അവൾ കയ്യഫാവിന്റെ കുടുംബത്തിൽനിന്നുള്ളവൾ
അസ്ഥിപേടകങ്ങളുടെ ഒരു സൂക്ഷിപ്പുപുര
പുരാവസ്തു കണ്ടുപിടിത്തങ്ങൾ ബൈബിൾകഥാപാത്രങ്ങളുടെ അസ്തിത്വം നേരിട്ടോ അല്ലാതെയോ സ്ഥിരീകരിക്കാറുണ്ട്. 2011-ൽ അത്തരമൊരു കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വാർത്ത ഇസ്രായേലിലെ പണ്ഡിതന്മാർ പ്രസിദ്ധീകരിച്ചു. 2,000 വർഷം പഴക്കമുള്ള ഒരു അസ്ഥിപേടകത്തെ—മൃതശരീരം അഴുകിക്കഴിഞ്ഞ് അവശേഷിക്കുന്ന അസ്ഥികൾ ശേഖരിച്ചു സൂക്ഷിക്കുന്ന, ചുണ്ണാമ്പുകല്ലിൽ തീർത്ത ഒരു അലങ്കൃതപേടകം—സംബന്ധിച്ചായിരുന്നു അത്.
ഈ അസ്ഥിപേടകത്തിൽ, “ബെത് ഇമ്രിയിൽനിന്നുള്ള മയസ്യാപുരോഹിതഗണത്തിലുള്ള കയ്യഫാവിന്റെ മകനായ യേഷ്വായുടെ മകൾ മിര്യാം” എന്ന് ആലേഖനം ചെയ്തിരുന്നു. കയ്യഫാവായിരുന്നു യേശുവിന്റെ വിസ്താരത്തിലും വധനിർവഹണത്തിലും ഉൾപ്പെട്ട യഹൂദമഹാപുരോഹിതൻ. (യോഹ. 11:48-50) ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് അവനെ “കയ്യഫാവ് എന്നു വിളിക്കപ്പെട്ടിരുന്ന യോസേഫ്” എന്നു പരാമർശിച്ചു. തെളിവനുസരിച്ച് ഈ അസ്ഥിപേടകം അവന്റെ ഒരു ബന്ധുവിന്റേതാണ്. എന്താണ് കാരണം? ആ മഹാപുരോഹിതന്റേതെന്നു കരുതപ്പെടുന്ന ഒരു അസ്ഥിപേടകം മുമ്പു കണ്ടെത്തിയിരുന്നു; അതിലെ ആലേഖനത്തിൽ അവനെ “യെഹോസെഫ് ബാർ കയ്യഫാ” അഥവാ കയ്യഫാവിന്റെ മകനായ യോസേഫ്a എന്ന് പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് മിര്യാം ഏതോ വിധത്തിൽ യോസേഫിന്റെ ഒരു ബന്ധുവായിരുന്നു.
ഇസ്രായേലിലെ പുരാവസ്തുവകുപ്പു നൽകിയ വിവരം അനുസരിച്ച് ഒരു പുരാതന ശവകുടീരം കൊള്ളയടിച്ച കവർച്ചക്കാരുടെ കയ്യിൽനിന്നു പിടിച്ചെടുത്തതാണ് മിര്യാമിന്റെ അസ്ഥിപേടകം. ഈ അസ്ഥിപേടകത്തിന്റെയും അതിലെ ആലേഖനത്തിന്റെയും അപഗ്രഥനം അതിന്റെ ആധികാരികത സ്ഥിരീകരിക്കുന്നു.
ഈ അസ്ഥിപേടകം ഒരു പുതിയ വിവരവും നൽകുന്നുണ്ട്. അതിൽ യെരുശലേമിലെ ആലയത്തിൽ ഊഴമനുസരിച്ച് സേവിച്ചിരുന്ന 24 പൗരോഹിത്യ വിഭാഗങ്ങൾ അഥവാ കൂറുകളിൽ അവസാനത്തേതായിരുന്ന “മയസ്യാ” കൂറിനെക്കുറിച്ചുള്ള പരാമർശമുണ്ട്. (1 ദിന. 24:18) “കയ്യഫാവിന്റെ കുടുംബത്തിന് മയസ്യാകൂറുമായി ബന്ധമുണ്ട്” എന്ന് അസ്ഥിപേടകത്തിലെ ആലേഖനം വെളിവാക്കുന്നതായി ഇസ്രായേലിലെ പുരാവസ്തുവകുപ്പ് അഭിപ്രായപ്പെടുന്നു.
ആലേഖനത്തിൽ ബെത് ഇമ്രിയെക്കുറിച്ചുള്ള പരാമർശവുമുണ്ട്. ഇതിനെ രണ്ടു വിധത്തിൽ വ്യാഖ്യാനിക്കാം. “ബെത് ഇമ്രി ഒരു പൗരോഹിത്യകുടുംബത്തെ—അതായത് മയസ്യാകൂറിലുള്ളവർ പിന്തുടർച്ചക്കാരായുള്ള, ഇമ്മേരിന്റെ മക്കളെ (എസ്രാ 2:36, 37; നെഹെ. 7:39-42)—കുറിക്കാനാണ് ഒരു സാധ്യത” എന്ന് ഇസ്രായേല്യ പുരാവസ്തുവകുപ്പു പറയുന്നു. “രണ്ടാമത്തെ സാധ്യത (ബെത് ഇമ്രി), മരിച്ചവളുടെയോ അവളുടെ മുഴുകുടുംബത്തിന്റെയോ ജന്മസ്ഥലം ആയിരിക്കാനാണ്.” എന്തുതന്നെയായാലും, ബൈബിളിൽ പറയുന്ന ആളുകളും കുടുംബങ്ങളും യഥാർഥമാണ് എന്നതിനു തെളിവാണ് മിര്യാമിന്റെ അസ്ഥിപേടകം.
a കയ്യഫാവിന്റെ അസ്ഥിപേടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 2006 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 10-13 പേജുകളിൽ കാണുന്ന “യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻ” എന്ന ലേഖനം കാണുക.