വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 8/15 പേ. 31-32
  • രാജാവിന്‌ സന്തോഷമായി!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാജാവിന്‌ സന്തോഷമായി!
  • 2013 വീക്ഷാഗോപുരം
2013 വീക്ഷാഗോപുരം
w13 8/15 പേ. 31-32

ചരിത്രസ്‌മൃതികൾ

രാജാവിന്‌ സന്തോഷമായി!

വർഷം 1936 ആഗസ്റ്റ്‌. സ്വാസിലാൻഡിലെ കൊട്ടാരം. ആ അങ്കണത്തിൽ, ഉച്ചഭാഷിണി ഘടിപ്പിച്ച കാറിൽനിന്ന്‌ സംഗീതവും ജെ. എഫ്‌. റഥർഫോർഡ്‌ സഹോദരന്റെ പ്രസംഗങ്ങളും കേൾക്കുന്നു. റോബർട്ട്‌ നിസ്‌ബെറ്റും ജോർജ്‌ നിസ്‌ബെറ്റും ആണ്‌ അത്‌ കേൾപ്പിക്കുന്നത്‌. അതു കേട്ടുകൊണ്ടിരുന്ന സോബൂസ രണ്ടാമൻ രാജാവിന്‌ സന്തോഷമായി. ജോർജ്‌ വിശദീകരിക്കുന്നു: “രാജാവിന്റെ ആഗ്രഹം ഞങ്ങളെ വിഷമസന്ധിയിലാക്കി. ആ റെക്കോർഡിങ്‌ ഉപകരണവും റെക്കോർഡിങ്ങുകളും രാജ്യസന്ദേശം കേൾപ്പിക്കുന്ന ഉച്ചഭാഷിണിയും വാങ്ങാൻ അദ്ദേഹം താത്‌പര്യം പ്രകടിപ്പിച്ചു.” സഹോദരന്മാർ ഇപ്പോൾ എന്തു ചെയ്യും?

ഒരു നിമിഷം ചിന്തിച്ചശേഷം റോബർട്ട്‌ ക്ഷമാപണത്തോടെ അതു വിൽപ്പനയ്‌ക്കുള്ളതല്ല എന്നു ബോധിപ്പിച്ചു. വിൽക്കാത്തത്‌ എന്തുകൊണ്ടാണെന്നു രാജാവിന്‌ അറിയണമെന്നായി. “അവ മറ്റൊരു ആളുടേതാണ്‌.” അപ്പോൾ അത്‌ ആരാണെന്നും രാജാവിന്‌ അറിഞ്ഞേതീരൂ.

“ഇതെല്ലാം മറ്റൊരു രാജാവിന്റെയാണ്‌,” റോബർട്ട്‌ പറഞ്ഞു. ആരാണ്‌ ആ രാജാവ്‌ എന്ന്‌ അറിയാൻ സോബൂസ രാജാവിന്‌ ആകാംക്ഷയായി. “ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്‌തു,” റോബർട്ട്‌ ഉണർത്തിച്ചു.

“ഓ, അദ്ദേഹം മഹാനായ രാജാവാണ്‌! അദ്ദേഹത്തിന്റേതൊന്നും ഞാൻ ഏതായാലും ആവശ്യപ്പെടില്ല,” സോബൂസ രാജാവ്‌ ആദരവോടെ പറഞ്ഞു.

റോബർട്ട്‌ എഴുതി: ‘ആ സർവാധികാരിയായ സോബൂസ രാജാവിന്റെ പെരുമാറ്റത്തിൽ എനിക്ക്‌ വളരെ മതിപ്പു തോന്നി. യാതൊരു ജാഡയോ അഹങ്കാരമോ ഇല്ലാതെ അദ്ദേഹം സ്‌ഫുടമായി ഇംഗ്ലീഷ്‌ സംസാരിച്ചു; സമീപിക്കാവുന്ന, തുറന്ന പ്രകൃതക്കാരനായിരുന്നു രാജാവ്‌. രാജസദസ്സിൽ ഇരുന്ന്‌ 45 മിനിട്ടോളം ഞാൻ അദ്ദേഹവുമായി സംസാരിച്ചു. ജോർജ്‌ അപ്പോൾ വെളിയിൽ സംഗീതം കേൾപ്പിക്കുകയായിരുന്നു.

‘അന്നേ ദിവസംതന്നെ ഞങ്ങൾ സ്വാസി നാഷണൽ സ്‌കൂൾ സന്ദർശിച്ചു. അവിസ്‌മരണീയമായ ഒരു സന്ദർശനമായിരുന്നു അത്‌. അവിടത്തെ പ്രിൻസിപ്പൽ സന്തോഷത്തോടെ ഞങ്ങളെ സ്വാഗതം ചെയ്‌തു. അദ്ദേഹത്തോട്‌ സാക്ഷീകരിച്ചശേഷം, ഞങ്ങളുടെ പക്കലുള്ള റെക്കോർഡിങ്‌ ഉപകരണത്തെക്കുറിച്ചു പറഞ്ഞു. സ്‌കൂളിലെ കുട്ടികളെയെല്ലാം അതു കേൾപ്പിക്കാമെന്ന്‌ പറഞ്ഞപ്പോൾ സസന്തോഷം നൂറോളം വരുന്ന കുട്ടികളെ അദ്ദേഹം മുറ്റത്ത്‌ കൂട്ടിവരുത്തി. അത്‌ ഒരു ഹൈസ്‌കൂളായിരുന്നു. അവിടെ ആൺകുട്ടികളെ കൃഷിയും പൂന്തോട്ടനിർമാണവും മരപ്പണിയും കെട്ടിടം പണിയും ഇംഗ്ലീഷും ഗണിതവും, പെൺകുട്ടികളെ ആതുരശുശ്രൂഷയും വീട്ടുജോലിയും മറ്റ്‌ ഉപയോഗപ്രദമായ തൊഴിലുകളും പഠിപ്പിച്ചിരുന്നു.’ ആ സ്‌കൂൾ സ്ഥാപിച്ചത്‌ സോബൂസ രാജാവിന്റെ മുത്തശ്ശിയാണ്‌.a

(മുകളിൽ) 1936-ൽ ഒരു പരസ്യപ്രസംഗം ശ്രദ്ധിച്ച സ്വാസിലാൻഡിലെ ഹൈസ്‌കൂൾ വിദ്യാർഥികൾ

1933 മുതൽ, കൊട്ടാരം സന്ദർശിക്കുന്ന പയനിയർമാരെ സോബൂസ രാജാവ്‌ സ്വീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. ഒരിക്കൽ, റെക്കോർഡ്‌ ചെയ്‌ത രാജ്യസന്ദേശം കേൾക്കാൻ തന്റെ അംഗരക്ഷകരായ 100 പടയാളികളെ അദ്ദേഹം കൂട്ടിവരുത്തുകയുണ്ടായി. അവരെല്ലാവരും നമ്മുടെ മാസികകളുടെ വരിസംഖ്യ എടുക്കുകയും ആ സഹോദരന്മാരുടെ പക്കലുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങൾ വാങ്ങുകയും ചെയ്‌തു. വൈകാതെ രാജാവിന്‌ നമ്മുടെ മിക്ക പ്രസിദ്ധീകരണങ്ങളും അടങ്ങുന്ന ഒരു ലൈബ്രറിയുണ്ടായി! തന്നെയുമല്ല രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ കോളനിയധികാരികൾ നമ്മുടെ പ്രസിദ്ധീകരണങ്ങൾ നിരോധിച്ചപ്പോഴും അദ്ദേഹം അവ കാത്തുസൂക്ഷിച്ചു!

ലൊബാംബയിലെ കൊട്ടാരത്തിലേക്ക്‌ സാക്ഷികളെ സ്വാഗതം ചെയ്യാൻ സോബൂസ രണ്ടാമൻ രാജാവിന്‌ വലിയ ഇഷ്ടമായിരുന്നു. നമ്മുടെ ബൈബിൾപ്രസംഗങ്ങൾ കേൾക്കാൻ വൈദികരെപ്പോലും അദ്ദേഹം ക്ഷണിക്കുമായിരുന്നു. അത്തരമൊരു അവസരത്തിൽ, പ്രദേശത്തെ ഒരു സാക്ഷിയായ ഹെൽവി മഷാസി മത്തായി 23-ാം അധ്യായം ചർച്ചചെയ്യുകയായിരുന്നു. അപ്പോൾ കലിമൂത്ത ഒരു കൂട്ടം വൈദികർ ചാടി എഴുന്നേറ്റ്‌ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ രാജാവ്‌ ഇടപെട്ട്‌ മഷാസി സഹോദരനോട്‌ പ്രസംഗം തുടരാൻ ആവശ്യപ്പെട്ടു. പോരാത്തതിന്‌ പ്രസംഗത്തിൽ പരാമർശിക്കുന്ന ബൈബിൾവാക്യങ്ങൾ കുറിച്ചെടുക്കാനും സദസ്യരോടു പറഞ്ഞു!

മറ്റൊരു അവസരത്തിൽ ഒരു പയനിയർ സഹോദരന്റെ പ്രസംഗം കേട്ടശേഷം അവിടെയുണ്ടായിരുന്ന നാലു വൈദികർ, “ഞങ്ങൾ ഇനിമുതൽ വൈദികരല്ല, യഹോവയുടെ സാക്ഷികളാണ്‌” എന്നു പ്രഖ്യാപിച്ചു. അതിനു ശേഷം, രാജാവിന്റെ പക്കലുള്ളതരം പുസ്‌തകങ്ങൾ ഉണ്ടോ എന്ന്‌ അവർ ആ സഹോദരനോടു ചോദിച്ചു.

1930-കൾമുതൽ 1982-ൽ മരിക്കുന്നതുവരെ യഹോവയുടെ സാക്ഷികളോട്‌ രാജാവിന്‌ നല്ല മതിപ്പായിരുന്നു. സ്വാസി ആചാരങ്ങൾ പിൻപറ്റാത്തതിന്റെ പേരിൽ സാക്ഷികളെ പീഡിപ്പിക്കാൻ അദ്ദേഹം ആരെയും അനുവദിച്ചില്ല. അതുകൊണ്ട്‌ സാക്ഷികൾ അദ്ദേഹത്തോട്‌ നന്ദിയുള്ളവരായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ അവർക്ക്‌ വല്ലാത്ത ദുഃഖം തോന്നി.

2013-ന്റെ ആരംഭത്തിൽ സ്വാസിലാൻഡിൽ ഏതാണ്ട്‌ 3,000-ത്തിലധികം രാജ്യഘോഷകരാണുള്ളത്‌; വെറും പത്തു ലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്ത്‌ 384 പേർക്ക്‌ ഒരു പ്രസാധകൻ വീതം. 90 സഭകളിലായി 260-ലധികം പയനിയർമാരുണ്ട്‌. 2012-ലെ സ്‌മാരകത്തിന്‌ 7,496 പേർ ഹാജരായി. വളർച്ചയ്‌ക്ക്‌ ഇനിയും ഏറെ സാധ്യതയുണ്ടെന്നു സാരം. അതെ, 1930-കളിൽ സ്വാസിലാൻഡ്‌ സന്ദർശിച്ചവർ പാകിയത്‌ ഉറപ്പുള്ള ഒരു അടിത്തറയായിരുന്നു!—സൗത്ത്‌ ആഫ്രിക്കയിലെ ശേഖരത്തിൽനിന്ന്‌.

a 1937 ജൂൺ 30 ലക്കം സുവർണയുഗം (ഇംഗ്ലീഷ്‌) പേജ്‌ 629.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക