ന്യൂയോർക്ക് നഗരത്തിൽനിന്നു താമസം മാറിയപ്പോൾ അവൾക്കുണ്ടായ നഷ്ടം
ഇവിടെ കൊടുത്തിരിക്കുന്ന ലിഖിതം 1950 മുതൽ വാച്ച്ടവർ സൊസൈറ്റിയുടെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഫാക്ടറി കെട്ടിടങ്ങളിൽ ഒന്നിൽ വളരെ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു. അതിലെ കടന്നുപോകുന്ന സ്ഥിരയാത്രക്കാരെയും വിനോദസഞ്ചാരികളെയും മറ്റുള്ളവരെയും അത് ദിവസവും ബൈബിൾ വായിക്കാൻ ഓർമിപ്പിക്കുന്നു. ഈ ഓർമിപ്പിക്കൽ എത്ര ഫലപ്രദമാണെന്നു കാണിക്കുന്നതാണ് യഹോവയുടെ സാക്ഷിയായ ഒരു പെൺകുട്ടി അയച്ച പിൻവരുന്ന കത്ത്.
“ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എന്തു ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് ഒരിക്കൽ എന്റെ സഹപാഠിയുമായി സംസാരിക്കുകയായിരുന്നു. യഹോവയുടെ സാക്ഷികളുടെ കേന്ദ്ര ആസ്ഥാനമായ ബെഥേലിനെ കുറിച്ച് ഞാൻ പറയാൻ തുടങ്ങിയപ്പോൾ അവൾ വലിയ ഉത്സാഹഭരിതയായി. താൻ ന്യൂയോർക്ക് നഗരത്തിലാണു താമസിച്ചിരുന്നത് എന്ന് അവൾ എന്നോടു പറഞ്ഞു. അവളുടെ വീട്ടുകാർ അത്ര മതഭക്തരൊന്നും ആയിരുന്നില്ലത്രേ. എന്നാൽ ദിവസവും രാവിലെ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ, ‘ദൈവവചനമായ വിശുദ്ധ ബൈബിൾ ദിവസവും വായിക്കുവിൻ’ എന്ന ഒരു ചുവരെഴുത്ത് അവൾ കാണുമായിരുന്നു. അതുകൊണ്ട് എല്ലാ ദിവസവും സ്കൂളിൽ പോകുന്നതിനു മുമ്പ് അവൾ ബൈബിൾ വായിച്ചിരുന്നു.
“ന്യൂയോർക്ക് നഗരത്തിൽനിന്നു താമസം മാറിയപ്പോൾ അവൾക്കുണ്ടായ നഷ്ടം, രാവിലെ ഉണരുമ്പോൾ ബൈബിൾ വായിക്കാനുള്ള ആ ഓർമിപ്പിക്കൽ തനിക്ക് കാണാൻ സാധിക്കുന്നില്ല എന്നുള്ളതാണെന്ന് അവൾ പറഞ്ഞു. എന്നാൽ ബൈബിൾ വായന ഒരു ശീലമാക്കാൻ വാച്ച്ടവർ കെട്ടിടത്തിലെ ആ ചുവരെഴുത്ത് അവളെ സഹായിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോഴും അവൾ ദിവസവും ബൈബിൾ വായിക്കുന്നു.”
ദൈവവചനത്തിന്റെ ഒരു ഭാഗം വായിച്ചുകൊണ്ടു പുതിയ ഒരു ദിവസം തുടങ്ങുന്നത് എത്രയോ മെച്ചമായ ഒരു സംഗതിയാണ്! അപ്രകാരം ചെയ്യുകയാണെങ്കിൽ അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ വിലമതിക്കാൻ നിങ്ങൾ പ്രേരിതരാകുമെന്നതിൽ തെല്ലും സംശയമില്ല: ‘ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായവയാണ് തിരുവെഴുത്തുകൾ.’—2 തിമൊഥെയൊസ് 3:14-17.