ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഇംപീരിയൽ വാർ മ്യൂസിയത്തിൽ അസാധാരണമായ ഒരുതരം ക്ലോക്കും ഒരു ഇലക്ട്രോണിക് ഡിജിറ്റൽ കൗണ്ടറും പ്രദർശനത്തിനു വെച്ചിരിക്കുന്നു. ആ ക്ലോക്ക് തിരിയവേ, കൗണ്ടർ ഓരോ 3.31 സെക്കൻറിലും ക്ലിക് എന്നൊരു ശബ്ദം പുറപ്പെടുവിക്കുന്നു. ഓരോ ക്ലിക് ശബ്ദം കേൾക്കുമ്പോഴും ആകെത്തുകയായ സംഖ്യയോടു മറ്റൊരു സംഖ്യ കൂടി ചേർക്കപ്പെടുന്നു. ഓരോ ക്ലിക്കും അതായത് ഓരോ സംഖ്യയും ഈ നൂറ്റാണ്ടിലെ യുദ്ധത്തിന്റെ ഫലമായി മരിച്ചുപോയിട്ടുള്ള ഒരു പുരുഷനെയോ സ്ത്രീയെയോ കുട്ടിയെയോ പ്രതിനിധാനം ചെയ്യുന്നു.
1989 ജൂണിലാണ് ആ കൗണ്ടർ അതിന്റെ എണ്ണൽ തുടങ്ങിയത്, 2000-ാമാണ്ടിന്റെ തലേന്ന് അർധരാത്രിയിൽ അതു പൂർത്തിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അപ്പോഴേക്കും കൗണ്ടറിലെ സംഖ്യ പത്തു കോടി എന്നു രേഖപ്പെടുത്തപ്പെടും—20-ാം നൂറ്റാണ്ടിൽ യുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മരണങ്ങളുടെ കണക്കാക്കപ്പെടുന്ന എണ്ണം.
‘ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കുന്നത്’ സവിശേഷതയായിരിക്കുന്ന ഒരു കാലം വരുമെന്ന് ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പു യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞു. അതിനനുസരണമായി, ഈ നൂറ്റാണ്ടിലെ വിനാശകരമായ യുദ്ധങ്ങൾ, അനവധി ഭൂകമ്പങ്ങൾ, മഹാമാരികൾ, ഭക്ഷ്യക്ഷാമങ്ങൾ, മറ്റു സംഭവവികാസങ്ങൾ എന്നിവയെല്ലാം ചേർന്നു നാം ‘അന്ത്യകാലത്ത്’—1914 എന്ന വർഷം സ്വർഗത്തിൽ രാജാവെന്ന നിലയിൽ ക്രിസ്തു അവരോധിക്കപ്പെട്ടതിനുശേഷമുള്ള കാലഘട്ടത്തിൽ—ജീവിക്കുന്നു എന്നുള്ളതിന്റെ തെളിവു പ്രദാനം ചെയ്യുന്നതായി യഹോവയുടെ സാക്ഷികൾ ദീർഘകാലമായി പ്രസംഗിച്ചുകൊണ്ടാണിരിക്കുന്നത്.—ലൂക്കൊസ് 21:10, 11; 2 തിമൊഥെയൊസ് 3:1.
വീക്ഷാഗോപുരം ബൈബിളിനെ ആധികാരികപ്രമാണമായി ഉപയോഗിച്ചുകൊണ്ട് ദൈവരാജ്യം മർദകരായ ആളുകളെ പെട്ടെന്നുതന്നെ നശിപ്പിക്കുമെന്നും ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്നുമുള്ള സുവാർത്ത പ്രസിദ്ധമാക്കുന്നു. യുദ്ധത്തിന്റെ ഭാവി സംബന്ധിച്ചോ? ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:8, 9.
[32-ാം പേജിലെ ചിത്രത്തന് കടപ്പാട്]
Clock: By Courtesy of the Imperial War Museum