നരകത്തെക്കുറിച്ചുള്ള സത്യം
എന്തൊക്കെയായാലും, നരകം ഒരു തീച്ചൂളയല്ലെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പഠിപ്പിക്കൽ കമ്മീഷന്റെ ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു; മറിച്ച്, അത് ഒന്നുമില്ലായ്മയുടെ അമൂർത്തസ്ഥലമാണ്. ആ റിപ്പോർട്ട് ഇങ്ങനെ വിശദീകരിക്കുന്നു: “ഈ മാറ്റത്തിനു പല കാരണങ്ങളുണ്ട്. എന്നാൽ, ഇവയിൽ ചില കാരണങ്ങൾ, ഭയോന്മുഖമായ ഒരു മതത്തിനെതിരെ ക്രിസ്തീയ മതത്തിനുള്ളിലും വെളിയിലുമുള്ള ആളുകൾ പ്രകടിപ്പിച്ച ധാർമിക എതിർപ്പും കോടിക്കണക്കിനാളുകളെ നിത്യദണ്ഡനത്തിൽ തളച്ചിട്ട ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കൽപ്പം ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിന്റെ വെളിപ്പെടലിൽനിന്നു തികച്ചും വിഭിന്നമാണ് എന്ന വർധിച്ചുവരുന്ന അവബോധവുമാണ്.”
നരകത്തെക്കുറിച്ചുള്ള പരമ്പരാഗതമായ വീക്ഷണത്തോടുള്ള ഈ അതൃപ്തി ചർച്ച് ഓഫ് ഇംഗ്ലണ്ടിനു മാത്രമല്ല ഉള്ളത്. പാപികളെ ചുട്ടെരിക്കുന്ന പ്രതികാരദാഹിയായ ഒരു ദൈവത്തെ ആരാധിക്കുക പ്രയാസകരമാണെന്നു പല മതവിഭാഗങ്ങളിലുമുള്ള ആളുകൾ കണ്ടെത്തുന്നു. “ഊഷ്മളതയും പ്രീതിവാത്സല്യവുമുള്ള ഒരു ദൈവത്തെയാണ് ആളുകൾക്കു വേണ്ടത്. പാപത്തെയും നിയമലംഘനത്തെയും കുറിച്ചു സംസാരിക്കുന്നത് ഇന്നത്തെ സംസ്കാരത്തിന് എതിരാണ്” എന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഡിവിനിറ്റി സ്കൂളിലെ മത, സമൂഹ വിഭാഗം പ്രൊഫസറായ ജാക്സൺ കാരൾ പറയുന്നു.
ബൈബിൾ പഠിപ്പിക്കുന്നതുപോലെ, നരകം വ്യക്തമായും മരിച്ച മനുഷ്യരുടെ പൊതു ശവക്കുഴിയാണെന്ന്, അഗ്നിദണ്ഡനസ്ഥലം അല്ലെന്ന് ദീർഘകാലമായി യഹോവയുടെ സാക്ഷികൾ വിശ്വസിച്ചുവരുന്നു. അവർ ഈ വീക്ഷണം വെച്ചുപുലർത്തുന്നത് അതു ജനകീയമായതുകൊണ്ടല്ല, പിന്നെയോ ബൈബിൾ ഇങ്ങനെ പറയുന്നതുകൊണ്ടാണ്: “മരിച്ചവരോ ഒന്നും അറിയുന്നില്ല . . . പാതാളത്തിൽ [“നരകത്തിൽ,” കത്തോലിക്കാ ഡൂവേ ഭാഷാന്തരം] പ്രവൃത്തിയോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു വ്യക്തമായ ഈ ഗ്രാഹ്യമുണ്ടായിരുന്നതിനാൽ വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറായിരുന്ന ചാൾസ് റ്റെയ്സ് റസ്സൽ 1896-ൽ ഇപ്രകാരമെഴുതി: “വിശ്വാസപ്രമാണങ്ങളും കീർത്തനഗ്രന്ഥങ്ങളും അനേകം അൾത്താരകളും തെറ്റായി പഠിപ്പിക്കുന്നതുപോലെ, അത്തരമൊരു നിത്യദണ്ഡനസ്ഥലം [ബൈബിളിൽ] നാം കണ്ടെത്തുന്നില്ല. എന്നാൽ, ആദാമ്യ പാപത്തിന്റെ ഫലമായി നമ്മുടെ വർഗം മുഴുവനും കുറ്റംവിധിക്കപ്പെട്ടു പോകുന്ന ഒരു ‘നരകം,’ ഷീയോൾ, അഥവാ ഹേഡീസ് ഉള്ളതായി നാം കണ്ടെത്തിയിരിക്കുന്നു. അതിൽനിന്നാണു കർത്താവിന്റെ മരണത്താൽ എല്ലാവരും വീണ്ടെടുക്കപ്പെടുന്നത്; ആ ‘നരകം’ ശവക്കല്ലറയാണ്, മരണാവസ്ഥയാണ്.”
അങ്ങനെ, ഒരു ശതകത്തിലേറെക്കാലമായി നരകത്തെ സംബന്ധിച്ച ബൈബിൾ സത്യം യഹോവയുടെ സാക്ഷികൾ പഠിപ്പിച്ചിരിക്കുന്നു.
[32-ാം പേജിലെ ചിത്രം]
ചാൾസ് റ്റി. റസ്സൽ