ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
“ക്ഷമിക്കുന്നത് ഒരുവന്റെ വൈകാരിക ആരോഗ്യത്തെ—സാധ്യതയനുസരിച്ച് ശാരീരിക ആരോഗ്യത്തെയും—നിശ്ചയമായും മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞരുടെ അടുത്തകാലത്തെ ചില പഠനങ്ങൾ കാണിക്കുന്നു” എന്ന് കാനഡയിലെ ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ യു.എസ്.എ.-യിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറും ‘സ്റ്റാൻഫോർഡ് ക്ഷമാ പദ്ധതി’യിലെ മുഖ്യ ഗവേഷകനുമായ കാൾ തൊറെസെൻ പറയുന്നതനുസരിച്ച് “ക്ഷമിക്കുക എന്നു പറഞ്ഞാൽ എന്താണെന്നും അതിൽ എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അറിയാവുന്നവർ വളരെ ചുരുക്കമാണ്.”
ആത്മാർഥമായ ക്ഷമ പ്രകടിപ്പിക്കുക എന്നതു ക്രിസ്ത്യാനിത്വത്തിന്റെ ഒരു പ്രമുഖ വശമാണ്. ദ ടൊറന്റോ സ്റ്റാറൽ വന്ന റിപ്പോർട്ടിൽ ക്ഷമിക്കുന്നതിനെ ഇങ്ങനെ നിർവചിച്ചിരുന്നു: “നിങ്ങൾക്കെതിരെ ആരെങ്കിലും ഒരു തെറ്റു ചെയ്തെന്നു തിരിച്ചറിയുകയും അതിന്റെ ഫലമായി ഉണ്ടാകുന്ന സകല പരിഭവവും വെടിയുകയും തെറ്റു ചെയ്ത വ്യക്തിയോടു കാലക്രമത്തിൽ അനുകമ്പയോടും സ്നേഹത്തോടും കൂടെ പെരുമാറുകയും ചെയ്യുക.” തെറ്റിനു നേരെ കണ്ണടയ്ക്കുകയോ അതിനെ ന്യായീകരിക്കുകയോ നിഷേധിക്കുകയോ മറന്നുകളയുകയോ അല്ലെങ്കിൽ വീണ്ടും ദ്രോഹിക്കപ്പെടാവുന്ന ഒരു അവസ്ഥയിൽ നമ്മെത്തന്നെ ആക്കിവെക്കുകയോ ചെയ്യണമെന്നല്ല അതിന്റെ അർഥം. “കോപവും നിഷേധാത്മക വികാരങ്ങളും ഉപേക്ഷിക്കു”ന്നതാണ് ആത്മാർഥമായി ക്ഷമിക്കാനുള്ള പ്രധാന മാർഗം.
ക്ഷമിക്കുന്നതിന്റെ ശരീരാരോഗ്യപരമായ നേട്ടങ്ങളെ കുറിച്ചു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നു ഗവേഷകർ പറയുന്നു. എന്നാൽ അതിനു മാനസിക പ്രയോജനങ്ങൾ ഉണ്ടെന്ന കാര്യത്തിൽ അവർക്കു സംശയമില്ല. ദൃഷ്ടാന്തത്തിന്, “സമ്മർദവും ഉത്കണ്ഠയും വിഷാദവും കുറയ്ക്കാൻ” അതിനു കഴിയുമെന്ന് അവർ റിപ്പോർട്ടു ചെയ്യുന്നു.
ക്ഷമിക്കേണ്ടതിന്റെ ശ്രേഷ്ഠമായ ഒരു കാരണം എഫെസ്യർ 4:32-ൽ നമുക്കു കാണാവുന്നതാണ്: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ) മറ്റു സംഗതികളുടെ കാര്യത്തിലെന്നപോലെ ക്ഷമയുടെ കാര്യത്തിലും ദൈവത്തെ അനുകരിക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.—എഫെസ്യർ 5:1.
ക്ഷമിക്കാൻ കാരണങ്ങൾ ഉള്ളപ്പോഴും അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നാം അന്യോന്യം ക്ഷമിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ അവന്റെ ക്ഷമയ്ക്കായി നമുക്ക് അവനോടു പ്രാർഥിക്കാൻ കഴിയും.—മത്തായി 6:14; മർക്കൊസ് 11:25; 1 യോഹന്നാൻ 4:11.