മറിയ സ്വാഭാവിക കാരണങ്ങളാലാണോ മരിച്ചത്?
വത്തിക്കാൻ പത്രമായ ലൊസെർവാറ്റോറെ റൊമാനോ പറയുന്നത് അനുസരിച്ച്, മറിയയുടെ സ്വർഗാരോഹണം സംബന്ധിച്ച കത്തോലിക്കാ ഉപദേശം ഇങ്ങനെയാണ്: “ആദ്യ പാപത്തിന്റെ സകല കളങ്കത്തിൽനിന്നും സംരക്ഷിക്കപ്പെട്ട, നിർമല കന്യകയുടെ ഭൗമിക ജീവിതം അവസാനിച്ചപ്പോൾ അവളുടെ ശരീരവും ആത്മാവും സ്വർഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു.” മറിയ “മരിച്ചില്ല, മറിച്ച് ഭൗമിക ജീവനിൽനിന്ന് സ്വർഗീയ മഹത്ത്വത്തിലേക്ക് തത്ക്ഷണം ഉയർത്തപ്പെട്ടു” എന്ന് അവകാശപ്പെടുന്നതിലേക്ക് ഇത് അനേകം കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരെ നയിച്ചിരിക്കുന്നുവെന്ന് ആ പത്രം പറയുന്നു.a
അടുത്തയിടെ, ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രസ്തുത സംഗതി വ്യത്യസ്തമായ ഒരു വിധത്തിൽ വിശദീകരിച്ചു. 1997 ജൂൺ 25-ന് വത്തിക്കാനിലെ പൊതു സഭയിൽ അദ്ദേഹം പറഞ്ഞു: “മറിയ മരിച്ച സാഹചര്യങ്ങളെക്കുറിച്ച് പുതിയ നിയമം യാതൊരു വിവരവും നൽകുന്നില്ല. വിശേഷാൽ പരാമർശം അർഹിക്കുന്ന യാതൊരു പ്രത്യേകതയും ഇല്ലാതെ സ്വാഭാവികമായിട്ടാണ് അതു സംഭവിച്ചതെന്ന് നിഗമനം ചെയ്യുന്നതിലേക്ക് ഈ നിശ്ശബ്ദത ഒരുവനെ നയിക്കുന്നു. . . . അവൾ സ്വാഭാവിക കാരണങ്ങളാൽ മരിച്ചു എന്ന ആശയം തള്ളിക്കളയാൻ ഉദ്ദേശിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ അടിസ്ഥാന രഹിതമാണെന്നു തോന്നുന്നു.”
ജോൺ പോൾ പാപ്പായുടെ പ്രസ്താവന മറിയയുടെ അമലോത്ഭവം സംബന്ധിച്ച ഉപദേശത്തിലെ ഒരു ഗുരുതരമായ തെറ്റ് വെളിച്ചത്തു കൊണ്ടുവരുന്നു. യേശുവിന്റെ മാതാവ് “ആദ്യ പാപത്തിന്റെ സകല കളങ്കത്തിൽനിന്നും സംരക്ഷിക്കപ്പെ”ട്ടിരുന്നെങ്കിൽ, പാപിയായ ആദാമിൽനിന്ന് കൈമാറി കിട്ടിയ പാപത്തിന്റെ ഫലമായ “സ്വാഭാവിക കാരണങ്ങ”ളാൽ മറിയയ്ക്ക് എങ്ങനെ മരിക്കാൻ കഴിയുമായിരുന്നു? (റോമർ 5:12) യേശുവിന്റെ അമ്മയെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ വികലമായ വീക്ഷണത്തിന്റെ ഫലമാണ് ഈ ദൈവശാസ്ത്ര ധർമസങ്കടം. ഈ സംഗതിയെ പ്രതി കത്തോലിക്കാ സഭയുടെ ഉള്ളിൽത്തന്നെ ഭിന്നതയും ആശയക്കുഴപ്പവും ഉയർന്നു വന്നിരിക്കുന്നതിൽ തെല്ലും അതിശയമില്ല.
ബൈബിൾ മറിയയെ വിനയാന്വിതയും വിശ്വസ്തയും ദൈവഭക്തയുമായി ചിത്രീകരിക്കുന്നു എങ്കിലും അത് ആ ഗുണങ്ങളെ “അമലോത്ഭവ”ത്തോടു ബന്ധപ്പെടുത്തുന്നില്ല. (ലൂക്കൊസ് 1:38; പ്രവൃത്തികൾ 1:13, 14) ബൈബിൾ ലളിതമായി പറയുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) അതേ, ശേഷിച്ച മനുഷ്യവർഗത്തെപ്പോലെ തന്നെ മറിയയ്ക്കും പാപവും അപൂർണതയും പാരമ്പര്യമായി ലഭിച്ചു. അവൾ സ്വാഭാവിക കാരണങ്ങളാലല്ല മരിച്ചതെന്നു തെളിയിക്കാൻ യാതൊരു തെളിവുമില്ല.—1 യോഹന്നാൻ 1:8-10 താരതമ്യം ചെയ്യുക.
[അടിക്കുറിപ്പുകൾ]
a 1994 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 26-9 പേജുകളിലെ “സ്വർഗാരോഹണം—ദൈവം വെളിപ്പെടുത്തിയ ഒരു സിദ്ധാന്തമോ?” എന്ന ലേഖനം കാണുക.