ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജനം
1 “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടർ!” (സങ്കീ. 144:15, NW) ആ വാക്കുകൾ യഹോവയുടെ സാക്ഷികളെ ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജനമായി വർണിക്കുന്നു. ജീവനുള്ള ഏകസത്യദൈവമായ യഹോവയെ സേവിക്കുന്നതിൽ നിന്നു ലഭിക്കുന്നതിനെക്കാൾ വലിയ സന്തോഷം വേറെയില്ല. അവൻ ‘സന്തുഷ്ടനായ ദൈവം’ ആയതിനാൽ അവനെ ആരാധിക്കുന്നവർ അവന്റെ സന്തോഷം പ്രതിഫലിപ്പിക്കുന്നു. (1 തിമൊ. 1:11, NW) നമ്മെ ഇത്ര സന്തുഷ്ടരാക്കുന്ന, നമ്മുടെ ആരാധനയുടെ ചില വശങ്ങൾ ഏതൊക്കെയാണ്?
2 സന്തുഷ്ടർ ആയിരിക്കുന്നതിനുള്ള കാരണങ്ങൾ: നമ്മുടെ “ആത്മീയ ആവശ്യത്തെ കുറിച്ചു ബോധമുള്ളവർ” ആയിരിക്കുന്നതാണ് സന്തുഷ്ടിക്കു നിദാനമെന്ന് യേശു ഉറപ്പു നൽകി. (മത്താ. 5:3, NW) ബൈബിൾ തുടർച്ചയായി പഠിക്കുന്നതും എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും മുടങ്ങാതെ ഹാജരാകുന്നതും ആ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നു. ദൈവവചനത്തിലെ സത്യം പഠിച്ചപ്പോൾ മതപരമായ ഭോഷ്കിൽനിന്നും തെറ്റുകളിൽനിന്നും നാം സ്വതന്ത്രരായി. (യോഹ. 8:32) ഏറ്റവും മെച്ചപ്പെട്ട ജീവിതഗതി ഏതെന്നും തിരുവെഴുത്തുകൾ നമ്മെ പഠിപ്പിച്ചിരിക്കുന്നു. (യെശ. 48:17) തന്നിമിത്തം, നമ്മുടെ സന്തുഷ്ട സഹോദരവർഗത്തിനുള്ളിൽ നാം ആരോഗ്യാവഹമായ ക്രിസ്തീയ കൂട്ടായ്മ ആസ്വദിക്കുന്നു.—1 തെസ്സ. 2:19, 20; 1 പത്രൊ. 2:17.
3 ദൈവത്തിന്റെ ഉന്നത ധാർമിക നിലവാരങ്ങൾ അനുസരിക്കുന്നതിൽനിന്നു നമുക്കു വലിയ സംതൃപ്തി ലഭിക്കുന്നു; കാരണം, അതു നമ്മെ സംരക്ഷിക്കുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുവെന്നു നമുക്കറിയാം. (സദൃ. 27:11) ഒരു പത്രറിപ്പോർട്ടർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “കർശന നിലവാരങ്ങൾ ഉള്ളവരെങ്കിലും യഹോവയുടെ സാക്ഷികൾ അസന്തുഷ്ടരായി കാണപ്പെടുന്നില്ല. നേരെ മറിച്ച്, പ്രായഭേദമന്യേ എല്ലാവരും അസാധാരണ സന്തോഷവും നല്ല സമനിലയും ഉള്ളവരായി കാണപ്പെടുന്നു.” നമ്മുടെ സന്തുഷ്ട ജീവിതഗതിയിൽ ചേരാൻ നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും?
4 സന്തുഷ്ടി കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുക: അസന്തുഷ്ടി നിറഞ്ഞ ഒരു ലോകമാണ് ഇന്നത്തേത്; ഭാവിയെ കുറിച്ച് ആളുകൾക്കു പൊതുവേയുള്ള കാഴ്ചപ്പാട് ഇരുളടഞ്ഞതാണ്. എന്നാൽ, എല്ലാ ദുഃഖവും ഒരു ദിവസം ഇല്ലാതാകും എന്ന് അറിയാവുന്നതുകൊണ്ട് നമ്മുടെ കാഴ്ചപ്പാടു ശോഭനമാണ്. (വെളി. 21:3-5എ) അതുകൊണ്ട്, നമ്മുടെ പ്രത്യാശയും യഹോവയെ കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങളും പങ്കുവെക്കാൻ ആത്മാർഥ ഹൃദയരെ തിരഞ്ഞുകൊണ്ട് നാം ശുശ്രൂഷയിൽ തീക്ഷ്ണമായി പങ്കുപറ്റുന്നു.—യെഹെ. 9:4.
5 ഒരു പയനിയർ സഹോദരി പറഞ്ഞു: “യഹോവയെയും അവന്റെ സത്യത്തെയും കുറിച്ച് അറിയാൻ ആളുകളെ സഹായിക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന യാതൊന്നുമില്ല.” ഭവന ബൈബിൾ അധ്യയനം സ്വീകരിക്കുന്നതിന് അനേകരെ കൂടെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് ആവതു ചെയ്യാം. യഹോവയെ സേവിക്കുന്നതും അവനെ സേവിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതുമാണ് ഏറ്റവും വലിയ സന്തുഷ്ടി കൈവരുത്തുന്നത്.—പ്രവൃ. 20:35.