നിങ്ങൾ വിവേകിയാണോ?
“ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള [“അനുഭവപരിചയവുമുള്ള,” NW] പുരുഷന്മാരെ” കണ്ടെത്തി ഇസ്രായേലിൽ ന്യായാധിപന്മാരായി നിയമിക്കാൻ മോശെ ശ്രമിച്ചിരുന്നു. (ആവർത്തനപുസ്‌തകം 1:13) തിരഞ്ഞെടുപ്പിൽ പ്രായംകൊണ്ടുള്ള അനുഭവപരിചയം ആയിരുന്നില്ല ഏക മാനദണ്ഡം. അവർക്ക് ജ്ഞാനവും വിവേകവും ഉണ്ടായിരിക്കേണ്ടിയിരുന്നു.
വിവേകമുള്ള വ്യക്തി സംസാരത്തിലും നടത്തയിലും നല്ല ന്യായബോധം ഉള്ളവനായിരിക്കും. വിവേകമുള്ള വ്യക്തിക്ക് “ബുദ്ധിപൂർവം നിശ്ശബ്ദത പാലിക്കാനുള്ള കഴിവുണ്ടായിരിക്കും” എന്ന് ഒരു നിഘണ്ടു പറയുന്നു. “സംസാരിപ്പാൻ ഒരു കാല”വും “മിണ്ടാതിരിപ്പാൻ ഒരു കാല”വും ഉണ്ട്, വിവേകമുള്ള വ്യക്തി അതു തമ്മിലുള്ള വ്യത്യാസം ശരിക്കും തിരിച്ചറിയുന്നു. (സഭാപ്രസംഗി 3:7) മിക്കപ്പോഴും മിണ്ടാതിരിക്കുന്നതിന് നല്ല കാരണമുണ്ട്. എന്തെന്നാൽ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.”—സദൃശവാക്യങ്ങൾ 10:19.
മറ്റുള്ളവരോട് ഇടപെടുമ്പോൾ വിവേകം ഉള്ളവരായിരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കുന്നു. ഏറ്റവും കൂടുതലായി അല്ലെങ്കിൽ ഏറ്റവും ശക്തമായി സംസാരിക്കുന്ന വ്യക്തി ആയിരിക്കണമെന്നില്ല മിക്കപ്പോഴും ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഒഴിച്ചുകൂടാനാവാത്ത ആൾ. മോശെ ‘വാക്കിൽ സമർഥനായിരുന്നു’ എന്നോർക്കുക. എന്നാൽ ഇസ്രായേൽ ജനതയെ വിമോചനത്തിലേക്കു നയിക്കുന്നതിന് ക്ഷമ, സൗമ്യത, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങൾ അവൻ നട്ടുവളർത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. (പ്രവൃത്തികൾ 7:22) അതിനാൽ, മറ്റുള്ളവരുടെമേൽ അധികാരസ്ഥാനത്ത് ആയിരിക്കുന്നവർ താഴ്‌മയുള്ളവരും വിട്ടുവീഴ്‌ച കാണിക്കാൻ മനസ്സൊരുക്കമുള്ളവരും ആയിരിക്കണം.—സദൃശവാക്യങ്ങൾ 11:2.
യേശു ‘തനിക്കുള്ള സകലവും’ ഭരമേൽപ്പിച്ച വ്യക്തികളെ ‘വിശ്വസ്‌തനും വിവേകിയും’ എന്നാണ് ബൈബിളിൽ പരാമർശിച്ചിരിക്കുന്നത്. (മത്തായി 24:45-47, NW) അവർ നിർബന്ധബുദ്ധികളായി യഹോവയുടെ നിർദേശങ്ങൾക്ക് അപ്പുറം പോകുന്നില്ല; ഏതെങ്കിലും ഒരു കാര്യം സംബന്ധിച്ച ദൈവത്തിന്റെ സ്‌പഷ്ടമായ മാർഗനിർദേശം അവർ പിൻപറ്റാതിരിക്കുന്നുമില്ല. സംസാരിക്കേണ്ടത് എപ്പോഴെന്നും കൂടുതൽ വിശദീകരണത്തിനായി നിശ്ശബ്ദതയോടെ കാത്തിരിക്കേണ്ടത് എപ്പോഴെന്നും അവർക്ക് അറിയാം. ഇന്ന് എല്ലാ ക്രിസ്‌ത്യാനികളും അടിമവർഗത്തിന്റെ വിശ്വാസത്തെ അനുകരിക്കുകയും അവരെ പോലെ വിവേകമുള്ളവരെന്നു തെളിയിക്കുകയും വേണം.—എബ്രായർ 13:7.