വായനക്കാർ ചോദിക്കുന്നു
ദൈവത്തെ അറിയാൻ എല്ലാവർക്കും ഒരേപോലുള്ള അവസരമായിരിക്കുമോ ലഭിക്കുക?
ഏറ്റവും വലിയ കൽപ്പന ഏതാണെന്നുള്ള ചോദ്യത്തിന് യേശു ഇങ്ങനെ മറുപടി നൽകി: “നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.” (മത്തായി 22:37) ദൈവത്തെ സ്നേഹിക്കണമെങ്കിൽ ആദ്യം അവനെക്കുറിച്ച് അറിയേണ്ടതുണ്ട്. (യോഹന്നാൻ 17:3) എന്നാൽ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാൻ എല്ലാവർക്കും ഒരേപോലുള്ള അവസരമായിരിക്കുമോ ലഭിക്കുക?
ദൈവപരിജ്ഞാനത്തിന്റെ പ്രധാന ഉറവിടം ബൈബിളാണ്. (2 തിമൊഥെയൊസ് 3:16) പല ദേശങ്ങളിലും ആളുകൾക്ക് ബൈബിൾ വാങ്ങാനും വായിക്കാനും സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ ഒരു ബൈബിളധ്യയനത്തിലൂടെ ദൈവപരിജ്ഞാനം നേടാൻ ഇവരിൽ പലർക്കും അവസരങ്ങൾ ലഭിക്കാറുണ്ട്; ഒന്നല്ല പല അവസരങ്ങൾ. (മത്തായി 28:19) ക്രിസ്തീയ കുടുംബങ്ങളിൽ ജനിക്കുന്നവർക്കാകട്ടെ ചെറുപ്പം മുതൽതന്നെ ദൈവത്തെക്കുറിച്ചു പഠിക്കാനുള്ള സാഹചര്യമുണ്ട്.—ആവർത്തനപുസ്തകം 6:6, 7; എഫെസ്യർ 6:4.
ചിലരുടേത് അത്രത്തോളം അനുകൂലമായ സാഹചര്യങ്ങളായിരിക്കില്ല. മാതാപിതാക്കളിൽനിന്ന് സ്നേഹമോ വാത്സല്യമോ ലഭിക്കാതെ വളർന്നുവന്നവരായിരിക്കാം അവർ. (2 തിമൊഥെയൊസ് 3:1-5) അങ്ങനെയുള്ളവർക്ക് ദൈവത്തെ സ്നേഹവാനായ ഒരു പിതാവായി കാണാൻ ബുദ്ധിമുട്ടായിരുന്നേക്കാം. വേറെ ചിലർക്കാകട്ടെ വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തതിനാൽ ബൈബിൾ വായിക്കാൻതന്നെ പ്രയാസമായിരിക്കും. ഇനിയും ചിലരുടെ കാര്യത്തിൽ വ്യാജമത ഉപദേശങ്ങൾ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കാം. അല്ലെങ്കിൽ ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും നിഷിദ്ധമായ ദേശങ്ങളിലോ കുടുംബങ്ങളിലോ ആയിരിക്കാം അവർ ജീവിക്കുന്നത്. (2 കൊരിന്ത്യർ 4:4) ഇത്തരം സാഹചര്യങ്ങൾനിമിത്തം ദൈവത്തെ അറിയാനും അവനെ സ്നേഹിക്കാനും ഉള്ള അവസരം അവർക്കു നിഷേധിക്കപ്പെടുമോ?
ആളുകളുടെ ചില ജീവിതസാഹചര്യങ്ങൾ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടാക്കിത്തീർക്കുമെന്ന് യേശു പറയുകയുണ്ടായി. (മത്തായി 19:23, 24) എന്നാൽ ചില പ്രതിബന്ധങ്ങൾ മറികടക്കാനാവില്ലെന്ന് മനുഷ്യർക്കു തോന്നിയാലും “ദൈവത്തിനു സകലവും സാധ്യം” എന്ന് യേശു പറഞ്ഞു.—മത്തായി 19:25, 26.
പിൻവരുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക: തന്റെ വചനമായ ബൈബിൾ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ലഭ്യമാക്കാൻ വേണ്ട ക്രമീകരണം ദൈവം ചെയ്തിട്ടുണ്ട്. അതെ, ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമാണ് ബൈബിൾ. ദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സുവാർത്ത “ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും” എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) ആ പ്രവചനത്തിനു ചേർച്ചയിൽ, ഇന്ന് യഹോവയുടെ സാക്ഷികൾ 230-ലേറെ ദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നു; അതുപോലെ 500-ലധികം ഭാഷകളിൽ അവർ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു വിതരണം ചെയ്യുന്നു. ഇനി, ബൈബിൾ വായിക്കാനോ പഠിക്കാനോ അവസരം കിട്ടാത്തവർക്കുപോലും ദൈവത്തിന്റെ സൃഷ്ടികളിൽനിന്ന് അവനെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിക്കാനാകും.—റോമർ 1:20.
മാത്രമല്ല, ദൈവത്തിന്റെ വചനം ഇങ്ങനെ പറയുന്നു: “യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃത്താന്തം 28:9) തന്നെക്കുറിച്ച് അറിയാൻ എല്ലാവർക്കും ഒരേപോലുള്ള അവസരങ്ങൾ ലഭിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ആത്മാർഥതയുള്ള എല്ലാവർക്കും ഒരു അവസരം ദൈവം ഉറപ്പായും നൽകും. മാത്രമല്ല, അങ്ങനെയൊരു അവസരം ലഭിക്കാതെ മരിച്ചുപോയിട്ടുള്ളവരെ അവൻ തിരികെ വരുത്തും; നീതിയുള്ള ഒരു പുതിയ ലോകത്തിലേക്ക്! അങ്ങനെ അവൻ അവർക്ക് തന്നെക്കുറിച്ച് അറിയാൻ അവസരം നൽകും.—പ്രവൃത്തികൾ 24:15.