ഒരു നല്ല അയൽക്കാരൻ എന്ന നിലയിൽ സാക്ഷീകരിക്കുക
1 “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന് യേശു പറഞ്ഞു. (മത്താ. 22:39) സഹവിശ്വാസികൾക്ക് നിങ്ങൾ ‘നന്മ ചെയ്യുന്നു’ എന്നതിന് സംശയമില്ല. എന്നാൽ, നിങ്ങളുടെ അയൽക്കാരോടുള്ള സ്നേഹത്തിൽ വിശാലരാകാൻ നിങ്ങൾക്കു കഴിയുമോ? (ഗലാ. 6:10) ഏതെല്ലാം വിധങ്ങളിൽ അതു ചെയ്യാൻ കഴിയും?
2 നിങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നതിനാൽ: നിങ്ങൾ ഒരു സാക്ഷിയാണെന്ന് നിങ്ങളുടെ അയൽക്കാർക്ക് അറിയാമോ? ഇല്ലെങ്കിൽ, വയൽസേവനത്തിൽ ആയിരിക്കുമ്പോൾ എന്തുകൊണ്ട് അവരെ സന്ദർശിച്ചുകൂടാ? അതിന്റെ ഫലങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം! ഇനി, അവരോടു സംസാരിക്കാൻ അനൗപചാരിക സാക്ഷീകരണമാണ് കൂടുതൽ സൗകര്യപ്രദമെന്നു തോന്നുന്നപക്ഷം അങ്ങനെ ചെയ്യാവുന്നതാണ്. അവർ പുരയിടത്തിൽ പണിയെടുക്കുന്നതായോ തെരുവിലൂടെ കടന്നുപോകുന്നതായോ നിങ്ങൾ കണ്ടേക്കാം. ഊഷ്മളമായ ഒരു പുഞ്ചിരിയോടെ അവരെ സമീപിക്കുക. നിങ്ങളുടെ വിശ്വാസങ്ങൾ, രാജ്യഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടെ നടക്കുന്ന പരിപാടികൾ എന്നിവയെ കുറിച്ചൊക്കെ പറയാൻ ശ്രമിക്കുക. ആ പ്രദേശത്തെ മറ്റാരൊക്കെയാണ് അവിടെ വരുന്നത് എന്ന് അവരെ അറിയിക്കുക. കൂടാതെ, യോഗങ്ങളിൽ സംബന്ധിക്കാൻ അവരെ ക്ഷണിക്കുക. നിങ്ങൾക്കറിയാവുന്ന എല്ലാവർക്കും ഒരു സമ്പൂർണ സാക്ഷ്യം കൊടുക്കാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കുക.
3 മാതൃകായോഗ്യമായ പെരുമാറ്റത്താൽ: സൗഹാർദപരമായ പെരുമാറ്റത്തിന് നിങ്ങളെക്കുറിച്ചു വളരെയധികം കാര്യങ്ങൾ സംസാരിക്കാൻ കഴിയും. അത് ഒരു സാക്ഷ്യം നൽകുന്നതിനുള്ള അവസരം നിങ്ങൾക്കു തുറന്നുതരികയും ചെയ്തേക്കാം. അത് ‘ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കുകയും’ ചെയ്യുന്നു. (തീത്തൊ. 2:7-9) നിങ്ങളുടെ അയൽക്കാരിൽ യഥാർഥ താത്പര്യം പ്രകടമാക്കുക. സൗഹാർദ മനോഭാവം ഉള്ളവരും അവരെ നന്നായി മനസ്സിലാക്കുന്നവരും ആയിരിക്കുക. ശാന്തമായ ചുറ്റുപാടും സ്വകാര്യതയും ഉണ്ടായിരിക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കുക. അവരിലൊരാൾക്ക് രോഗം വന്നാൽ അവരോടു പരിഗണന കാണിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും വേണം. നിങ്ങളുടെ അയൽപക്കത്ത് ഒരു പുതിയ കുടുംബം താമസത്തിനെത്തിയാൽ അവിടെ ചെന്ന് അവരെ സ്വാഗതം ചെയ്യുക. ദയാപുരസ്സരമായ ഇത്തരം പ്രവൃത്തികൾ ആളുകളിൽ മതിപ്പുളവാക്കുക മാത്രമല്ല യഹോവയെ പ്രസാദിപ്പിക്കുകയും ചെയ്യുന്നു.—എബ്രാ. 13:16.
4 വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനാൽ: ഒരു നല്ല അയൽക്കാരൻ ആയിരിക്കുന്നതിൽ നിങ്ങളുടെ വീട് ആകർഷകമായ രീതിയിൽ സൂക്ഷിക്കുന്നത് ഉൾപ്പെടുന്നു. വൃത്തിയുള്ളതും ആകർഷകവുമായ ഒരു വീടും മുറ്റവും അതിൽത്തന്നെ ഒരു സാക്ഷ്യമാണ്. എന്നാൽ വൃത്തിഹീനവും സാധനസാമഗ്രികൾ ചുറ്റുപാടും ചിതറിക്കിടക്കുന്നതുമായ ഒരു വീടാണെങ്കിൽ രാജ്യസന്ദേശം ശ്രദ്ധിക്കുന്നതിൽനിന്ന് ആളുകൾ പിന്തിരിയാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ വീട്, മുറ്റം, വാഹനങ്ങൾ എന്നിവ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതും അവയ്ക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതും വളരെ പ്രധാനമാണ്.
5 ക്രിസ്തീയ സഭയ്ക്കു പുറത്തുള്ളവരോട് പരിഗണന കാണിക്കുമ്പോൾ നിങ്ങൾ അയൽസ്നേഹം പ്രകടമാക്കുകയാണ് ചെയ്യുന്നത്. ഫലമോ? ‘നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട്’ അവരിൽ ചിലർ ‘ദൈവത്തെ മഹത്വപ്പെടുത്താൻ’ ഇടയായേക്കാം.—1 പത്രൊ. 2:12.