എതിർക്രിസ്തുവിനെ തിരിച്ചറിയേണ്ടത് എന്തുകൊണ്ട്?
ദൈവനിശ്വസ്തയിൽ ഒരു അപ്പൊസ്തലൻ വളരെക്കാലം മുമ്പ് എഴുതി, “എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” (1 യോഹന്നാൻ 2:18) എത്ര ശ്രദ്ധാർഹമായ വാക്കുകൾ! നൂറ്റാണ്ടുകളോളം ആളുകൾ അതിന്റെ അർഥം എന്തെന്നറിയാൻ ആകാംക്ഷ കാണിച്ചിട്ടുണ്ട്. ആരാണ് എതിർക്രിസ്തു? അവൻ എപ്പോഴാണ് വരിക? അവൻ വരുമ്പോൾ എന്തുചെയ്യും?
എതിർക്രിസ്തു എന്നു വിളിക്കപ്പെട്ട നിരവധിപേർ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിരുന്നിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ “എതിർക്രിസ്തു” എന്നു മുദ്രകുത്തപ്പെട്ടവരിൽ ചിലരാണ് യഹൂദന്മാരും കത്തോലിക്കാ പാപ്പാമാരും റോമൻ ചക്രവർത്തിമാരും മറ്റും. ഉദാഹരണത്തിന്, സഭയുടെ കുരിശുയുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഫ്രെഡറിക് രണ്ടാമൻ ചക്രവർത്തിയെ (1194-1250) ഗ്രിഗറി ഒമ്പതാമൻ പാപ്പാ എതിർക്രിസ്തുവായി നാമകരണം ചെയ്ത് സഭാഭ്രഷ്ട് കൽപ്പിച്ചു. ഗ്രിഗറിയുടെ പിൻഗാമിയായ ഇന്നസെൻറ് നാലാമൻ പാപ്പാ അദ്ദേഹത്തിനു വീണ്ടും ഭ്രഷ്ട് കൽപ്പിച്ചു. അതിനൊരു തിരിച്ചടിയെന്നോണം ഇന്നസെന്റ് പാപ്പായെ ഫ്രെഡറിക്കും എതിർക്രിസ്തുവായി പ്രഖ്യാപിച്ചു.
അപ്പൊസ്തലനായ യോഹന്നാനാണ് “എതിർക്രിസ്തു” എന്ന പദം ഉപയോഗിച്ചിരിക്കുന്ന ഏക ബൈബിൾ എഴുത്തുകാരൻ. അവന്റെ രണ്ടു ലേഖനങ്ങളിൽ ഈ പദം അഞ്ചു പ്രാവശ്യം കാണാം, ഏകവചനരൂപത്തിലും ബഹുവചനരൂപത്തിലും. പ്രസ്തുത വാക്കുകൾ വരുന്ന വാക്യങ്ങൾ നാലാം പേജിലെ ചതുരത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഈ വാക്യങ്ങളിൽനിന്നും, ദൈവവും ക്രിസ്തുവുമായുള്ള മറ്റുള്ളവരുടെ ബന്ധം നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു നുണയനും വഞ്ചകനും ആണ് എതിർക്രിസ്തു എന്നു വ്യക്തമാണ്. അക്കാരണത്താൽ, അപ്പൊസ്തലൻ സഹക്രിസ്ത്യാനികളെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ.”—1 യോഹന്നാൻ 4:1.
വഞ്ചകർ അഥവാ കള്ളപ്രവാചകന്മാർ ആയവർക്കെതിരെ യേശുവും തന്റെ അനുഗാമികൾക്കു മുന്നറിയിപ്പു നൽകി: “അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ [അഥവാ പ്രവർത്തനങ്ങളാൽ] നിങ്ങൾക്കു അവരെ തിരിച്ചറിയാം.” (മത്തായി 7:15, 16) ഒരു ആലങ്കാരിക ഭാഷയിൽ യേശുവും ഇവിടെ എതിർക്രിസ്തുവിനെക്കുറിച്ചുതന്നെയാണോ മുന്നറിയിപ്പു നൽകിയത്? നമുക്കിപ്പോൾ നീചനായ ഈ വഞ്ചകനെ തിരിച്ചറിയാനാകുന്നത് എങ്ങനെ എന്നു നോക്കാം.