എപ്പോഴും ഹാജരാകുന്നത് എത്ര നല്ലതാണ്!
1 പൂർവ യൂറോപ്പിൽ ദശകങ്ങളോളം നമ്മുടെ പ്രിയപ്പെട്ട ഒട്ടനവധി സഹോദരങ്ങൾക്ക് പരസ്യമായി കൂടിവരുന്നതിന് അനുവാദം ഇല്ലായിരുന്നു. നിരോധനം നീങ്ങുകയും സ്വതന്ത്രമായി കൂടിവരാൻ സാധിക്കുകയും ചെയ്തപ്പോൾ അവർക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യൂ!
2 അത്തരം ഒരു സഭയിൽ നടത്തിയ സന്ദർശനത്തെ കുറിച്ച് ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ എഴുതി: “ചൊവ്വാഴ്ച വൈകുന്നേരം, എന്റെ സന്ദർശനം തുടങ്ങിയ ഉടനെ, ചൂടുപിടിപ്പിക്കൽ സംവിധാനം തകരാറിലായി. വെളിയിൽ മരംകോച്ചുന്ന തണുപ്പ്, അകത്തെ താപനില ഏതാണ്ട് അഞ്ചു ഡിഗ്രി സെൽഷ്യസും. സഹോദരങ്ങൾ കോട്ടുകളും സ്കാർഫുകളും കയ്യുറകളും തൊപ്പികളും ബൂട്ടുകളും അണിഞ്ഞ് ഇരിപ്പുറപ്പിച്ചു. താളുകൾ മറിക്കാൻ കഴിയാഞ്ഞതിനാൽ ആർക്കും ബൈബിൾ തുറന്നു നോക്കാൻ സാധിച്ചില്ല. സൂട്ടണിഞ്ഞ് പ്ലാറ്റ്ഫാറത്തിൽ നിന്ന ഞാൻ തണുത്തു മരവിച്ചു. ഓരോ തവണ സംസാരിക്കുമ്പോഴും ഞാൻ ഉതിർക്കുന്ന ഉച്ഛ്വാസം എനിക്കു കാണാൻ കഴിഞ്ഞു. എന്നാൽ വളരെ മതിപ്പുളവാക്കിയ ഒരു കാര്യമുണ്ട്, ആർക്കും യാതൊരു പരാതിയും ഇല്ലായിരുന്നു. ഹാജരായിരിക്കുന്നത് എത്ര ഹൃദ്യവും നല്ലതുമാണെന്ന് എല്ലാ സഹോദരങ്ങളും പറഞ്ഞു!” യോഗം മുടക്കുന്നതിനെ കുറിച്ച് അവർ ചിന്തിച്ചതു കൂടെ ഇല്ല!
3 നമുക്കും അങ്ങനെയാണോ തോന്നുന്നത്? പ്രതിവാര യോഗങ്ങൾക്കു സ്വതന്ത്രമായി കൂടിവരാനുള്ള അവസരത്തെ നാം അങ്ങേയറ്റം വിലമതിക്കുന്നുണ്ടോ? അതോ അനുകൂല സാഹചര്യങ്ങളുള്ളപ്പോൾ നാം യോഗങ്ങളെ നിസ്സാരമായാണോ കാണുന്നത്? പതിവായി യോഗങ്ങൾക്കു ഹാജരാകുന്നത് അത്ര എളുപ്പമായിരിക്കില്ല. ചിലപ്പോഴൊക്കെ യോഗങ്ങൾക്കു ഹാജരാകാൻ സാധിക്കാത്തതിനു മതിയായ കാരണങ്ങളും നമുക്കുണ്ടായെന്നു വരാം. എങ്കിലും, നമ്മുടെ ഇടയിലുള്ള വൃദ്ധരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും അംഗവൈകല്യം സംഭവിച്ചവരും അങ്ങേയറ്റം ജോലിത്തിരക്ക് ഉള്ളവരും മറ്റ് വലിയ ഉത്തരവാദിത്വങ്ങൾ ഉള്ളവരും യോഗങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മിക്കവാറും എപ്പോഴും തന്നെ ഹാജരാകുന്നു എന്ന സംഗതി നാം ഒരിക്കലും മറക്കരുത്. അനുകരിക്കാനുള്ള എത്ര നല്ല മാതൃകകളാണ് അവർ!—ലൂക്കൊസ് 2:37 താരതമ്യം ചെയ്യുക.
4 ചെറിയ പുസ്തക അധ്യയന കൂട്ടം മുതൽ വലിയ കൺവെൻഷൻ വരെ ഉള്ള നമ്മുടെ ക്രിസ്തീയ യോഗങ്ങൾക്കെല്ലാം പതിവായി ഹാജരായിക്കൊണ്ട് നമുക്കു സത്യാരാധനയെ പിന്തുണയ്ക്കാം. നാം ഈ കൂടിവരവുകളെ ഇത്ര ഗൗരവമായി കാണേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം കൂടിവരണം എന്നതു ദിവ്യ കൽപ്പനയാണ്. എന്നാൽ, പ്രധാനപ്പെട്ട വേറെയും കാരണങ്ങളുണ്ട്. നമുക്കെല്ലാം ദിവ്യ പ്രബോധനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും പ്രയോജനങ്ങൾ ആവശ്യമാണ്. അതു നമുക്കു ലഭിക്കുന്നതു യോഗങ്ങളിൽ നിന്നാണ്. (മത്താ. 18:20) നമ്മുടെ സഹോദരങ്ങളുമായി സഹവസിക്കുമ്പോൾ ലഭിക്കുന്ന പ്രോത്സാഹന കൈമാറ്റം നമ്മെ കെട്ടുപണി ചെയ്യുന്നു.—എബ്രാ. 10:24, 25.
5 യേശു രൂപാന്തരപ്പെട്ട സമയത്ത് പത്രൊസ് പറഞ്ഞു “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു.” (ലൂക്കൊ. 9:33) നമ്മുടെ എല്ലാ ക്രിസ്തീയ യോഗങ്ങളുടെ കാര്യത്തിലും നമുക്ക് അങ്ങനെതന്നെ തോന്നണം. വാസ്തവത്തിൽ, എപ്പോഴും ഹാജരാകുന്നത് എത്ര നല്ലതാണ്!