സുവാർത്ത സമർപ്പിക്കൽ—ഭവന ബൈബിളദ്ധ്യയനങ്ങളിലൂടെ ശിഷ്യരെ ഉളവാക്കുക
1 ക്രിസ്ത്യാനികൾക്ക് നിയമിക്കപ്പെട്ടിരിക്കുന്ന പരസ്യ ശുശ്രൂഷ ദ്വിവിധമായതാണ്: ഒന്നാമത്, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രഘോഷിക്കൽ, അതൊരു പ്രസംഗപ്രവർത്തനമാണ്; രണ്ടാമത്, അനുകൂലമായി പ്രതികരിച്ചവരെ പഠിപ്പിക്കൽ, യേശുവിന്റെ ശിഷ്യൻമാരെ ഉളവാക്കൽ. (മത്താ. 24:14; 28:19, 20) നമ്മുടെ ഉദ്ദേശ്യം വയൽശുശ്രൂഷയിൽ കേവലം സമയം ചെലവഴിക്കുകയൊ ധാരാളം സാഹിത്യം സമർപ്പിക്കുകയൊ ചെയ്യുകയെന്നതല്ല; അതിൽ, സത്യം പഠിക്കുകയും നിത്യജീവന്റെ പ്രതീക്ഷയിൽ യഹോവയുടെ ക്രിസ്തീയ സാക്ഷികളായിത്തീരുകയും ചെയ്യത്തക്കവണ്ണം ആത്മാർത്ഥഹൃദയരായ ആളുകളെ സഹായിക്കുന്നതും ഉൾപ്പെടുന്നു. ഈ ശിഷ്യരാക്കൽ വേല ഭവനബൈബിളദ്ധ്യയന ശുശ്രൂഷയിലൂടെയാണ് നന്നായി നിർവഹിക്കപ്പെടുന്നത്.
2 പ്രാരംഭ സന്ദർശനത്തിൽതന്നെ നിങ്ങൾ ഒരു ഭവനബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യുന്നതിന് എന്നെങ്കിലും പരിശ്രമിച്ചുനോക്കിയിട്ടുണ്ടോ? സാധാരണയായി താൽപ്പര്യക്കാർക്ക് ഒരു പ്രസിദ്ധീകരണം കൊടുക്കുന്നു, തന്നിമിത്തം ആദ്യസന്ദർശനത്തിൽത്തന്നെ തുടങ്ങുന്ന പക്ഷം ഒരു അദ്ധ്യയനം തുടരാൻ കഴിയും. ഒട്ടുമിക്കപ്പോഴും താൽപ്പര്യക്കാർക്ക് മടക്കസന്ദർശനങ്ങൾ നടത്തുന്നതിലൂടെയാണ് അദ്ധ്യയനങ്ങൾ ആരംഭിക്കുന്നത്. രണ്ടു സംഗതിയിലും ഒരു പ്രസിദ്ധീകരണം ഉപയോഗിച്ചുകൊണ്ട്, നമ്മുടെ അദ്ധ്യയനരീതി ചുരുക്കമായി പ്രകടിപ്പിക്കുന്നത് നല്ലതാണ്. ചിലപ്പോൾ ഒരു അദ്ധ്യയനം ആരംഭിക്കുന്നതിനുമുമ്പ് പല സന്ദർശനങ്ങൾ ആവശ്യമായിരുന്നേക്കാം. ചിലർക്ക് ഉത്തരം ലഭിക്കാൻ തങ്ങൾ ആഗ്രഹിക്കുന്ന ബൈബിൾ ചോദ്യങ്ങൾ ഉണ്ടായിരിക്കും. അവർ താൽപ്പര്യം പ്രകടിപ്പിച്ച വിഷയങ്ങളിലൊ ചോദ്യങ്ങളിലൊ തുടങ്ങുക. ഊഷ്മളമായും സൗഹാർദ്ദപരമായും ഉത്സാഹപൂർവവും അനൗപചാരികമായും വർത്തിക്കുക.
3 അനേകർ ഇപ്രകാരം പറഞ്ഞുകൊണ്ട് ഒരു അദ്ധ്യയനം ആരംഭിക്കുന്നതിൽ നല്ല വിജയം നേടിയിട്ടുണ്ട്: “ഞങ്ങൾ ആളുകളുമായി സൗജന്യ ഭവനബൈബിളദ്ധ്യയനങ്ങൾ നടത്തുന്നു. നിങ്ങളുടെ പക്ഷത്ത് ഒരു കടപ്പാടുമില്ല. നിങ്ങളുമായി രസകരമായ ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് ഞങ്ങൾ ഞങ്ങളുടെ പണവും സമയവും ചെലവഴിച്ച് വരുന്നതായിരിക്കും. നിങ്ങൾ അത്തരം ഒരു സൗജന്യ ബൈബിൾ അദ്ധ്യയനത്തിന് ഇഷ്ടപ്പെടുന്നുവോ?” ഇത് ഓരോ വീട്ടുവാതിൽക്കലും പരീക്ഷിച്ചു നോക്കുക, നിങ്ങൾ ഇത് വളരെ പ്രായോഗികമെന്ന് കണ്ടെത്തിയേക്കാം.
4 നാം എന്തു പഠിപ്പിക്കണം? ഇതിന് നിർദ്ദിഷ്ടമായ നിയമമില്ല. വ്യക്തിപരമായി വിദ്യാർത്ഥിയുടെ ആവശ്യങ്ങൾ, അയാളുടെ പശ്ചാത്തലം, അയാളുടെ താൽപ്പര്യങ്ങളും ആശയങ്ങളും എന്നിവ പരിഗണിക്കുക. വിദ്യാർത്ഥി ആദ്യം ഉന്നയിച്ച ചോദ്യങ്ങൾ എന്തു പറയണമെന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. നമുക്ക് സൊസൈററിയുടെ പുസ്തകങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും, എന്നാൽ ഒരു ചെറുപുസ്തകമൊ മാസികാ ലേഖനമൊ ഒരു ലഘുലേഖയൊ അല്ലെങ്കിൽ ബൈബിൾ തന്നെയൊ ആകാനും കഴിയും. വിദ്യാർത്ഥിക്ക് ഏററവുമധികം സഹായകമായത് ഉപയോഗിക്കാനും അയാളുടെ താൽപ്പര്യം പിടിച്ചുപററാനും ശ്രമിക്കുക; വിദ്യാർത്ഥിയിൽ ആത്മാർത്ഥമായ താൽപ്പര്യം കാണിക്കുക.
5 ആദ്യ അദ്ധ്യയനം മുതൽ തന്നെ കുടുംബത്തിലെ മററ് അംഗങ്ങളെ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഭർത്താക്കൻമാരും ഭാര്യമാരും അല്ലെങ്കിൽ മുഴു കുടുംബവും ഒരുമിച്ച് പഠിക്കുന്നത് കാണുന്നത് ഒരു നല്ല സംഗതിയാണ്. അവരുമായി സൗഹൃദം സ്ഥാപിക്കുക. ഒരു പരിധിവരെ സാമൂഹ്യസഹവാസം അനുഭവിക്കുന്നതും സഹായകമാണ്.
6 ഒരു സമയത്തും ഒരു വിഷയം സംബന്ധിച്ചും തർക്കത്തിലേർപ്പെടുന്നത് നല്ലതല്ല. നിങ്ങൾ തർക്കത്തിൽ വിജയിച്ചേക്കാം, എന്നാൽ ആ അദ്ധ്യയനം നഷ്ടപ്പെട്ടേക്കാം. അങ്ങനെ, ആ വ്യക്തി സത്യത്തിൽ വരാതിരുന്നേക്കാം. നാം അദ്ധ്യയനം നടത്തുന്ന അനേകർക്കും ബൈബിളിനെ സംബന്ധിച്ച് കുറച്ചുമാത്രമെ അറിയാമായിരിക്കയുളളു. അതുകൊണ്ട് അവർക്ക് ആവശ്യമായിരിക്കുന്നത് സഹായമാണ്, തർക്കമല്ല. നാം ചിലർക്കു ഒരു ബൈബിൾ കൊടുക്കേണ്ടി വന്നേക്കാം, മിക്കവർക്കും ബൈബിൾ ഉപയോഗിക്കുന്നതിന് പഠിക്കാൻ സഹായം ആവശ്യമായിരിക്കും.
7 വിദ്യാർത്ഥി നമ്മുടെ നടത്ത ശ്രദ്ധിക്കുമെന്ന് എപ്പോഴും ഓർമ്മിക്കുക. നമ്മുടെ നടത്ത എപ്പോഴും നല്ലതാണൊ? ബൈബിൾ പഠിക്കുന്നവർ നമ്മെ ഒരു ശുശ്രൂഷകനായി വീക്ഷിക്കുന്നു. തിരിച്ച്, നാം എപ്പോഴും യഥാർത്ഥ ശുശ്രൂഷകരായി നടക്കണം. (2 കൊരി. 6:3) നമ്മുടെ വസ്ത്രധാരണം ഏതു വിധത്തിലുളളതാണ്? നമ്മുടെ സംസാരം ഏതു വിധത്തിലുളളതാണ്? ഈ കാര്യങ്ങളിൽ ഒരു നല്ല ദൃഷ്ടാന്തം വെക്കുക. വിപരീത ലിംഗവർഗ്ഗത്തിൽപെട്ടവരുടെ അടുക്കൽ ഒററക്ക് സന്ദർശിക്കാതിരിക്കുന്നതാണ് സാധാരണയായി ഏററവും നല്ലത്. നിങ്ങൾ തനിയെ പോകുകതന്നെ വേണമെങ്കിൽ, കുടുംബത്തിലെ മററ് അംഗങ്ങൾ ഭവനത്തിലുളളപ്പോൾ പോകുന്നതാണ് നല്ലത്. ഇത് സുരക്ഷിതത്വത്തിന്റെ ഒരു സംഗതിയും തെററായ തോന്നലിനെ ഒഴിവാക്കുന്നതും ആണ്.
8 നമ്മോടൊത്തു അദ്ധ്യയനം നടത്തുന്നവരുടെ ഹൃദയങ്ങളിലെത്തുക എന്നതാണ് നമ്മുടെ ആഗ്രഹം. നമുക്കിതെങ്ങനെ ചെയ്യാൻ കഴിയും? വിദ്യാർത്ഥി പഠിച്ചത് ധ്യാനിക്കാൻ അയാളെ സഹായിക്കുക. വിദ്യാർത്ഥി പഠിക്കുക മാത്രമല്ല, പിന്നെയൊ സത്യം അയാളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയെന്നും നിശ്ചയപ്പെടുത്തുന്നതിന് പ്രായോഗിക ചോദ്യങ്ങൾ ചോദിക്കുക. ചിലപ്പോൾ നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “നാം ഇപ്പോൾ പഠിച്ചത് നിങ്ങൾ വിശ്വസിക്കുന്നുവോ? നിങ്ങൾ അതു സംബന്ധിച്ച് എന്തു വിചാരിക്കുന്നു? നിങ്ങൾക്ക് ഇത് എപ്രകാരം നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാൻ കഴിയും?” യഹോവയോടുളള അവരുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ അവരെ സഹായിക്കുക.
9 വിദ്യാർത്ഥി പുരോഗമിക്കുന്നതിനനുസരിച്ച് യഹോവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തെക്കുറിച്ച് അയാളെ അറിയിക്കണം, പ്രത്യേകിച്ച് സ്ഥലത്തെ സഭാ യോഗങ്ങളും അവ നടത്തപ്പെടുന്ന സമയവും സംബന്ധിച്ച്. വിദ്യാർത്ഥികളെ ആദ്യത്തെ അദ്ധ്യയനം മുതൽ തന്നെ യോഗങ്ങൾക്ക് ക്ഷണിക്കുക. അവർ യോഗത്തിനു വരുമ്പോൾ, അവരെ മററുളളവർക്ക് പരിചയപ്പെടുത്തുക. സ്വന്തം അധീനത്തിൽ നിർത്തുന്നത് വളരെ തെററാണ്. വിദ്യാർത്ഥി സാർവദേശീയ സാഹോദരവർഗ്ഗത്തിന്റെ ഭാഗമായിത്തീരാനാണ് നമ്മുടെ ആഗ്രഹം. അതുകൊണ്ട് നമുക്ക് ബൈബിൾ അദ്ധ്യയനങ്ങളിലൂടെ ക്രിസ്തുവിന്റെ ശിഷ്യൻമാരെ ഉളവാക്കാം.