സകലരും ‘ഹൃദയപൂർവം വചനം സ്വീകരിക്കേ’ണ്ടതുണ്ട്!
1 ദശലക്ഷക്കണക്കിന് ആളുകളാണ് യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നത്. പൊ.യു. 33-ലെ പെന്തക്കോസ്തു ദിവസം അനുതപിച്ച് സ്നാപനമേറ്റ 3,000 പേരേപ്പോലെ, നിത്യജീവനായി യോഗ്യത പ്രാപിക്കാൻ അവർ ‘ഹൃദയപൂർവം വചനം സ്വീകരിക്കേ’ണ്ടതുണ്ട്. (പ്രവൃ. 2:41, NW) ഇന്നു നമ്മുടെമേൽ അത് എങ്ങനെയുള്ള ഉത്തരവാദിത്വമാണ് കൈവരുത്തുന്നത്?
2 യഹോവയോടുള്ള ഭക്തി വളർത്തിയെടുക്കാൻ നാം ബൈബിൾ വിദ്യാർഥികളെ സഹായിക്കേണ്ടതാണ്. (1 തിമൊ. 4:7-10) ആ ഉദ്ദേശ്യത്തിൽ, 1996 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം അതിന്റെ 20-ാം ഖണ്ഡികയിൽ ഇങ്ങനെ നിർദേശിക്കുന്നു: “അധ്യയന ഘട്ടത്തിലുടനീളം യഹോവയുടെ ഗുണങ്ങളെക്കുറിച്ചു വിലമതിപ്പു കെട്ടുപണി ചെയ്യാനുള്ള അവസരങ്ങൾക്കായി നോക്കുക. ദൈവത്തോടു നിങ്ങൾക്കുതന്നെയുള്ള ആഴമായ വികാരങ്ങളെ പ്രകടിപ്പിക്കുക. യഹോവയുമായി ഒരു ഊഷ്മളമായ വ്യക്തിഗത ബന്ധം വികസിപ്പിച്ചെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുക.”
3 നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി: വ്യാജ മതത്തിന്റെ സ്വാധീനവലയത്തിൽ പെട്ടിരിക്കുന്ന മിക്കവരും, വളരെ കുറച്ച് സമയവും ശ്രമവും മാത്രം ആവശ്യമായ, ജീവിതത്തിൽ യഥാർഥ പരിവർത്തനങ്ങൾ വരുത്തേണ്ടതില്ലാത്ത ഒരു ആരാധനാ രീതിയിൽ തൃപ്തരാണ്. (2 തിമൊ. 3:5) അതുകൊണ്ട്, സത്യാരാധനയിൽ കേവലം ദൈവവചനം കേൾക്കുന്നവർ ആയിരിക്കുന്നതിലധികം ഉൾപ്പെടുന്നു എന്നു മനസ്സിലാക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്നതാണ് നമുക്കുള്ള വെല്ലുവിളി. തങ്ങൾ പഠിക്കുന്നത് അവർ ബാധകമാക്കേണ്ടതുണ്ട്. (യാക്കോ. 1:22-25) അവരുടെ വ്യക്തിപരമായ നടത്തയുടെ ഏതെങ്കിലും ഒരു വശം ദൈവത്തിനു സ്വീകാര്യമല്ലെങ്കിൽ, “മാനസാന്തര”പ്പെടാനും അവനെ പ്രസാദിപ്പിക്കുമാറ് ശരിയായതു ചെയ്യാനുമുള്ള കടമ അവർ തിരിച്ചറിയേണ്ടതുണ്ട്. (പ്രവൃ. 3:19) നിത്യജീവൻ പ്രാപിക്കാൻ ‘അവർ തീവ്ര ശ്രമം ചെയ്യു’കയും സത്യത്തിനു വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം.—ലൂക്കൊ. 13:24, 25, NW.
4 ധാർമികതയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമ്പോൾ, അത്തരം കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നുവെന്നും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യം കാണുന്നെങ്കിൽ എന്തു ചെയ്യേണ്ടതുണ്ടെന്നും നിങ്ങളുടെ ബൈബിൾ വിദ്യാർഥിയോടു ചോദിക്കുക. അയാൾ സത്യം പഠിക്കുന്ന സംഘടനയിലേക്ക് അയാളുടെ ശ്രദ്ധ തിരിച്ചുവിടുകയും പതിവായി സഭായോഗങ്ങളിൽ സംബന്ധിക്കാൻ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.—എബ്രാ. 10:24, 25.
5 നമ്മുടെ പഠിപ്പിക്കലിലൂടെ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നമുക്ക് ലക്ഷ്യമിടാം. ദൈവവചനം ഹൃദയപൂർവം സ്വീകരിച്ച് സ്നാപനമേൽക്കാൻ പുതിയവരെ പ്രോത്സാഹിപ്പിക്കുമ്പോൾ അതു നമ്മിൽ സന്തോഷം ഉളവാക്കും!—1 തെസ്സ. 2:13.