വിശ്വാസത്തിന്റെ സാക്ഷ്യപത്രം!
1. ഭയാനകമായ എന്തെല്ലാം സംഗതികളാണ് യേശു മുൻകൂട്ടിപ്പറഞ്ഞത്?
1 തന്റെ സാന്നിധ്യത്തെയും ലോകാവസാനത്തെയും കുറിച്ച് യേശു സംസാരിച്ചപ്പോൾ അപ്പൊസ്തലന്മാർ ശ്രദ്ധിച്ചുകേട്ടു. യുദ്ധം, ഭക്ഷ്യക്ഷാമം, ഭൂകമ്പം, മഹാവ്യാധി എന്നിങ്ങനെ ഭയാനകമായ സംഗതികൾ മാനവരാശിയെ ഗ്രസിക്കുമായിരുന്നു. തന്റെ അനുഗാമികൾ വിദ്വേഷത്തിന് പാത്രമാകുമെന്നും പീഡനവും മരണവും അനുഭവിക്കേണ്ടിവരുമെന്നും തുടർന്ന് യേശു പറഞ്ഞു. കള്ളപ്രവാചകന്മാർ എഴുന്നേറ്റ് അനേകരെ വഴിതെറ്റിക്കുമായിരുന്നു. പലരുടെയും സ്നേഹം തണുത്തുപോകുമെന്നും യേശു പ്രസ്താവിച്ചു.
2. സുവാർത്ത ഗോളവ്യാപകമായി പ്രസംഗിക്കപ്പെടുന്നതിൽ ശ്രദ്ധേയമായി എന്താണുള്ളത്?
2 അത്തരമൊരു പശ്ചാത്തലത്തിൽ ദൈവരാജ്യം സംബന്ധിച്ച സുവാർത്ത നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടുമെന്ന യേശുവിന്റെ വാക്കുകൾ ശിഷ്യന്മാരിൽ ഞെട്ടലുളവാക്കിയിരിക്കണം. (മത്താ. 24:3-14) ശ്രദ്ധേയമായ ആ പ്രവചനത്തിന്റെ ഉദ്വേഗജനകമായ നിവൃത്തി ഇന്നു നാം കണ്ടുകൊണ്ടാണിരിക്കുന്നത്. ദുരിതപൂർണമായ നാളുകളിലാണ് ജീവിക്കുന്നതെങ്കിലും സുവാർത്ത പ്രസംഗിക്കുന്നതിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്നു യഹോവയുടെ സാക്ഷികൾ. ലോകത്തിന്റെ സ്നേഹം തണുക്കുമ്പോൾ നമുക്കിടയിൽ സ്നേഹം കത്തിജ്വലിക്കുകയാണ്. “സകലജാതി”കളുടെയും വിദ്വേഷം വകവെക്കാതെ സകല ജാതികളെയും സുവാർത്ത അറിയിക്കുകയാണ് നാം.
3. ലോകവ്യാപക റിപ്പോർട്ടിൽ പ്രോത്സാഹജനകമായ എന്താണുള്ളത്?
3 കഴിഞ്ഞ സേവനവർഷത്തിലെ നമ്മുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് 3 മുതൽ 6 വരെ പേജുകളിൽ കാണിച്ചിരിക്കുന്നത്. അത് അവലോകനം ചെയ്യുന്നത് എത്ര പ്രോത്സാഹജനകമാണ്! കഴിഞ്ഞ 16 വർഷങ്ങളായി പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നാം ഓരോ വർഷവും നൂറുകോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നുണ്ട്. വിശ്വാസത്തിന്റെ എത്ര ശക്തമായ തെളിവ്! പയനിയർമാരുടെ എണ്ണത്തിൽ 5.8 ശതമാനവും പ്രസാധകരുടെ എണ്ണത്തിൽ 3.1 ശതമാനവും ബൈബിളധ്യയനങ്ങളുടെ കാര്യത്തിൽ 4.4 ശതമാനവും വർധനയുണ്ടായി. സ്നാനപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.1 ശതമാനം കൂടുതലായിരുന്നു. ഏകദേശം 70 ലക്ഷംപേർ യഹോവയെ വിശ്വസ്തമായി സേവിച്ചുകൊണ്ടിരിക്കുന്നു എന്നത് എത്ര പുളകപ്രദമാണ്! ഇത്തരമൊരു വർധന ചരിത്രത്തിൽത്തന്നെ ആദ്യമാണ്. ചാർട്ടിൽ നിങ്ങൾക്കു വിശേഷാൽ പ്രോത്സാഹജനകമായി തോന്നുന്നത് എന്താണ്?
4. സ്നാനമേൽക്കുന്നതിനായി ഒരാൾ ഏതെല്ലാം പ്രശ്നങ്ങൾ തരണംചെയ്തു?
4 ഈ സംഖ്യകളുടെ വലുപ്പം കാണുമ്പോൾ, ഒരു കൂട്ടം ആളുകളുടെ വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണത് എന്ന വസ്തുത നാം മറന്നുകളയരുത്. 1935-ൽ ജനിച്ച് ബൊളീവിയയിൽ വളർന്ന ഗീല്യെർമോയുടെ കാര്യം തന്നെയെടുക്കുക. ഒമ്പതാം വയസ്സുമുതൽ അവൻ ഒരു കോക്ക (കൊക്കെയ്ൻ എന്ന മയക്കുമരുന്ന് ഉണ്ടാക്കുന്നത് ഇതിൽനിന്നാണ്) പ്ലാന്റേഷനിൽ ജോലി ചെയ്യാൻ തുടങ്ങി. അധ്വാനം ഏറെയുള്ള ജോലി ആയിരുന്നതിനാൽ ക്ഷീണമകറ്റാൻ അവൻ കോക്ക ഇലകൾ ചവയ്ക്കുമായിരുന്നു. മുതിർന്നപ്പോൾ മദ്യപാനവും പുകവലിയും തുടങ്ങി. യഹോവയുടെ ഇഷ്ടം എന്തെന്നറിഞ്ഞപ്പോൾ ഗീല്യെർമോ സിഗരറ്റിനോടും മദ്യത്തോടും വിടപറഞ്ഞു. പക്ഷേ കുട്ടിക്കാലത്തു തുടങ്ങിയ, കോക്ക ഇലകൾ ചവയ്ക്കുന്ന ശീലം ഉപേക്ഷിക്കുന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. നിരന്തരമായ പ്രാർഥനയാണ് ഈ ദുശ്ശീലം ഉപേക്ഷിക്കാൻ ഗീല്യെർമോയെ സഹായിച്ചത്. ഒടുവിൽ, അദ്ദേഹം സ്നാനമേറ്റു. “ഇപ്പോൾ നിർമലവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാൻ എനിക്കു കഴിയുന്നുണ്ട്,” അദ്ദേഹം പറയുന്നു.
5. എന്താണ് നിങ്ങളുടെ ആഗ്രഹം?
5 മനുഷ്യരുടെ ക്ഷേമത്തിൽ തത്പരനാണ് യഹോവ. എല്ലാവരും മാനസാന്തരപ്പെടണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. (2 പത്രൊ. 3:9) നമ്മുടെ ആഗ്രഹവും അതാണ്. നമ്മെപ്പോലെതന്നെ യഹോവയെ അറിയാനും അവനെ സ്നേഹിക്കാനും ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കുന്നതിനായി നമ്മളാലാവുന്നതു ചെയ്യാൻ നമുക്കു ശ്രമിക്കാം.