സുവാർത്താ പ്രസംഗം നമ്മെ വ്യതിരിക്തരാക്കുന്നു
1 “മറ്റു മതങ്ങളിൽ നിന്ന് യഹോവയുടെ സാക്ഷികളെ വ്യത്യസ്തരാക്കുന്നത് എന്താണ്?” എന്ന് പല ആളുകളും ചോദിക്കാറുണ്ട്. നിങ്ങൾ എന്തു മറുപടി പറയും? നമ്മുടെ ചില ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ നിങ്ങൾക്കു വിശദീകരിക്കാൻ കഴിയും. എന്നാൽ, നമ്മുടെ പരസ്യ ശുശ്രൂഷയും നമ്മെ മറ്റു മതങ്ങളിൽ നിന്ന് എത്രയധികം വ്യത്യസ്തരാക്കുന്നു എന്ന സംഗതി ചൂണ്ടിക്കാണിക്കുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?—മത്താ. 24:14; 28:19, 20.
2 ഇക്കാലത്ത്, തങ്ങളുടെ മതവിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ താത്പര്യപ്പെടുന്ന ആളുകൾ നന്നേ ചുരുക്കമാണ്. കൈസറുടെ നിയമങ്ങൾ അനുസരിക്കുക, മാന്യമായ ധാർമിക ജീവിതം നയിക്കുക, ദയാപ്രവൃത്തികൾ ചെയ്യുക ഇവയൊക്കെ മതിയെന്ന് അവർ വിചാരിച്ചേക്കാം. എന്നുവരികിലും, രക്ഷ നേടുന്നതിനോടുള്ള ബന്ധത്തിൽ ബൈബിൾ പറയുന്നതു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള യാതൊരു കടപ്പാടും അവർക്കു തോന്നുന്നില്ല. നാം എങ്ങനെയാണു വ്യത്യസ്തരായിരിക്കുന്നത്?
3 മറ്റു മതങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നു വളരെ വ്യത്യസ്തമാണു തീക്ഷ്ണതയോടെയുള്ള നമ്മുടെ ശുശ്രൂഷ. ആദിമ ക്രിസ്ത്യാനികളുടെ മാതൃക പിൻപറ്റിക്കൊണ്ട്, 100-ലധികം വർഷങ്ങളായി, ആധുനികകാല സാക്ഷികൾ ഭൂമിയുടെ അറുതികളോളം സുവാർത്ത സതീക്ഷ്ണം പ്രസംഗിച്ചിരിക്കുന്നു. ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ കഴിയുന്നത്ര ആളുകളെ സഹായിക്കുക എന്നതാണ് അതു ചെയ്യുന്നതിലെ നമ്മുടെ ലക്ഷ്യം.—1 തിമൊ. 2:4; 2 പത്രൊ. 3:9.
4 നിങ്ങൾ എങ്ങനെയാണ് അറിയപ്പെടുന്നത്? ദൈവവചനത്തിന്റെ ഒരു സതീക്ഷ്ണ പ്രസംഗകനായി നിങ്ങൾ അറിയപ്പെടുന്നുവോ? (പ്രവൃ. 17:2, 3; 18:25) നിങ്ങളുടെ പ്രസംഗ പ്രവർത്തനം നിമിത്തം, അയൽക്കാർ അവരുടെ മതവും നിങ്ങളുടേതും തമ്മിലുള്ള വ്യത്യാസം എളുപ്പത്തിൽ തിരിച്ചറിയുന്നുണ്ടോ? പ്രത്യാശ പങ്കുവെക്കുന്നതിൽ തീക്ഷ്ണതയുള്ള ആളായിട്ടാണോ നിങ്ങൾ അറിയപ്പെടുന്നത്? പതിവായി ശുശ്രൂഷയിൽ പങ്കുപറ്റുന്ന ഒരു രീതി നിങ്ങൾക്ക് ഉണ്ടോ? നമ്മുടെ പേരിനാൽ മാത്രമല്ല, ആ പേർ വിശദീകരിക്കുന്ന നമ്മുടെ പ്രവർത്തനങ്ങളാലും ആണ്—യഹോവയെക്കുറിച്ചു സാക്ഷ്യം നൽകുക—നാം നമ്മെത്തന്നെ വ്യത്യസ്തരാക്കുന്നത് എന്നത് ഓർമിക്കുക.—യെശ. 43:10.
5 ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ. 22:37-39) അതുകൊണ്ടാണ്, യേശുവിനെയും അപ്പൊസ്തലന്മാരെയും പോലെ, രാജ്യ സന്ദേശം പങ്കുവെക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ നാം ആഗ്രഹിക്കുന്നത്. ശ്രദ്ധിക്കാൻ ചായ്വുള്ള സകലരോടും സതീക്ഷ്ണം സുവാർത്ത പ്രസംഗിക്കുന്നതിൽ നമുക്കു തുടരാം. അങ്ങനെ ചെയ്യുന്നതിലൂടെ “ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം” കാണാൻ പരമാർഥ ഹൃദയർ സഹായിക്കപ്പെടും.—മലാ. 3:18.