ശുദ്ധമായ സ്വർണത്തെക്കാൾ ഈടുനിൽക്കുന്നത്
സ്വർണത്തിന്റെ മനോഹാരിതയും ഈടും നിമിത്തം അത് മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എത്രകാലം കഴിഞ്ഞാലും ക്ലാവുപിടിക്കുകയോ തുരുമ്പിക്കുകയോ നിറം മങ്ങുകയോ ചെയ്യുന്നില്ല എന്നത് അതിനെ വിലയേറിയതാക്കുന്നു. ജലം, ഓക്സിജൻ, സൾഫർ എന്നിങ്ങനെ മിക്കവാറും എല്ലാറ്റിന്റെയും തന്നെ ആക്രമണത്തെ ചെറുക്കാനുള്ള സ്വർണത്തിന്റെ കഴിവാണ് അതിന് ഈ സവിശേഷതകളെല്ലാം നേടിക്കൊടുത്തിരിക്കുന്നത്. കടലിനടിയിൽനിന്നും മറ്റും കണ്ടെടുത്തിട്ടുള്ള സ്വർണാഭരണങ്ങൾക്ക് നൂറുകണക്കിനു വർഷങ്ങൾക്കു ശേഷവും തിളക്കം നഷ്ടപ്പെട്ടിട്ടില്ലാത്തതായി കാണുന്നു.
എന്നിരുന്നാലും, ‘തീയിൽ ശുദ്ധീകരിക്കപ്പെടുന്നതെങ്കിലും നശ്വരമായ സ്വർണത്തെക്കാൾ വിലയേറിയ,’ കൂടുതൽ ഈടുനിൽക്കുന്ന ഒന്നുണ്ടെന്ന് ബൈബിൾ പറയുന്നു. (1 പത്രൊസ് 1:7, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) തീയാലോ മറ്റു പ്രക്രിയകളാലോ ശുദ്ധീകരിക്കുകവഴി 99.9 ശതമാനം ശുദ്ധമായ സ്വർണം ലഭിക്കും. എന്നാൽ ശുദ്ധീകരിക്കപ്പെട്ട സ്വർണം പോലും അനശ്വരമല്ല. ഹൈഡ്രോക്ലോറിക്ക് ആസിഡിന്റെയും നൈട്രിക് ആസിഡിന്റെയും 3-ന് ഒന്ന് എന്ന അനുപാതത്തിലുള്ള ഒരു മിശ്രിതമായ ‘അക്വാറീജിയ’യ്ക്ക് (റോയൽ വാട്ടർ) അതിനെ ലയിപ്പിക്കാൻ കഴിയും. അതുകൊണ്ട് ‘സ്വർണം നശ്വരമാണ്’ അഥവാ നശിക്കുന്നു എന്ന ബൈബിളിന്റെ പ്രസ്താവന ശാസ്ത്രീയമായി കൃത്യതയുള്ളതാണ്.
എന്നാൽ അതിൽനിന്നു വ്യത്യസ്തമായി യഥാർഥ ക്രിസ്തീയ വിശ്വാസം “ജീവരക്ഷ”യിലേക്കു നയിക്കുന്നു. (എബ്രായർ 10:39) ശക്തമായ വിശ്വാസമുള്ള ഒരാളെ കൊല്ലാൻ മനുഷ്യർക്കു സാധിക്കും, യേശുവിനോടു ചെയ്തതു പോലെ തന്നെ. എന്നാൽ യഥാർഥ വിശ്വാസമുള്ളവർക്ക് ഈ വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നു: “വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” (വെളിപ്പാടു 2:10) വിശ്വസ്തരായി മരിക്കുന്നവർ ദൈവത്തിന്റെ സ്മരണയിൽ നിലനിൽക്കും. അവൻ അവരെ പുനരുത്ഥാനപ്പെടുത്തും. (യോഹന്നാൻ 5:28, 29) എത്ര വലിയ അളവിലുള്ള സ്വർണത്തിനും നേടിത്തരാൻ കഴിയാത്ത ഒന്നാണ് അത്. അങ്ങനെ നോക്കുമ്പോൾ വിശ്വാസം സ്വർണത്തെക്കാൾ വളരെ വിലയേറിയതാണ് എന്നതിൽ തർക്കമില്ല. എന്നാൽ വിശ്വാസം ഇത്രയും മൂല്യമുള്ളതായി തീരണമെങ്കിൽ അതു തെളിയിക്കപ്പെടേണ്ടതുണ്ട് അഥവാ പരിശോധിക്കപ്പെടേണ്ടതുണ്ട്. ‘പരിശോധനയെ അതിജീവിക്കുന്ന വിശ്വാസത്തെയാണ്’ സ്വർണത്തെക്കാൾ വിലയേറിയത് എന്ന് പത്രൊസ് വിശേഷിപ്പിച്ചത്. ബൈബിളധ്യയനത്തിലൂടെ, സത്യദൈവമായ യഹോവയിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലും ശക്തമായ വിശ്വാസം നട്ടുവളർത്താനും അതു നിലനിറുത്താനും നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. യേശു പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്യുന്നത് ‘നിത്യജീവനെ’ അർഥമാക്കുന്നു.—യോഹന്നാൻ 17:3.