മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവത്തിന് ഒരു പേരില്ല എന്ന നുണ
കുറെ ആളുകൾ വിശ്വസിക്കുന്നത്
“ദൈവത്തിന് ഒരു പേരുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഞങ്ങൾക്ക് ഒരു യോജിപ്പിലെത്താൻ ആയിട്ടില്ല. ഇനി, ഒരു പേരുണ്ടെങ്കിൽത്തന്നെ അത് എന്താണെന്നും അറിയില്ല.”—പ്രൊഫസർ ഡേവിഡ് കണ്ണിങ്ഹാം, ദൈവശാസ്ത്ര പഠനങ്ങൾ.
ബൈബിൾ പറയുന്ന സത്യം
ദൈവം ഇങ്ങനെ പറയുന്നു: “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:8) യഹോവ എന്നത് ഒരു എബ്രായ പേരാണ്. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് അതിന്റെ അർഥം.—പുതിയലോക ഭാഷാന്തരം അനുബന്ധം എ4-ലെ ഖണ്ഡിക 11 കാണുക.
യഹോവ എന്ന പേര് നമ്മൾ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “തിരുനാമം വിളിച്ചപേക്ഷിക്കൂ, ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ! ദൈവത്തിന്റെ പേര് ഉയർന്നിരിക്കുന്നെന്നു പ്രഖ്യാപിക്കൂ.”—യശയ്യ 12:4.
യേശു ദൈവത്തിന്റെ പേര് ഉപയോഗിച്ചു. യഹോവയോടു പ്രാർഥിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര് ഇവരെ (യേശുവിന്റെ ശിഷ്യന്മാരെ) അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.” യേശു എന്തുകൊണ്ടാണ് ദൈവത്തിന്റെ പേര് ശിഷ്യന്മാരെ അറിയിച്ചത്? എന്തുകൊണ്ടാണെന്ന് യേശുതന്നെ പറഞ്ഞു: “അങ്ങ് (ദൈവം) എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”—യോഹന്നാൻ 17:26.
അതിന്റെ പ്രാധാന്യം
“ദൈവത്തിന്റെ പേര് അറിയില്ലാത്ത ഒരാൾക്ക് ദൈവത്തെ ഒരു വ്യക്തിയായി ശരിക്ക് അറിയില്ല. വ്യക്തിത്വ ഗുണങ്ങൾ ഇല്ലാത്ത വെറുമൊരു ശക്തിയായി മാത്രം ദൈവത്തെ കാണുന്ന ഒരാൾക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല” എന്ന് ദൈവശാസ്ത്രജ്ഞനായ വാൾട്ടർ ലോറി എഴുതി.
ദൈവത്തിന്റെ സ്വന്തം പേര് ഉപയോഗിക്കാതിരിക്കുകയോ പകരം വേറെ പേരുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ബൈബിളിൽനിന്ന് അത് വെട്ടിമാറ്റുന്നതുപോലെയാണ്
എല്ലാ ആഴ്ചയും പള്ളിയിൽ പോയിരുന്ന ആളാണ് വിക്ടർ. എന്നാൽ ദൈവം ആരാണെന്ന് അദ്ദേഹത്തിന് ശരിക്കും അറിയില്ലായിരുന്നു. വിക്ടർ പറയുന്നു: “അങ്ങനെയിരിക്കെയാണ് ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ഞാൻ അറിഞ്ഞത്. ദൈവത്തെ ആദ്യമായി പരിചയപ്പെടുന്നതുപോലെയായിരുന്നു അത്. ഒരുപാട് കേട്ടിട്ടുള്ള ഒരാളെ അവസാനം കണ്ടുമുട്ടിയതുപോലെ! ദൈവം ശരിക്കുമുള്ള ഒരു വ്യക്തിയാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ദൈവത്തെ ഒരു അടുത്ത സുഹൃത്തായി കാണാനും എനിക്കു കഴിയുന്നു.”
തന്റെ പേര് ഉപയോഗിക്കുന്നവരോട് യഹോവയും അടുത്തടുത്ത് വരും. “ദൈവനാമത്തെക്കുറിച്ച്” ചിന്തിക്കുന്നവരെപ്പറ്റി ദൈവം ഇങ്ങനെ പറയുന്നു: “അനുസരണമുള്ള മകനോട് അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട് അനുകമ്പ കാട്ടും.” (മലാഖി 3:16, 17) ദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്നവർക്ക് എന്ത് അനുഗ്രഹമാണ് കിട്ടാൻ പോകുന്നതെന്ന് അറിയാമോ? ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—റോമർ 10:13.