവറയിൽനിന്നു മോചിപ്പിക്കപ്പെട്ടില്ലെന്നും ലോട്ടാർ ഹോറിങ്ക് കോടതിയോടു പറഞ്ഞു. ഹോറിങ്കിന്റെ പ്രസ്താവന കേട്ടപ്പോൾ ആ മുൻ ജഡ്ജി പൊട്ടിക്കരഞ്ഞു. “എനിക്കു ഖേദമുണ്ട്,” അദ്ദേഹം തേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു. “ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.” ഹോറിങ്ക് ആ ക്ഷമാപണം സ്വീകരിച്ചു.—ലൂക്കൊസ് 23:34 താരതമ്യം ചെയ്യുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Neue Berliner Illustrierte