സന്തോഷത്തോടെ പ്രവർത്തിക്കുന്നവർ ആയിരിപ്പിൻ
1 നോഹയുടെ നാളിലെപ്പോലെ, തന്റെ സാന്നിധ്യകാലത്തും ഭൂരിപക്ഷം ആളുകളും ‘ശ്രദ്ധിക്കുകയില്ല’ എന്ന് യേശു പറഞ്ഞു. (മത്താ. 24:37-39, NW) അതുകൊണ്ട്, എല്ലാവരും രാജ്യ സുവാർത്ത ശ്രദ്ധിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, ശുശ്രൂഷ നിർവഹിക്കുമ്പോൾ സന്തോഷം നിലനിർത്താൻ നമ്മെ എന്തു സഹായിക്കും?—സങ്കീ. 100:2.
2 ഒന്നാമതായി, നമ്മുടെ പ്രസംഗ നിയോഗവും നാം ഘോഷിക്കുന്ന സന്ദേശവും ദൈവത്തിൽ നിന്നുള്ളതാണ് എന്ന സംഗതി മനസ്സിൽ പിടിക്കണം. നാം കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ആളുകൾ നമ്മുടെ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെങ്കിൽ ഫലത്തിൽ അവർ യഹോവയെയാണ് നിരസിക്കുന്നത്. സുവാർത്ത പ്രസംഗവേലയിലെ നമ്മുടെ വിശ്വസ്തതയ്ക്ക് ദൈവാംഗീകാരമുണ്ടെന്ന് ഓർക്കുന്നത് ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ എന്നനിലയിൽ നമ്മുടെ ആന്തരിക സന്തോഷം നിലനിറുത്താൻ നമ്മെ സഹായിക്കും.—യാക്കോ. 1:25, NW.
3 രണ്ടാമതായി, യഹോവ പ്രദാനം ചെയ്യുന്ന രക്ഷാ മാർഗം സ്വീകരിക്കാനിരിക്കുന്ന അനേകർ ഇനിയും ഉണ്ട് എന്നതാണ്. ഭൂരിപക്ഷം ആളുകളും ഉദാസീനർ ആണെങ്കിലും, അന്ത്യനാളുകളുടെ ഈ പരമാന്ത്യത്തിലും ചെമ്മരിയാടുതുല്യരായവർ കൂട്ടിച്ചേർക്കപ്പെടാനുണ്ട്. അതുകൊണ്ട് “യോഗ്യൻ ആർ എന്നു അന്വേഷി”ക്കാനായി ‘പട്ടണത്തിലോ ഗ്രാമത്തിലോ കടന്നുകൊണ്ട്’ നാം പ്രസംഗവേലയിൽ തുടരേണ്ടതുണ്ട്.—മത്താ. 10:11-13.
4 ക്രിയാത്മക മനോഭാവം നിലനിർത്തുക: വ്യാജമതത്തിന്റെ പരിതാപകരമായ ചരിത്രം അനേകരെ നിരാശരാക്കിയിരിക്കുന്നു. മറ്റു ചിലർ ഈ വ്യവസ്ഥിതി നിമിത്തം “കുഴഞ്ഞവരും ചിന്നിയവരുമായി”ത്തീർന്നിരിക്കുന്നു. (മത്താ. 9:36) തൊഴിൽരാഹിത്യം, ആരോഗ്യപ്രശ്നങ്ങൾ, സുരക്ഷിതത്വമില്ലായ്മ എന്നിവ അനേകരെ ഭാരപ്പെടുത്തുന്നുണ്ടാകാം. ഇത് തിരിച്ചറിയുന്നത് വേലയിൽ സ്ഥിരോത്സാഹം ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ പ്രദേശത്തുള്ള ആളുകളെ ആകുലപ്പെടുത്തുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ച് സംഭാഷണങ്ങൾ തുടങ്ങാൻ ശ്രമിക്കേണ്ടതാണ്. അതിനെല്ലാമുള്ള ഏക പരിഹാരം ദൈവരാജ്യമാണെന്നു കാണാൻ അവരെ സഹായിക്കുക. സുവാർത്ത അവരുടെ ഹൃദയത്തിൽ എത്തിക്കാൻ തക്കവിധം തിരുവെഴുത്തുകളും പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള പ്രത്യേക ആശയങ്ങളും ഉൾപ്പെടുത്തുക.—എബ്രാ. 4:12.
5 ദൈവവചനാനുസൃതം പ്രവർത്തിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ പിൻവരുന്ന സംഗതി എപ്പോഴും മനസ്സിൽ പിടിക്കുന്നു: “യഹോവയിങ്കലെ സന്തോഷം [നമ്മുടെ] ബലം ആകുന്നു.” (നെഹെ. 8:10) നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തുന്നതിനു യാതൊരു കാരണവുമില്ല. “വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.” (മത്താ. 10:13) നാം ക്ഷമയോടെ യഹോവയുടെ വിശുദ്ധ സേവനത്തിൽ തുടരുമ്പോൾ അവൻ നമ്മുടെ സന്തോഷത്തെയും ശക്തിയെയും പുതുക്കുകയും നമ്മുടെ വിശ്വസ്തതയെ അനുഗ്രഹിക്കുകയും ചെയ്യും.