മറ്റുള്ളവരെ നിർമലഭാഷ പഠിപ്പിക്കുക
1 വ്യത്യസ്ത “രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും” നിന്നുള്ളവരാണെങ്കിലും യഹോവയുടെ സാക്ഷികൾ ഒരു ഏകീകൃത ജനമാണ്, ഒരു യഥാർഥ സാർവദേശീയ സഹോദരവർഗംതന്നെ. (വെളി. 7:9, NW) ഇന്നത്തെ വിഭജിത ലോകത്തിൽ ഇതു തികച്ചും ശ്രദ്ധേയമാണ്. എങ്ങനെയാണ് ഈ ഐക്യം സാധ്യമായിരിക്കുന്നത്? നമുക്ക് “ഒരു നിർമലഭാഷയിലേക്കുള്ള മാറ്റം” നൽകിക്കൊണ്ട് യഹോവ അതു സാധ്യമാക്കിയിരിക്കുന്നു.—സെഫ. 3:9, NW.
2 അത്ഭുതാവഹമായ ഫലങ്ങൾ: എന്താണ് ഈ നിർമലഭാഷ? യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു ദൈവവചനത്തിൽ കാണുന്ന സത്യത്തിന്റെ ഉചിതമായ ഗ്രാഹ്യം ആണത്. വിശേഷാൽ ദൈവരാജ്യത്തെ സംബന്ധിച്ച സത്യം എന്നു പറയാം. യേശു മുൻകൂട്ടി പറഞ്ഞതുപോലെ, ഭൂമിയിലെ ഒരു ദൃശ്യ സരണിയിലൂടെ, അതായത് “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം, ഈ സത്യം ഇന്നു വിതരണം ചെയ്യപ്പെടുന്നു. തന്നിമിത്തം, “ജനതകളുടെ സകല ഭാഷകളിലും നിന്നുള്ള” ആളുകൾ സത്യാരാധന സ്വീകരിക്കുകയാണ്.—മത്താ. 24:45-47; സെഖ. 8:23, NW.
3 ആളുകൾ നിർമലഭാഷ പഠിക്കുമ്പോൾ, യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ തങ്ങളുടെ ജീവിതത്തെ അനുരൂപപ്പെടുത്താൻ അവർ പ്രേരിതരാകുന്നു. ‘ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കാൻ’ അവർ പഠിക്കുന്നു. (1 കൊരി. 1:10, NW) ദിവ്യപ്രബോധനം നേരായ നടത്ത ശീലിക്കാൻ അവരെ സഹായിച്ചിരിക്കുന്നു. വിശേഷിച്ചും സുവാർത്താ ഘോഷണത്തോടുള്ള ബന്ധത്തിൽ കെട്ടുപണിചെയ്യുന്ന വിധത്തിലും സത്യസന്ധമായും സംസാരിക്കാൻ അത് അവരെ പഠിപ്പിച്ചിരിക്കുന്നു. (തീത്തൊ. 2:7, 8; എബ്രാ. 13:15) വിസ്മയാവഹമായ ഈ പരിവർത്തനങ്ങൾ യഹോവയ്ക്കു മഹത്ത്വം കൈവരുത്തുന്നു.
4 ദൃഷ്ടാന്തത്തിന്, ആദ്യമായി സുവാർത്ത കേട്ട ഒരു മനുഷ്യന് അനവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ സന്ദർശിച്ച സാക്ഷി ഓരോന്നിനും ബൈബിളിൽനിന്ന് ഉത്തരം നൽകി. കേട്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. അങ്ങനെ അദ്ദേഹം ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം അധ്യയനം വേണമെന്ന് ആവശ്യപ്പെട്ടു, യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. രാജ്യഹാളിൽ സഹോദരങ്ങളിൽനിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചപ്പോൾ ആ മനുഷ്യൻ അതിശയിച്ചുപോയി. കാരണം അവരിൽ അനേകരും മറ്റൊരു വർഗത്തിൽപ്പെട്ട ആളുകളായിരുന്നു. അധികം വൈകാതെതന്നെ അദ്ദേഹവും ഭാര്യയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും സ്നാപനം ഏൽക്കുകയും ചെയ്തു. സ്വന്തകുടുംബാംഗങ്ങൾ ഉൾപ്പെടെ 40-ഓളം പേരെ യഹോവയെ സേവിക്കുന്നവർ ആയിത്തീരാൻ സഹായിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ശാരീരികമായി ഒരു വൈകല്യം ഉണ്ടായിരുന്നിട്ടു പോലും, അടുത്തകാലത്ത് അദ്ദേഹം പയനിയർ സേവനത്തിൽ പ്രവേശിച്ചു.
5 മറ്റുള്ളവരെ പഠിപ്പിക്കൽ: തങ്ങളുടെ ചിന്താഗതിയും ജീവിതരീതിയും സംബന്ധിച്ച് ഒരു പുനഃപരിശോധന നടത്താൻ, പുതുതായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ലോകസംഭവങ്ങൾ ആത്മാർഥ ഹൃദയരായ ആളുകളെ പ്രേരിപ്പിക്കുന്നു. അങ്ങനെയുള്ളവരെ സഹായിക്കാൻ യേശുവിനെപ്പോലെ നാമും സന്മനസ്സുള്ളവർ ആയിരിക്കണം. പരമാർഥ ഹൃദയരെ നിർമലഭാഷ പഠിക്കാൻ സഹായിക്കുന്നതിൽ ഫലപ്രദമായ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നിർണായക പങ്കുവഹിക്കുന്നു.
6 തിരക്കിലായിരിക്കുന്ന ആളുകളുമായി വീട്ടുവാതിൽക്കൽ നിന്നുകൊണ്ടുതന്നെ ഹ്രസ്വമായ ഒരു ബൈബിളധ്യയനം നടത്തുന്നത് വളരെ ഫലപ്രദമായ ഒരു സമീപനമാണ് എന്നു തെളിഞ്ഞിരിക്കുന്നു. (km 5/02 പേ. 1) നിങ്ങൾ അതു പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഒരു മടക്കസന്ദർശനത്തിനായി തയ്യാറാകുമ്പോൾ, നിങ്ങൾ സന്ദർശിക്കാൻ പോകുന്ന വ്യക്തിക്ക് ഇണങ്ങുന്ന ഒരു അവതരണം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2002 ജനുവരി ലക്കം അനുബന്ധത്തിൽ നിന്നു തിരഞ്ഞെടുക്കുക. ആവശ്യം ലഘുപത്രികയിൽ നിന്നോ പരിജ്ഞാനം പുസ്തകത്തിൽ നിന്നോ ഉള്ള ഒരു ചർച്ചയിലേക്കു നേരിട്ടു നയിക്കുന്ന വിധത്തിലാണ് ആ അനുബന്ധത്തിലെ അവതരണങ്ങളിൽ മിക്കവയും തയ്യാറാക്കിയിട്ടുള്ളത്. അവതരണങ്ങൾ നന്നായി പരിശീലിക്കുക. അങ്ങനെയാകുമ്പോൾ മുഖവുരയിൽ നിന്നു ചർച്ചയിലേക്കു കടക്കുക എളുപ്പമായിരിക്കും. വായിച്ചു ചർച്ച ചെയ്യാനായി ഖണ്ഡികയിൽ നിന്നും ഒന്നോ രണ്ടോ തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുക. അധ്യയനത്തിന്റെ അവസാനം ഉന്നയിക്കാൻ ഒരു ചോദ്യം കരുതിവെക്കുന്നതും നല്ലതാണ്. ഈ ചോദ്യം അടുത്ത പ്രാവശ്യം പഠിക്കാൻ പോകുന്ന ഖണ്ഡികയുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരിക്കും.
7 നിർമലഭാഷ പഠിച്ചതിന്റെ ഫലമായി യഹോവയുടെ ജനം എണ്ണമറ്റ പ്രയോജനങ്ങൾ അനുഭവിക്കുന്നുണ്ട്. നമ്മോടൊപ്പം ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാനും തോളോടു തോൾ ചേർന്ന് അവനെ സേവിക്കാനും’ ഇനിയും ജനസഹസ്രങ്ങളെ സഹായിക്കുന്നതിൽ നമുക്കു ശുഷ്കാന്തിയോടെ മുന്നേറാം.—സെഫ. 3:9, NW.