അവർ ‘സത്യദൈവത്തെ ഭയപ്പെട്ടു’
ഇസ്രായേല്യർ ഈജിപ്തിൽ അടിമകൾ ആയിരുന്നപ്പോൾ എബ്രായ സൂതികർമിണികളായ (വയറ്റാട്ടികൾ) ശിപ്രായും പൂവായും ഒരു വിഷമവൃത്തത്തിൽ അകപ്പെട്ടു. പെരുകിവരുന്ന വിദേശീയരുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ഫറവോൻ ആ സ്ത്രീകളോട് ഇങ്ങനെ കൽപ്പിച്ചു: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു . . . കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം.”—പുറപ്പാടു 1:15, 16.
‘സത്യദൈവത്തെ ഭയപ്പെട്ടിരുന്ന’ ശിപ്രായും പൂവായും ധൈര്യവതികൾ ആയിരുന്നു. “മിസ്രയീംരാജാവു തങ്ങളോടു കല്പിച്ചതുപോലെ” അവർ ചെയ്തില്ല, പകരം ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. ഈ ധീരകൃത്യം നിമിത്തം അവർ അപകടത്തിലാകുമായിരുന്നു. എന്നാൽ യഹോവ ആ ‘സൂതികർമിണികൾക്കു നന്മചെയ്ത്’ ജീവരക്ഷാകരമായ ആ പ്രവൃത്തിയെ പ്രതി അവരെ അനുഗ്രഹിച്ചു.—പുറപ്പാടു 1:17-21.
തന്നെ സേവിക്കുന്നവരോടുള്ള യഹോവയുടെ വിലമതിപ്പിന് അടിവരയിടുന്നതാണ് ഈ വിവരണം. ധീരമായ ഒരു നടപടി ആയിരുന്നെങ്കിലും, ശിപ്രായും പൂവായും ചെയ്ത സംഗതിയെ കേവലം മനുഷ്യത്വപരമായ ഒന്നായി അവനു വീക്ഷിക്കാമായിരുന്നു. സുബോധമുള്ള ഒരു സ്ത്രീയും ശിശുക്കളെ വധിക്കുകയില്ലല്ലോ! എന്നാൽ, മനുഷ്യഭയം നിമിത്തം ചിലർ ഹീനമായ കൃത്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന വസ്തുത യഹോവ നിസ്സംശയമായും കണക്കിലെടുത്തു. മാനുഷികമായ ദയ മാത്രമല്ല ദൈവഭയവും ഭക്തിയും ആണ് ആ വയറ്റാട്ടികൾക്കു പ്രേരണയായി വർത്തിച്ചത് എന്ന് അവന് അറിയാമായിരുന്നു.
നമ്മുടെ വിശ്വസ്തമായ പ്രവൃത്തികളെ പരിഗണനയിൽ എടുക്കുന്ന ഒരു ദൈവത്തെ സേവിക്കുന്നതിൽ നാം എത്ര സന്തോഷിക്കുന്നു! ശിപ്രായ്ക്കും പൂവായ്ക്കും ഉണ്ടായതു പോലുള്ള വിശ്വാസത്തിന്റെ പരിശോധന ഒരുപക്ഷേ നമ്മിലാർക്കും ഉണ്ടായിട്ടില്ലായിരിക്കാം. എന്നാൽ, സ്കൂളിലോ ജോലിസ്ഥലത്തോ മറ്റു സാഹചര്യങ്ങളിലോ ഒക്കെ ആയിരിക്കുമ്പോൾ ശരിയായതിനു വേണ്ടി നാം ഉറച്ച നിലപാടു സ്വീകരിച്ചാൽ, യഹോവ നമ്മുടെ വിശ്വസ്ത സ്നേഹത്തെ തീർച്ചയായും വിലമതിക്കാതിരിക്കില്ല. അവൻ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു.” (എബ്രായർ 11:6) അതെ, “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.