വധിക്കപ്പെട്ട യഹോവയുടെ സാക്ഷികളെ അനുസ്മരിക്കുന്നു
പശ്ചിമ ഹംഗറിയിലെ കോർമെന്റിൽ 2002 മാർച്ച് 7-ന് ഒരു സ്മാരക ഫലകത്തിന്റെ അനാച്ഛാദനം നടന്നു. 1945-ൽ നാസികൾ വധിച്ച യഹോവയുടെ സാക്ഷികളായ മൂന്നുപേരുടെ അനുസ്മരണാർഥം ആയിരുന്നു അത്.
ഹുന്യോഡീ റോഡിൽ—അവിടെവെച്ചാണ് അവരെ പരസ്യമായി വധിച്ചത്—ഇപ്പോഴുള്ള അഗ്നിശമന വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഭിത്തിയിലാണ് ഈ സ്മാരക ഫലകം ഉറപ്പിച്ചിരിക്കുന്നത്. അതിൽ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു: ‘മനസ്സാക്ഷിപരമായ വിസമ്മതം നിമിത്തം 1945 മാർച്ചിൽ വധിക്കപ്പെട്ട ക്രിസ്ത്യാനികൾ. ആന്റാൽ ഹൊയെനിച്ച് (1911-1945), ബെർറ്റാലാൻ സാബൊ (1921-1945), യനോഷ് ഷോൻഡോർ (1923-1945), 2002, യഹോവയുടെ സാക്ഷികൾ.’
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിന് വെറും രണ്ടു മാസം മുമ്പാണ് ഈ ക്രിസ്ത്യാനികളെ വധിച്ചത്. എന്തായിരുന്നു കാരണം? ഹംഗറിയിലെ ഒരു വർത്തമാനപ്പത്രമായ വാഷ്നാപെ വിശദീകരിക്കുന്നു: “ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിലേറിയ ശേഷം, യഹൂദർ മാത്രമല്ല തങ്ങളുടെ മതവിശ്വാസങ്ങളെ തള്ളിപ്പറയാഞ്ഞ വിശ്വസ്തരായ യഹോവയുടെ സാക്ഷികളും പീഡനം, ദണ്ഡനം, തടങ്കൽ പാളയത്തിലെ ശിക്ഷ, മരണം എന്നിവയ്ക്ക് ഇരകളായി. 1945 മാർച്ചിൽ ഹംഗറിയുടെ പശ്ചിമ ഭാഗത്ത് ഭീകരമായ ഒരു അന്തരീക്ഷമാണ് നിലനിന്നിരുന്നത് . . . അവിടെ യഹോവയുടെ സാക്ഷികളായ അംഗങ്ങളെ നാടുകടത്തുകയും വധിക്കുകയും ചെയ്തിരുന്നു.”
ഫലകത്തിന്റെ അനാച്ഛാദനത്തോടു ബന്ധപ്പെട്ട ചടങ്ങിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ബാറ്റ്യാൻ കാസിൽ തീയറ്ററിലാണ് അതിന്റെ ആദ്യഭാഗം നടന്നത്. പ്രസംഗകരായി പങ്കെടുത്തവരിൽ, ബുഡാപെസ്റ്റിൽ സ്ഥിതിചെയ്യുന്ന കൂട്ടക്കൊലയുടെ രേഖാസൂക്ഷിപ്പു കേന്ദ്രത്തിന്റെ മേധാവിയായ പ്രൊഫസർ സാബോച്ച് സിറ്റാ; മനുഷ്യാവകാശം, ന്യൂനപക്ഷം, മതകാര്യം എന്നിവയുടെ ചുമതലയുള്ള പാർലമെന്റ് കമ്മിറ്റി അംഗമായ ലാസ്ലോ ഡോനാച്; ഈ വധത്തിന്റെ ദൃക്സാക്ഷിയും ഇപ്പോൾ പട്ടണത്തിന്റെ ചരിത്രകാരനുമായ കൽമാൻ കോംയ്യാച്ചി എന്നിവർ ഉൾപ്പെടുന്നു. സന്നിഹിതരായിരുന്ന 500-ലധികം പേർ പട്ടണത്തിലൂടെ കാൽനടയായി പരിപാടിയുടെ രണ്ടാം ഘട്ടം—ശിലാഫലകത്തിന്റെ അനാച്ഛാദനം—നടക്കുന്നിടത്തേക്കു പോയി. കോർമെന്റിലെ മേയറായ യോഷെ്ഫ് ഹോൻഫി ആണ് അതു നിർവഹിച്ചത്.
വധിക്കപ്പെടുന്നതിനു മുമ്പ്, യാൻ സോണ്ടർ (യനോഷ് ഷോൻഡോർ) എഴുതിയ കത്തിൽ, ദുഃഖിക്കരുതെന്ന് തന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാരോട് അഭ്യർഥിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “വെളിപ്പാടു പുസ്തകം രണ്ടാം അധ്യായം 10-ാം വാക്യത്തിലെ ‘മരണപര്യന്തം വിശ്വസ്തനായിരിക്ക’ എന്ന യോഹന്നാന്റെ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. യഹോവയോടുള്ള വിശ്വസ്തത [തെളിയിക്കുക] എന്നത് നമ്മുടെ വലിയൊരു പദവിയാണ്. . . . കുടുംബാംഗങ്ങളോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും ദുഃഖിക്കരുതെന്നു പറയുക. കാരണം, കുറ്റവാളി എന്ന നിലയിലല്ല സത്യത്തിനുവേണ്ടി നിലകൊണ്ട ഒരുവനായാണ് ഞാൻ മരിക്കുന്നത്.”
[32 -ാം പേജിലെ ചിത്രം]
ബെർറ്റാലാൻ സാബൊ
[32 -ാം പേജിലെ ചിത്രം]
അന്റാൽ ഹൊയെനിച്ച്
[32 -ാം പേജിലെ ചിത്രം]
യാൻ സോണ്ടർ