മുഖ്യലേഖനം | പ്രാർഥന—എന്താണ് പ്രയോജനം?
നമ്മുടെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ?
ആരും കേൾക്കാനില്ലാത്തതിനാൽ വെറുതെ സമയം പാഴാക്കലാണ് പ്രാർഥന എന്ന് ചിലർ വിചാരിക്കുന്നു. മറ്റു ചിലരാകട്ടെ, പ്രാർഥിക്കാറുണ്ടെങ്കിലും തങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല എന്നോർത്ത് പരിതപിക്കുന്നു. ഒരു നിരീശ്വരവാദി തന്റെ സങ്കൽപ്പത്തിലുള്ള ദൈവത്തോട് “എന്റെ പ്രാർഥനയ്ക്ക് ചെറുതായെങ്കിലും ഒന്ന് ഉത്തരം തരേണമേ” എന്ന് പ്രാർഥിച്ചു. എന്നാൽ ദൈവം “മിണ്ടിയതേയില്ല” എന്ന് അദ്ദേഹം പറഞ്ഞു.
ഒരു ദൈവമുണ്ടെന്നും ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്നും ബൈബിൾ ഉറപ്പുനൽകുന്നു. വളരെക്കാലംമുമ്പ് ദൈവം തന്റെ ജനത്തോട് ഇങ്ങനെ പറഞ്ഞിരിക്കുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്: “നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു (ദൈവം) നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.” (യെശയ്യാവു 30:19) “നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം” എന്ന് മറ്റൊരു ബൈബിൾവാക്യവും പറയുന്നു.—സദൃശവാക്യങ്ങൾ 15:8.
യേശു തന്റെ പിതാവിനോട് പ്രാർഥിക്കുകയും അതിന് “ഉത്തരം ലഭിക്കുകയും ചെയ്തു.”—എബ്രായർ 5:7
അത് മാത്രമല്ല, ചിലർ പ്രാർഥിച്ചപ്പോൾ ദൈവം അവരുടെ പ്രാർഥന കേട്ടതായുള്ള രേഖയും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് യേശു, “തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു. . . അപേക്ഷ” കഴിക്കയും “ഉത്തരം ലഭിക്കുകയും ചെയ്തു” എന്ന് ഒരു ബൈബിൾവാക്യം പറയുന്നു. (എബ്രായർ 5:7) മറ്റു ചില ഉദാഹരണങ്ങൾ ദാനീയേൽ 9:21-ലും 2 ദിനവൃത്താന്തം 7:1-ലും കാണാനാകും.
അങ്ങനെയെങ്കിൽ, പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് ചിലർക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? മറ്റ് ദൈവങ്ങളോടോ പൂർവികരോടോ പ്രാർഥിക്കുന്നതിനു പകരം യഹോവയോട് മാത്രമേ പ്രാർഥിക്കാവൂ എന്നാണ് ബൈബിൾ പറയുന്നത്.a കൂടാതെ, “തിരുഹിതപ്രകാരം” അതായത് ദൈവം അംഗീകരിക്കുന്ന കാര്യങ്ങൾക്കുവേണ്ടിയായിരിക്കണം നമ്മൾ പ്രാർഥിക്കേണ്ടതെന്നും അത് പറയുന്നു. ഈ വിധത്തിൽ പ്രാർഥിക്കുമ്പോൾ ദൈവം ‘കേൾക്കും’ എന്നും ബൈബിൾ ഉറപ്പുനൽകുന്നു. (1 യോഹന്നാൻ 5:14) അതുകൊണ്ട്, നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്.
പ്രാർഥന എന്നത് മതപരമായ ചടങ്ങ് മാത്രമല്ലെന്നും ദൈവം നമ്മുടെ പ്രാർഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുണ്ടെന്നും അനേകർ വിശ്വസിക്കുന്നു. കെനിയയിൽ താമസിക്കുന്ന ഐസക്ക് പറയുന്നു: “ബൈബിളിനെക്കുറിച്ച് മനസ്സിലാക്കാൻ എന്നെ സഹായിക്കണേ എന്ന് ഞാൻ പ്രാർഥിച്ചതേയുള്ളൂ. അല്പസമയത്തിനുള്ളിൽ ഒരാൾ എന്റെ അടുത്തുവന്ന് ബൈബിൾ പഠിപ്പിക്കാമെന്ന് പറഞ്ഞു. “ഫിലിപ്പീൻസുകാരിയായ ഹിൽഡ പുകവലി നിറുത്താൻ ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമിച്ച് പലതവണ പരാജയപ്പെട്ടപ്പോൾ “എന്തുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ദൈവത്തോട് പ്രാർഥിച്ചുകൂടാ?” എന്ന് അവളുടെ ഭർത്താവ് ചോദിച്ചു. അത് കൊള്ളാമെന്ന് ഹിൽഡയ്ക്ക് തോന്നി. “എന്റെ പ്രാർഥനയ്ക്ക് ദൈവം ഉത്തരം നൽകിയ വിധം എന്നെ അതിശയിപ്പിച്ചു. പുകവലിയോടുള്ള താത്പര്യം പതുക്കെപ്പതുക്കെ കുറഞ്ഞുവന്നു. ഒടുവിൽ എനിക്ക് അത് നിറുത്താനും കഴിഞ്ഞു” എന്ന് ഹിൽഡ പറയുന്നു.
നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ നിങ്ങളെ സഹായിക്കാൻ ദൈവത്തിന് താത്പര്യമുണ്ടോ, പ്രത്യേകിച്ചും അത് ദൈവത്തിന്റെ ഇഷ്ടത്തോട് ചേർച്ചയിലായിരിക്കുമ്പോൾ?
(w15-E 10/01)
a ബൈബിൾ പറയുന്നതനുസരിച്ച് ദൈവത്തിന്റെ പേര് യഹോവ എന്നാണ്.