ജീവിത സായാഹ്നത്തിലും ബന്ധിതനാകാതെ
ജീവിത സായാഹ്നത്തിന്റെ പടവുകൾ ചവിട്ടിക്കയറാൻ തുടങ്ങുന്നതോടെ പലർക്കും യുവത്വത്തിന്റെ പ്രസരിപ്പും ചടുലതയും നഷ്ടമാകുകയും ഏകാന്തതയുടെ ചുമരുകൾക്കുള്ളിൽ തങ്ങളുടെ ജീവിതം ഒതുക്കുകയും ചെയ്യേണ്ടിവരുന്നു. എന്നാൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ താമസിച്ചിരുന്ന ഫെർനാൻഡ് റീവൊറൊളിന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നില്ല. ഭാര്യയുടെ മരണത്തോടെയും മകളുടെ വിവാഹത്തോടെയും ജീവിതയാത്രയിൽ ഒറ്റയ്ക്കായ അദ്ദേഹം 95-ാം വയസ്സിൽ മരിക്കുന്നതുവരെ തനിയെയായിരുന്നു താമസിച്ചിരുന്നത്. കൂടുതൽ സമയവും വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വന്നുവെങ്കിലും അദ്ദേഹത്തിന് ഏകാന്തത അനുഭവപ്പെട്ടിരുന്നില്ല. മിക്കപ്പോഴും തന്റെ വീടിന്റെ സ്വീകരണമുറിയിലെ മേശയുടെ അടുത്തിരുന്ന് അദ്ദേഹം ടെലിഫോണിൽ ആളുകളുമായി ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
സംഭവബഹുലമായ തന്റെ ജീവിതകാലത്ത് ഫെർനാൻഡിന് അക്ഷരാർഥത്തിൽ തടവറയിൽ കഴിയേണ്ടിവന്ന ഒരു സമയം ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? അദ്ദേഹവും ഭാര്യയും യഹോവയുടെ സജീവ സാക്ഷികളായ ഉടൻതന്നെ, 1939-ൽ, യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആർക്കും ഒരു ദ്രോഹവും ചെയ്കയില്ലെന്ന തന്റെ ബൈബിളധിഷ്ഠിത തീരുമാനത്തിനു ചേർച്ചയിൽ അദ്ദേഹം ജീവിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു ജോലി നഷ്ടപ്പെട്ടു. അതേത്തുടർന്ന് വിവിധ കാലയളവുകളിലായി മൊത്തം അഞ്ചര വർഷം അദ്ദേഹത്തിനു ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ഭാര്യയിൽനിന്നും കുഞ്ഞിൽനിന്നും വേർപെട്ടു കഴിയേണ്ടിവന്നതിന്റെ വേദന ആ കാലയളവിൽ അദ്ദേഹം അനുഭവിച്ചു.
ഗതകാലത്തേക്കു തിരിഞ്ഞുനോക്കവേ ഫെർനാൻഡ് ഇങ്ങനെ പറഞ്ഞു: “ഉണ്ടായിരുന്ന നല്ലൊരു ജോലിയും കളഞ്ഞ് കുടുംബം നോക്കാത്ത ഒരുവനായാണ് പലരും എന്നെ വീക്ഷിച്ചത്. ആളുകൾ എന്നെ പുച്ഛിക്കുകയും ഒരു കുറ്റവാളിയോടെന്നപോലെ പെരുമാറുകയും ചെയ്തു. എങ്കിലും പ്രയാസമേറിയ ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, യഹോവ എങ്ങനെയാണ് ഞങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തതെന്നു ഞാൻ വ്യക്തമായി ഓർക്കുന്നു. അതു കഴിഞ്ഞ് അനേക വർഷങ്ങൾ കടന്നുപോയിരിക്കുന്നെങ്കിലും യഹോവയിലുള്ള എന്റെ ആശ്രയം അന്നത്തെപ്പോലെ ഇന്നും ശക്തമാണ്.”
ഈ വിശ്വാസമാണ് ഫെർനാൻഡിനെ തന്റെ തിരുവെഴുത്തു പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാൻ പ്രേരിപ്പിച്ചത്. ആരെങ്കിലുമായി നല്ല ഒരു ടെലിഫോൺ സംഭാഷണം നടത്താൻ കഴിഞ്ഞാൽ അദ്ദേഹം അവർക്കു ബൈബിൾ സാഹിത്യം അയച്ചു കൊടുക്കുമായിരുന്നു. പിന്നീട് പ്രസിദ്ധീകരണം ഇഷ്ടമായോ എന്ന് അറിയാനായി അദ്ദേഹം വീണ്ടും അവരെ വിളിക്കുമായിരുന്നു. ചിലപ്പോൾ വിലമതിപ്പിൻ വാക്കുകൾ നിറഞ്ഞ മറുപടിക്കത്തുകൾ അദ്ദേഹത്തിനു കിട്ടിയിരുന്നു. അത് അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു.
ഫെർനാൻഡിനെപ്പോലെ, നിങ്ങളുടെ പ്രദേശത്തുള്ള ആരെങ്കിലും നിങ്ങളെ ബന്ധപ്പെട്ടേക്കാം. അവരെ ശ്രദ്ധിക്കാൻ നിങ്ങൾ തയ്യാറാകുമോ? യഹോവയുടെ സാക്ഷികൾ അവരുടെ വിശ്വാസങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ എല്ലായ്പോഴും സന്തോഷമുള്ളവരാണ്.