“നാം എന്തിനിവിടെ ജനിച്ചു?”
“മനുഷ്യൻ അഭിമുഖീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.” അങ്ങനെയാണ് നോബൽ സമ്മാന ജേതാവും നാസി കൂട്ടക്കൊലയെ അതിജീവിച്ചയാളുമായ ഏലി വിസെൽ അതിനെ വിശേഷിപ്പിച്ചത്. ഏതാണ് ആ ചോദ്യം? ആ ചോദ്യമിതാണ്: “നാം എന്തിനിവിടെ ജനിച്ചു?”
നിങ്ങൾ എന്നെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? അനേകർ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അവരിൽ പലർക്കും അതിന്റെ ഉത്തരം ഒരു പ്രഹേളികയാണ്. ജീവിതത്തിന്റെ അർഥത്തിനായുള്ള അന്വേഷണത്തിനിടയിൽ ബ്രിട്ടീഷ് ചരിത്രകാരനായ ആർനൊൾഡ് ടോയിൻബി എഴുതി: “മനുഷ്യന്റെ പരമമായ ലക്ഷ്യം ദൈവത്തെ മഹത്ത്വപ്പെടുത്തുകയും അവിടുത്തെ സന്തോഷം എന്നേക്കും ആസ്വദിക്കുകയും ചെയ്യുക എന്നതാണ്.”
രസകരമെന്നു പറയട്ടെ, മൂന്നു സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ, ജീവിതത്തെ അടുത്തു നിരീക്ഷിച്ച ആളെന്ന നിലയിൽ പ്രശസ്‌തനായ ഒരു വ്യക്തി ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയിരുന്നു. ജ്ഞാനിയായ ശലോമോൻ രാജാവായിരുന്നു അത്. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.”—സഭാപ്രസംഗി 12:13.
ഈ അടിസ്ഥാനതത്ത്വത്തെ ദൈവപുത്രനായ യേശുക്രിസ്‌തുവും പിന്തുണയ്‌ക്കുകയുണ്ടായി. ഭൂമിയിലായിരുന്നപ്പോൾ, തന്റെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്താൻ വേണ്ടിയായിരുന്നു യേശു എല്ലായ്‌പോഴും യത്‌നിച്ചത്. തന്റെ സ്രഷ്ടാവിനെ സേവിച്ചത് യേശുവിന്റെ ജീവിതം അർഥപൂർണമാക്കി. ‘എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതു തന്നെ എന്റെ ആഹാരം’ എന്നു പറയാൻ കഴിയത്തക്കവിധം അത് യേശുവിനെ പോറ്റിപ്പുലർത്തി.—യോഹന്നാൻ 4:34.
അപ്പോൾ, നമ്മുടെ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം എന്തായിരിക്കും? യേശുവിനെയും ശലോമോനെയും മറ്റനേകം ദൈവദാസന്മാരെയും പോലെ, ദൈവേഷ്ടം പ്രവർത്തിച്ചുകൊണ്ട് നമുക്കും ജീവിതം അർഥപൂർണമാക്കാനും നിലനിൽക്കുന്ന സന്തോഷം ആസ്വദിക്കാനും കഴിയും. ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? (യോഹന്നാൻ 4:24) “നാം എന്തിനിവിടെ ജനിച്ചു?” എന്ന ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള യഹോവയുടെ സാക്ഷികൾക്ക് സന്തോഷമേയുള്ളൂ.