ഞങ്ങളുടെ വായനക്കാർക്ക്
നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന വീക്ഷാഗോപുരം മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. 1879 ജൂലൈയിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. കാലത്തിനൊപ്പം ഈ പത്രികയ്ക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. (മുകളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുക.) ഈ ലക്കം മുതൽ പ്രകടമായ മറ്റു ചില മാറ്റങ്ങൾ നിങ്ങൾക്കു കാണാനാകും. ആകട്ടെ, എന്തൊക്കെയാണ് ആ മാറ്റങ്ങൾ?
വിവരങ്ങൾ ഓൺലൈനിൽ ലഭിക്കാനാണ് ഇന്ന് മിക്ക ദേശങ്ങളിലുമുള്ള ആളുകൾക്ക് താത്പര്യം. മൗസിൽ വിരലൊന്ന് അമർത്തിയാൽ മതി ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങൾ ധാരാളം. പുസ്തകങ്ങളും മാസികകളും ദിനപത്രങ്ങളും ഒക്കെ ഓൺലൈനിൽ വായിക്കാനാകും.
ഇത്തരത്തിലുള്ള വായന മിക്കവർക്കും താത്പര്യമുള്ളതിനാൽ വളരെ രസകരവും വിവരങ്ങൾ എളുപ്പം കണ്ടുപിടിക്കാവുന്നതും ആയ വിധത്തിൽ www.jw.org വെബ്സൈറ്റ് ഈ അടുത്തകാലത്ത് പരിഷ്കരിച്ചിരിക്കുന്നു. 430-ലേറെ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ ഇതിൽ ലഭ്യമാണ്. അച്ചടിച്ച മാസികയിൽ വന്നിരുന്ന സ്ഥിരംപംക്തിയിൽപ്പെട്ട ചില ലേഖനങ്ങളും ഓൺലൈനിൽ വായിക്കാനാകും. ഇനി മുതൽ ഇവ വെബ്സൈറ്റിൽ മാത്രമേ ലഭ്യമാകൂ.a
ഈ ലക്കം മുതൽ കൂടുതൽ ലേഖനങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിനാൽ വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പ് 32 പേജായിരുന്നത് 16 പേജായി ചുരുങ്ങും. വീക്ഷാഗോപുരം ഇപ്പോൾത്തന്നെ 204 ഭാഷകളിൽ ലഭ്യമാണ്. പേജുകളുടെ എണ്ണം കുറവായതിനാൽ കൂടുതൽ ഭാഷകളിലേക്ക് ഇനി ഇത് എളുപ്പം പരിഭാഷപ്പെടുത്താനാകും.
ബൈബിളിലെ ജീവരക്ഷാദായകമായ സന്ദേശം അനേകരുടെ പക്കൽ എത്തിക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആളുകളെ പ്രബുദ്ധരാക്കുന്ന താത്പര്യജനകമായ വിവരങ്ങൾ അച്ചടിച്ചും ഓൺലൈനിലും തുടർന്നും ലഭ്യമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ബൈബിളിനെ ആദരിക്കുകയും അത് യഥാർഥത്തിൽ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഞങ്ങളുടെ വായനക്കാർക്ക് അവ തീർച്ചയായും പ്രയോജനപ്പെടും. (w13-E 01/01)
പ്രസാധകർ
a വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പ് മലയാളത്തിൽ ത്രൈമാസപ്പതിപ്പാണ്.