പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—അധ്യയനത്തിനു തയ്യാറാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുക
1 പഠനഭാഗം നേരത്തേ വായിച്ചുവെക്കുകയും ഉത്തരങ്ങൾ അടയാളപ്പെടുത്തുകയും സ്വന്തം വാചകത്തിൽ അവ എങ്ങനെ പറയാമെന്ന് മുൻകൂട്ടി ചിന്തിക്കുകയും ചെയ്യുന്ന ഒരു വിദ്യാർഥി സാധാരണഗതിയിൽ പെട്ടെന്നുതന്നെ ആത്മീയ പുരോഗതി പ്രാപിക്കാറുണ്ട്. അതുകൊണ്ട് അധ്യയനം മുന്നോട്ടുപോകാമെന്ന് ഉറപ്പാകുന്ന സാഹചര്യത്തിൽ, പഠനഭാഗം എങ്ങനെ തയ്യാറാകാമെന്ന് വിദ്യാർഥിക്ക് കാണിച്ചുകൊടുക്കാം. പല വിദ്യാർഥികളുടെയും കാര്യത്തിൽ, ഒരുമിച്ചിരുന്ന് ഒരു അധ്യായം മുഴുവൻ തയ്യാറാകുന്നത് ഗുണകരമായിരിക്കും.
2 ഉത്തരത്തിന് അടിവരയിടുക, കുറിപ്പുകൾ എഴുതുക: പുസ്തകത്തിൽ കാണുന്ന ചോദ്യങ്ങൾക്ക് നേരിട്ടുള്ള ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് കാണിച്ചുകൊടുക്കുക. നിങ്ങളുടെ സ്വന്തം കോപ്പിയിൽ നിങ്ങൾ എങ്ങനെയാണ് പ്രസക്തമായ വാക്കുകൾ അല്ലെങ്കിൽ വാചകങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നു കാണിക്കുക. ഉത്തരങ്ങൾ പിന്നീട് ഓർത്തെടുക്കാൻ സാധിക്കുമാറ് പ്രസക്തമായ വാക്കുകളോ വാചകങ്ങളോ സ്വന്തം പുസ്തകത്തിൽ അടയാളപ്പെടുത്താൻ വിദ്യാർഥിക്ക് അതൊരു പ്രോത്സാഹനമാകും. (ലൂക്കോ. 6:40) ഉത്തരങ്ങൾ സ്വന്തവാക്കുകളിൽ പറയാൻ വിദ്യാർഥിയോട് ആവശ്യപ്പെടുക. പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് എത്രത്തോളം മനസ്സിലാകുന്നുണ്ടെന്നു കാണാൻ അതു നിങ്ങളെ സഹായിക്കും.
3 പരാമർശിക്കുകമാത്രം ചെയ്തിരിക്കുന്ന തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നത് തയ്യാറാകലിന്റെ ഭാഗമാണ്. (പ്രവൃ. 17:11) ആ ഓരോ തിരുവെഴുത്തും ഖണ്ഡികയിലെ ഏതെങ്കിലും ഒരു ആശയത്തെ പിന്താങ്ങുന്നുണ്ടെന്ന് വിദ്യാർഥിക്ക് പറഞ്ഞുകൊടുക്കുക. പുസ്തകത്തിന്റെ മാർജിനിൽ ഹ്രസ്വമായ കുറിപ്പുകൾ എഴുതേണ്ട വിധവും കാണിച്ചുകൊടുക്കുക. അധ്യയനത്തിന്റെ അടിസ്ഥാനം ബൈബിളാണെന്ന വസ്തുത എപ്പോഴും ഊന്നിപ്പറയണം. അധ്യയനസമയത്ത് അഭിപ്രായങ്ങൾ പറയുമ്പോൾ ആ തിരുവെഴുത്തുകളിലെ ആശയങ്ങൾ ഉൾപ്പെടുത്താൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക.
4 അവലോകനം, പുനരവലോകനം: വിദ്യാർഥി, പാഠഭാഗം വിശദമായി തയ്യാറാകുന്നതിനുമുമ്പ് വിഷയത്തെക്കുറിച്ച് ഒരു ആകമാന വീക്ഷണം നേടുന്നത് നന്നായിരിക്കും. ഇതിനായി അദ്ദേഹത്തിന് അധ്യായത്തിന്റെ ശീർഷകവും ഉപശീർഷകങ്ങളും അതിലെ ചിത്രങ്ങളും ഹ്രസ്വമായി അവലോകനം ചെയ്യാനാകുമെന്ന് പറഞ്ഞുകൊടുക്കുക. അതുപോലെ, പാഠഭാഗം നന്നായി തയ്യാറായശേഷം അൽപ്പസമയമെടുത്ത് അതിലെ പ്രധാന ആശയങ്ങൾ—പുനരവലോകന ചോദ്യങ്ങൾ ഉണ്ടെങ്കിൽ അത്—പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇതെല്ലാം വിവരങ്ങൾ വിദ്യാർഥിയുടെ മനസ്സിൽ പതിയാൻ ഇടയാക്കും.
5 അധ്യയനത്തിനായി നല്ലവണ്ണം തയ്യാറാകാൻ വിദ്യാർഥിയെ പരിശീലിപ്പിക്കുമ്പോൾ സഭായോഗങ്ങളിലും നന്നായി പങ്കുപറ്റാൻ അദ്ദേഹത്തിനു സാധിക്കും. നല്ല പഠനശീലം വളർത്തിയെടുക്കാനും അത് വിദ്യാർഥിയെ സഹായിക്കും. അതാകട്ടെ, അദ്ദേഹത്തിന് എക്കാലവും പ്രയോജനം ചെയ്യും.