നല്ല സ്നേഹിതരെ തിരഞ്ഞെടുക്കാൻ ഒരു വഴികാട്ടി
റീഡേഴ്സ് ഡൈജസ്റ്റിലെ ഒരു റിപ്പോർട്ടു പറയുന്നപ്രകാരം വേഷവിധാനം, സംഗീതം എന്നിവ തിരഞ്ഞെടുക്കാൻ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെക്കാൾ തരപ്പടിക്കാരെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട്, കുട്ടികൾ ആരോടൊത്ത്, എവിടെയൊക്കെ വെച്ചു സഹവസിക്കുന്നു എന്നു മാതാപിതാക്കൾ അറിഞ്ഞിരിക്കുന്നതു വളരെ പ്രധാനമാണ്.
“അന്വേഷിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്,” ഒരു ദക്ഷിണാഫ്രിക്കൻ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര വിഭാഗത്തിലെ ഒരു മുതിർന്ന അധ്യാപികയായ എസ്മെയ് ഫൊൺ റെൻസ്ബ്യോർച്ച് പറയുന്നു. അവർ കൂട്ടിച്ചേർക്കുന്നു: “കുട്ടി നിങ്ങളോടു നീരസപ്പെട്ടേക്കാം, കുഴപ്പമില്ല അവർ ശാന്തരായിക്കൊള്ളും.” പിന്നെ അവർ മാതാപിതാക്കൾക്കു പിൻവിരുന്ന നിർദേശങ്ങൾ നൽകി. നിയമങ്ങൾ ന്യായവും തത്ത്വാധിഷ്ഠിതവും ആയിരിക്കണം; നിങ്ങളുടെ കുട്ടിക്കു പറയാനുള്ളതു ശ്രദ്ധിച്ചു കേൾക്കുക; സംയമനത്തോടെ പ്രതികരിക്കുക; ശാന്തരായിരിക്കുക; എന്തു പറയണമെന്നതു സംബന്ധിച്ചു തിട്ടമുണ്ടായിരിക്കുക. നിങ്ങളുടെ കുട്ടി ഇപ്പോൾ ചീത്ത കൂട്ടുകെട്ടിലാണെങ്കിൽ കേവലം അത് ഉപേക്ഷിക്കണം എന്നു പറയുന്നതിനു പകരം, അതിന്റെ ദോഷവശങ്ങൾ ചൂണ്ടിക്കാണിക്കുക.
മാതാപിതാക്കൾക്കുള്ള നല്ല ബുദ്ധിയുപദേശം ദൈവവചനമായ ബൈബിളിൽ പണ്ടു മുതലേ ലഭ്യമാണ്. ഉദാഹരണത്തിന് അതിങ്ങനെ പറയുന്നു: “എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” (യാക്കോബ് 1:19) കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ഈ നല്ല ബുദ്ധിയുപദേശവും തിരുവെഴുത്തുകൾ നൽകുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) വിലമതിപ്പോടെ ബൈബിൾ വായിക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നവർക്കു കൈവരുന്ന ജ്ഞാനമാണ് ഈ ദൃഷ്ടാന്തങ്ങൾ കാട്ടിത്തരുന്നത്.